കൊച്ചി: കുമ്പളം സ്വദേശിയുടെ ഗണിതശാസ്ത്ര ഗവേഷണങ്ങള്‍ക്ക് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ആദരം. ഗണിതശാസ്ത്രത്തിന്റെ സഹായത്തോടെ കാന്‍സര്‍ കണ്ടെത്താനും ചികില്‍സ എളുപ്പമാക്കാനും ഉതകുന്ന, ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ സ്വര്‍ണ മെഡലിന് അര്‍ഹമായ, ഗവേഷണ ഫലങ്ങള്‍ ഡോ. ജിബിന്‍ ജോര്‍ജ് പൗവ്വത്തില്‍ നാളെ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പൊതുസഭയില്‍ അവതരിപ്പിക്കും. യുകെയിലെ സ്വാന്‍സീ സര്‍വകലാശാലയിലെ സീനിയര്‍ ലക്ചററായ ജിബിന്‍ മാത്തമാറ്റിക്കല്‍ ഓങ്കോളജിയില്‍ നടത്തിയ ഗവേഷണങ്ങളാണ് ബഹുമതിക്ക് അര്‍ഹനാക്കിയത്.
എംപിമാര്‍ക്കൊപ്പം ബ്രിട്ടനിലെ വിവിധ മേഖലകളിലെ വിദഗ്ധരും പരിപാടിയില്‍ പങ്കെടുക്കും. മാനവരാശിയെ കാര്‍ന്നു തിന്നുന്ന കാന്‍സറിനെ മെരുക്കാന്‍ ഉതകുന്ന തന്റെ ഗവേഷണ ഫലങ്ങള്‍ അവതരിപ്പിക്കാന്‍ കിട്ടിയ ഏറ്റവും മികച്ച വേദിയാണിതെന്ന് ഡോ. ജിബിന്‍ പറഞ്ഞു.
കാന്‍സര്‍ നയം രൂപപ്പെടുത്താനും ഗവണ്മെന്റുകള്ക്ക് അതനുസരിച്ച് ഫണ്ട് വകയിരുത്താനും ഇതുമൂലമായേക്കുമെന്നും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് ഗവേഷകരില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ജിബിന്‍ മൂവായിരം പൗണ്ടിന്റെ സ്വര്‍ണ മെഡലിനാണ് അര്‍ഹമായത്.
എറണാകുളം കുമ്പളം പൗവ്വത്തില്‍ റിട്ട. അധ്യാപകരായ പി. ടി. ജോര്‍ജിന്റെയും മേരിയുടെയും മകനാണ്. സ്വാന് യൂണിവേഴ്സിറ്റി ജീവനക്കാരി ടീനയാണ് ഭാര്യ. മകന്: ഡാനിയേല്‍ ജോര്‍ജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: