കോട്ടയം: സ്പീക്കര്‍ ജി. കാര്‍ത്തികേയനോടുള്ള ആദരസൂചകമായി കഴിഞ്ഞ ദിവസം നിര്‍ത്തിവച്ച എംജി സര്‍വ്വകലാശാല യുവജനോത്സവം പുനരാരംഭിച്ചു. ഇന്നലെ വൈകുന്നേരം 6ന് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന മത്സരങ്ങള്‍ തുടങ്ങുന്നത് സംബന്ധിച്ച് സംഘാടകര്‍ക്കിടയിലും മത്സരാര്‍ത്ഥികള്‍ക്കിടയിലും തികഞ്ഞ അനിശ്ചിതത്വമായിരുന്നു. മത്സരം എപ്പോള്‍ തുടങ്ങുമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്കുവാന് സംഘാടകര്‍ക്കായില്ല. രാത്രി 9 മണിയോടുകൂടിയാണ് പ്രധാന വേദിയായ തിരുനക്കര മൈതാനിയില്‍ മാര്‍ഗ്ഗംകളി ആരംഭിച്ചത്.
മാര്‍ഗ്ഗംകളി ആരംഭിക്കുന്നതിനായി ഉച്ചഭാഷിണിയിലൂടെ നടത്തിയ അറിയിപ്പ് വിവാദമാകുകയും ചെയ്തു. മത്സരത്തില്‍ പങ്കെടുക്കുവാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ടീമുകള്‍ക്കെല്ലാം ചെസ്സ് നമ്പര്‍ നല്‍കിയിരുന്നെങ്കിലും മാര്‍ഗ്ഗംകളിയില്‍ പങ്കെടുക്കുന്ന രണ്ട് ടീമുകളുടെ കോളേജിന്റെ പേര് അനൗണ്‍സ് ചെയ്തത് യുവജനോത്സവത്തില്‍#െ മത്സരങ്ങളുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പറയപ്പെടുന്നു.
സര്‍വ്വകലാശാല യുവജനോത്സവം യൂണിവേഴ്സിറ്റി യൂണിയന് വളരെ നിരുത്തരവാദിത്വപരമായാണ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ദിവസം ആരംഭിച്ച അനശ്ചിതാവസ്ഥയും താളപ്പിഴയും അവിചാരിതമായി വീണുകിട്ടിയ ഇടവേളയില്‍ പോലും പരിഹരിക്കാന്‍ ശ്രമമുണ്ടായില്ല. രജിസ്ട്രേഷന് സംബന്ധിച്ച് കോളേജുകള്‍ക്ക് നല്കിയ നിര്‍ദ്ദേശങ്ങളുടെ അശാസ്ത്രീയതയും സംഘാടകരുടെ ധാര്‍ഷ്ട്യവുമാണ് യുവജനോത്സവത്തിന്റെ പകിട്ടിനെ മങ്ങലേല്‍പ്പിച്ചത്. തിരുനക്കരയിലെ പഴയ പോലീസ് സ്റ്റേഷന് മൈതാനിയില്‍ സ്വാഗതസംഘം ഓഫീസ് എന്ന പേരില്‍ ഒരു ഷെഡും വലിയൊരു ആര്ച്ചുമുണ്ടെങ്കിലും അവിടെ ഒരു സ്വാഗതസംഘ ഭാരവാഹിയെപോലും കാണ്മാനുണ്ടായിരുന്നില്ല. യൂണിവേഴ്സിറ്റി യൂണിയന്റെ ചിലവില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ പരിപാടി നടത്തുവാനാണ് സ്വാഗതസംഘം ഓഫീസ് ഉപയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: