കോട്ടയം: കോട്ടയം അങ്ങാടിയില്‍ കുരുവികള്‍ക്ക് കൂടൊരുങ്ങി. അങ്ങാടിയില്‍ പാറിപ്പറന്നു നടക്കുന്ന കുരുവികള്‍ക്ക് ഇനി മനോഹരമായ കൂടുകളിലേക്ക് മടങ്ങാം. മിഷന് 676 പദ്ധതി പ്രകാരമാണ് അങ്ങാടിക്കുരുവിക്ക് കൂടൊരുങ്ങിയത്. അരിമണി കൊത്തി കൂടുകളിലേക്ക് അങ്ങാടിക്കുരുവികള്‍ ചേക്കേറുന്നത് കോട്ടയത്തുകാര്‍ക്ക് സ്വന്തം കാഴ്ചയായി മാറും. കേരള സര്‍ക്കാര്‍ വനം-വന്യജീവി വകുപ്പ് ഒരുക്കിയ ‘കുരുവിക്കൊരു കൂട്’ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വ്വഹിച്ചു.
അങ്ങാടിക്കുരുവികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവരെ സംരക്ഷിക്കുന്നത് വിലപ്പെട്ട കാര്യമാണ്. കുരുവികളുടെ ആരവംകേട്ട് കോട്ടയം മാര്‍ക്കറ്റ് ഉണരാന്‍ അവസരമുണ്ടാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ഇതിനായി പങ്കാളികളാകുന്ന എല്ലാ പ്രകൃതി സ്നേഹികളെയും അദ്ദേഹം അനുമോദിച്ചു.
ജോസ് കെ. മാണി എം.പി. അധ്യക്ഷത വഹിച്ചു. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ, കേരള വനം-വന്യജീവി വകുപ്പ് മേധാവി ഡോ. ബി.എസ്. കോറി, മുനിസിപ്പല്‍ ചെയര്മാന് കെ.ആര്.ജി. വാര്യര്‍, മുന്‍ എം.എല്‍.എ തോമസ് ചാഴിക്കാടന്, ദക്ഷിണ മേഖല അഡീഷണല്‍ പി.സി.സി.എഫ് ജുപ്ടി പ്രസാദ്, മുനിസിപ്പല്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എന്‍.എസ്. ഹരിശ്ചന്ദ്രന്, കൗണ്‍സിലര്‍മാരായ വി.കെ. അനില്‍കുമാര്‍, അനീഷ് തങ്കപ്പന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: