മാവേലിക്കര: ആരോഗ്യവകുപ്പ് ജീവനക്കാരോട് ഡിഎംഒ തുടരുന്ന പ്രതികാരമനോഭാവത്തില്‍ പ്രതിഷേധിച്ച് മാര്‍ച്ച് ആറിന് നടന്ന ജില്ലാതല അവലോകന യോഗം ബഹിഷ്കരിച്ചു. ഡിഎംഒ നടത്തിയ പരിശോധനകളില്‍ ഗുരുതരമായ കുറ്റങ്ങള്‍ കണ്ടുപിടിക്കുകയോ വകുപ്പ് തല നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
ഡിഎംഒ സാധാരണ ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുകയും ആരോഗ്യവകുപ്പ് ജീവനക്കാരെ ജനങ്ങളുടെ ശത്രുക്കള്‍ ആക്കുവാനും ശ്രമിക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കുന്ന ജീവനക്കാരെ വ്യക്തിപരമായി തന്റെ അധികാരം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഡിഎംഒയുടെ ആശുപത്രി പരിശോധനകള്‍ക്ക് കെജിഎംഒഎ എതിരല്ല. പക്ഷേ പരിശോധനയുടെ പേരില്‍ ജീവനക്കാരോട് വ്യക്തിവൈരാഗ്യം തീര്‍ക്കുകയും ജീവനക്കാരെ വ്യക്തിഹത്യ നടത്തുകയും ചെയ്യുന്ന ഡിഎംഒയുടെ നിലപാടിനോടാണ് ഡോക്ടര്‍മാര്‍ക്ക് പ്രതിഷേധം. ഇത്തരം നടപടികള്‍ക്കെതിരെ കെജിഎംഒഎ നേതാക്കള്‍ ഡിഎംഒയെ പലതവണ പ്രതിഷേധം അറിയിച്ചതാണ്.
പരിശോധന നടത്തിയ സ്ഥാപനങ്ങളില്‍ വീണ്ടും പരിശോധനകള്‍ നടത്തുകയാണ്. ഇതില്‍ പ്രതിഷേധിച്ച് ജില്ലയിലെ മുഴുവന്‍ ഡോക്ടര്‍മാരും പ്രതിമാസ ജില്ലാതല അവലോകന യോഗം ബഹിഷ്കരിച്ചു. അവലോകന യോഗം ബഹിഷ്കരിക്കുന്ന ഡോക്ടര്‍മാര്‍ അതത് ആശുപത്രികളില്‍ സേവനം ചെയ്യുമെന്നും കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ. അനില്‍ദത്ത്, ഡോ. ഹരിപ്രസാദ്, ഡോ. സാബുസുഗതന്‍, എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: