ഒടുവില്‍ ആ സ്വപ്നം സഫലമായി. കാലങ്ങളായി പോസ്റ്റ്മാന് നിത്യേന കത്തുമായി വീട്ടില്‍ വരുന്നു. എല്ലാ കത്തുകളിലും സ്വന്തം കൈയക്ഷരത്തിലെഴുതിയ മേല്‍വിലാസം താങ്കളുടെ സൃഷ്ടി മഹത്തരമാണ്, പക്ഷെ വാരികയിലെ സ്ഥലപരിമിതി മൂലം മടക്കി അയയ്ക്കുന്നു. സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ പവിഴം പോലെ ശോഭിയ്ക്കുന്ന പത്രാധിപരുടെ വാക്കുകള്‍. കാലം ചെന്നപ്പോള്‍ അതൊരു .സുഖനൊമ്പരമായി അയാള്‍ക്ക് തോന്നി.
വാരികയുടെ പേജുകളിലൊന്നില്‍ ഒരു നുറുങ്ങുകഥ. പതിറ്റാണ്ടുകള്‍ നീണ്ട സാഹിത്യസപര്യയുടെ സാഫല്യം. ഒപ്പം ആനച്ചന്തമുള്ള അയാളുടെ പേര്. ആ ലക്കം വാരികയുടെ ഏറ്റവുമധികം കോപ്പികള്‍ വാങ്ങിയത് അയാളായിരുന്നു. പരിചയം തോന്നിയവര്‍ക്കും, വഴിയില്ക്കണ്ടവര്ക്കുമെല്ലാം സൗജന്യമായി ഓരോ പ്രതി സമ്മാനിച്ചു. കഥയുടെ പിറവിയെക്കുറിച്ചയാള് വാചാലനായി. ‘ഒരു കഥയെഴുതി നല്‍കണമെന്നാവശ്യപ്പെട്ട് കുറേ നാളുകളായി അവര്‍ സ്ഥിരമായി വിളിയ്ക്കുന്നു. ഒടുവില്‍ സഹികെട്ടാണ് ഞാന്‍ എഴുതി നല്‍കിയത്. പത്രാധിപര്‍ ഇന്നലെ രാത്രിയും വിളിച്ചിരുന്നു. എനിയ്ക്കിതിനൊക്കെ എവിടെ സമയം കിട്ടാന്‍ ! കഞ്ഞി പിഴിഞ്ഞ്, തേച്ച ജുബ്ബയിലും കട്ടിക്കണ്ണാടിയിലും കൂടി ഒരു വിശ്വസാഹിത്യകാരനെ തന്നിലേയ്ക്കാവാഹിയ്ക്കാന് അയാള്‍ ശ്രമിക്കുകയായിരുന്നു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ വാരികയും കൈയിലേന്തി, അയാള്‍ നടന്നു. സ്ഥലത്തെ പ്രധാന കച്ചവട കേന്ദ്രങ്ങളിലൂടെ … പട്ടണത്തിലെ പ്രധാന തെരുവുകളിലൂടെ…. ജനക്കൂട്ടത്തിനിടയിലൂടെ … അപരിചിതരോടു പോലും ചിരിച്ചും, കാണുന്നവരെയെല്ലാം അഭിവാദ്യം ചെയ്തും അയാളങ്ങനെ നടന്നു …
അന്നും പതിവുപോലെ കുളിച്ചൊരുങ്ങി അയാള്‍ പട്ടണത്തിലെത്തി. നല്ല വെയില് …. താനിന്ന് ലോകമറിയുന്നൊരു സാഹിത്യകാരനാണ്. സാഹിത്യകാരന് വെയില്‍കൊണ്ട് നടക്കുകയോ …. ചിന്തിയ്ക്കുവാന്‍ പോലുമാകാത്ത കാര്യം. രാജവീഥിയ്ക്കഭിമുഖമായി അയാള്‍ അവിടെയിരുന്നു. തെരുവുകളുടെ സംഗമസ്ഥാനം … കാറ്റിന്റെ മൃദുസ്പര്‍ശം…കാല്‍നടക്കാരും വാഹനയാത്രികരുമെല്ലാം തന്നെ അഭിവാദ്യം ചെയ്യുന്നു. താനിപ്പോള്‍ ശരിയ്ക്കുമൊരു മഹാത്മാവായിരിയ്ക്കുന്നു. എല്ലാവരും തന്നെ തിരിച്ചറിയുന്നു. കൈകൂപ്പി വണങ്ങുന്നവര്‍, ഒരു കൈ നെഞ്ചോട് ചേര്‍ത്ത് ആദരം പ്രകടിപ്പിയ്ക്കുന്നവര്‍…തല കുനിച്ച് വിനയത്തോടെ തൊഴുത് പോകുന്നവര്‍ ….. ആരെയും നിരാശരാക്കാതെ ചിരിച്ചും, തലകുലുക്കിയും, കൈകളുയര്‍ത്തി പ്രത്യഭിവാദ്യം ചെയ്തും അയാള്‍ ഗമയിലങ്ങനെ ഇരുന്നു.
എഴുന്നേറ്റ് പോടാ ഭ്രാന്താ… നടയില്ക്കേറിയിരുന്നാ അവന്റെയൊരു വേഷംകെട്ട്… പിന്നിലെ ഗംഭീരമായ അലര്‍ച്ച അയാളെ ഞെട്ടിച്ചു. ക്ഷേത്രകാവല്ക്കാരന്റെ കൈക്കരുത്തില്‍ ഗോപുരവാതിലിലെ മണികള്‍ അപ്പോള്‍ ആരെയോ കൂക്കി വിളിച്ചതുപോലെ ചിണുങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: