ആലപ്പുഴ: ഹൗസിങ് ബോര്‍ഡിന്റെ ഗൃഹശ്രീ ഭവന പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന വീടു കളുടെ തറവിസ്തീര്‍ണം മുമ്പ് നിശ്ചയിച്ച പരമാവധി 60 ചതുരശ്ര മീറ്ററില്‍ നിന്ന് 10 ശതമാനം വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് ചെയര്മാന് അറയ്ക്കല്‍ ബാലകൃഷ്ണപിള്ള അറിയിച്ചു.
സ്വന്തമായി രണ്ടോ മൂന്നോ സെന്റ് ഭൂമിയെങ്കിലും കൈവശമുള്ള ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ബിപിഎല്‍/ദുര്‍ബല/താഴ്ന്ന വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീട് നിര്‍മ്മാണം നടത്തുന്നതിന് സര്‍ക്കാര്‍ സഹായം നല്കുന്ന പദ്ധതിയാണ് ഗൃഹശ്രീ ഭവനപദ്ധതി. 60 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള വീടുകള്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ സബ്സിഡിയായി രണ്ടു ലക്ഷം രൂപ നല്കുന്നു. സ്പോണ്‍സര്‍ഷിപ്പ് വിഹിതമായി ഒരു ലക്ഷം രൂപയും ഗുണഭോക്തൃ വിഹിതമായ ഒരു ലക്ഷം രൂപയും ബോര്‍ഡില്‍ അടയ്ക്കണം. നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഈ നാല് ലക്ഷം രൂപ ഗഡുക്കളായി ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നു.
പരിശോധനയില്‍ 60 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ തറവിസ്തൃതിയില്‍ വീടു നിര്‍മ്മിക്കുന്നവര്‍ക്ക് ഗഡുക്കള്‍ നല്കാന് കഴിഞ്ഞിരുന്നില്ല. ഈ പദ്ധതി പ്രകാരം ഇതിനോടകം ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയവര്‍ക്കും 10 ശതമാനം വരെയുള്ള വിസ്തൃവര്ധയാണുള്ളതെങ്കില് ഗഡുക്കള്‍ പൂര്‍ണമായും ലഭ്യമാക്കുമെന്ന് ചെയര്മാന് അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ജില്ലാതല ഡിവിഷന് ഓഫീസുകളില്‍ നിന്ന് അറിയാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: