മുഹമ്മ: വേമ്പനാട്ടു കായലില്‍ മത്സ്യ ലഭ്യത കുറയുന്നതായുള്ള വിദ്യാര്‍ത്ഥികളുടെ കണ്ടെത്തലിനും പ്രോജക്ട് അവതരണത്തിനും സ്റ്റുഡന്റ് വെറ്റിലാന്റ് കോണ്‍ഗ്രസില്‍ അംഗീകാരം. എ ട്രീ സംഘടിപ്പിച്ച മത്സരത്തില്‍ മുഹമ്മ എബി വിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ യുപി വിഭാഗം കുട്ടികള്‍ തയ്യാറാക്കിയ പ്രോജക്ടിനാണ് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം. ജൈവവൈവിദ്ധ്യ ബോര്‍ഡ് സംഘടിപ്പിച്ച സംസ്ഥാന മത്സരത്തില്‍ ഈ പ്രോജക്ടിന് മൂന്നാം സ്ഥാനവും ലഭിച്ചു.
ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ ധീരജ് സി. ബിജു, റിനു ചന്ദ്രന്, സോന കുഞ്ഞുമോന്, സന്ധ്യാ റാണി, ആവണി ബൈജു, അശ്വതി പ്രകാശന് എന്നിവരാണ് പഠനം നടത്തിയത്. ജിന്‍സി, മഞ്ചു എന്നീ അധ്യാപികമാരുടെ സഹായവും കുട്ടികള്‍ക്ക് ലഭിച്ചു. വേമ്പനാട്ടു കായലിലെ ഇരുപത്തിയെട്ടിനം മത്സ്യങ്ങളില്‍ കാളാഞ്ചി, ആറ്റുപൂളാന്, പൂളാന്‍, മാനത്ത് കണ്ണി, ചില്ലാന്‍കൂരി എന്നിവ വംശനാശ ഭീഷണി നേരുന്നതായി കണ്ടെത്തി. കായല്‍ കൈയേറ്റവും മലിനീകരണവും മത്സ്യ സമ്പത്ത് കുറയുന്നതിന് കാരണമായും കുട്ടികള്‍ ചൂണ്ടിക്കാണിച്ചു. യന്ത്രം ഉപയോഗിച്ചുള്ള കക്കാവാരലും ജലത്തിലെ രാസവസ്തുക്കളും മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയെ താറുമാറാക്കി. കോളീഫോം ബാക്ടീരിയയുടെ അളവ് കൂടിയത് ഓക്സിജന്റെ ലഭ്യത കുറയ്ക്കാന്‍ ഇടയാക്കി.
ഇരുപത്തിയൊന്ന് ദിവസം പഠനം നടത്തിയാണ് കുട്ടികള്‍ പ്രോജക്ട് തയ്യാറാക്കിയത്. സര്‍വ്വേ, പരിസ്ഥിതി പ്രവര്ത്തകന് കെ.വി ദയാലുമായുള്ള അഭിമുഖം, മത്സ്യ തൊഴിലാളികളില്‍ നിന്നുള്ള വിവര ശേഖരണം, പരീക്ഷണം, പുസ്തകങ്ങളുടെ റഫറന്‍സ് എന്നിവയും നടത്തി. ചില വലകളുടെ ഉപയോഗം മത്സ്യങ്ങള്ക്കുണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ച് മത്സ്യ തൊഴിലാളികള്‍ക്ക് ബോധവത്കരണം നടത്തണമെന്നും കുട്ടികള്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: