കൊടകര : പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂര്‍ പാടത്ത് വെള്ളരികൃഷിയില്‍ പൊന്നുവിളയിച്ചു കൊണ്ട് വിജയഗാഥയൊരുക്കുകയാണ് പന്തല്ലൂരിലെ ഒരു പറ്റം കര്‍ഷകര്‍. 20 ഏക്കര്‍ വരുന്ന സ്ഥലത്ത്പന്തല്ലൂരിലെ 60 ഓളം കര്‍ഷകരുടെ കൂട്ടായ്മയാണ് വെള്ളരി, പയര്‍, മത്ത, ചീര എന്നിവ കൃഷി ചെയ്യുന്നത്. ദിവസേന 15ടണ്ണോളം വെള്ളരി ഇവിടെ നിന്നും തൃശൂര്‍ മാര്‍ക്കറ്റിലേക്ക് പോകുന്നതായി കര്‍ഷകര്‍ പറയുന്നു.
മുന്‍ കൊല്ലങ്ങളെ അപേക്ഷിച്ച് വെള്ളരിക്ക് വില കുറവായത് ഇപ്പോള്‍ കര്‍ഷകരെ വേദനിപ്പിക്കുന്നുണ്ട് .വിഷു വിപണി മുന്നില്‍ക്കണ്ടാണ് പ്രധാനമായും വെള്ളരി കൃഷി നടത്തുന്നത്. വേനല്‍ മഴ കനത്താല്‍ കൃഷി നശിക്കാന്‍ സാധ്യതയുണ്ട്. വിഷുദിവസം വരെ പ്രകൃതി ചതിക്കാതിരുന്നാല്‍ വെള്ളരിക്ക് വില ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് എല്ലാവര്‍ഷവും പച്ചക്കറി കൃഷിക്ക് പദ്ധതി വിഹിതം വക്കാറുണ്ട്.
എന്നാല്‍ സര്‍ക്കാരില്‍ നിന്നും ഈ വര്‍ഷം പച്ചക്കറി ക്ലസ്റ്റര്‍ അനുവദിച്ചതിനാല്‍ പഞ്ചായത്ത് വിഹിതം വച്ചില്ല. ഗ്രാമപഞ്ചായത്തും പറപ്പൂക്കര കൃഷി ഭവനും, ഇരിങ്ങാലക്കുട ആത്മയും കൃഷിക്ക് ആവശ്യമായ സഹായം നല്‍കിയതായി കര്‍ഷകര്‍ പറഞ്ഞു.. പന്തല്ലൂര്‍ പാടത്തെ കര്‍ഷകരുടെയും കുടുംബശ്രീ ജെ.എല്‍.ജി ഗ്രൂപ്പിന്റേയും കൂട്ടായ്മയുടെ ഫലമാണ് ഈ പദ്ധതിയുടെ വിജയത്തിന് കാരണമെന്ന് ഗ്രാമപഞ്ചായത്ത് അംഗം എകെ. പ്രഭാകരനും സെക്രട്ടറി കെ.കെ. രാജനും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: