പറവൂര്‍: ഗ്യാസ്സിലിണ്ടറില്നിന്ന് വാതകം ചോര്‍ന്നതിനെത്തുടര്‍ന്ന് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായും കത്തിനശിച്ചു. പറവൂര്‍ കോട്ടുവള്ളിക്കാട് തൈക്കൂടത്തില്‍ ഭാസി (52)യുടെ വീടാണ് കത്തിനശിച്ചത്. രാവിലെ 10 മണിക്കാണ് സംഭവം.
ഈ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ലോട്ടറി വില്‍പ്പനക്കാരനായ ഭാസി പുറത്തുപോയിരിക്കുകയായിരുന്നു. ഭാര്യ മഹിള വീട്ടുജോലിക്കായി മറെറാരു വീട്ടിലും പോയ സമയത്താണ് പൊട്ടിത്തെറിയുണ്ടായത്. മേല്‍ക്കൂര ഓടുമേഞ്ഞതും വീടിന്റെ ഒരു ഭിത്തി ഇഷ്ടികകൊണ്ടും ബാക്കിഭാഗം പലകകൊണ്ട് മറച്ചതുമാണ്. തീപടര്‍ന്നതിനെത്തുടര്‍ന്ന് വീട് മുഴുവനായും കത്തിനശിച്ചു.
അയല്പക്കത്തുനിന്നും ആളുകള്‍ ഓടിയെത്തി വെള്ളം കോരിയൊഴിച്ചാണ് തീകെടുത്തിയത്. പറവൂരില്‍നിന്ന് ഫയര്‍ഫോഴ്സും എത്തിയിരുന്നു. അലമാരിയില്‍ സൂക്ഷിച്ചിരുന്ന വിലപ്പെട്ട രേഖകള്‍, പണം, വസ്ത്രങ്ങള്‍, പത്താംക്ലാസില്‍ പഠിക്കുന്ന മകന്റെ ഹാള്‍ടിക്കറ്റ് ഇവയെല്ലാം കത്തിനശിച്ചു. മത്സ്യത്തൊഴിലാളിയായ ഭാസി തൊഴിലെടുക്കാന്‍ പറ്റാതായതിനെത്തുടര്‍ന്നാണ് ലോട്ടറി വില്‍പ്പനക്കിറങ്ങിയത്. മൂത്തമകന് ഫാമേഷ് പത്താംക്ലാസിലും ഇളയമകന് സോമേഷ് എട്ടാംക്ലാസിലുമാണ് പഠിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: