ആലപ്പുഴ: പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ അസഭ്യം പറയുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ കോടതി ഉത്തരവ്. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയാപ്രസന്നനെ അപമാനിച്ച കേസിലാണ് സിപിഎം നേതാവും മുന്‍ പഞ്ചായത്ത പ്രസിഡന്റുമായ എം. ത്യാഗരാജന് പതിനൊന്നിന് പുന്നപ്ര സ്റ്റേഷനില്‍ കീഴടങ്ങാന്‍ ആലപ്പുഴ ജില്ലാ സെഷന് കോടതി ഉത്തരവിട്ടത്. ത്യാഗരാജനെ ചോദ്യം ചെയ്ത് മറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇതേ ദിവസം തന്നെ കോടതിയില്‍ ഹാജരാക്കണമെന്ന് സെഷന് കോടതി പുന്നപ്ര പോലീസിന് നിര്‍ദ്ദേശം നല്കി. തന്നെ അസഭ്യം പറയുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു എന്ന് ആരോപിച്ച് ജയാപ്രസന്നന്‍ പുന്നപ്ര പോലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് ത്യാഗരാജനെതിരെ കേസെടുത്തത്. ഈ സാഹചര്യത്തിലാണ് ആലപ്പുഴ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരി പതിനൊന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സിപിഎം അമ്പലപ്പുഴ ഏരിയ കമ്മറ്റിയംഗമായ ത്യാഗരാജന് പാര്‍ട്ടിയിലെ വിഭാഗീയതയെ തുടര്‍ന്നാണ് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: