കൊട്ടിയം: ചാത്തന്നൂര്‍, കൊട്ടിയം മേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. നടപടി എടുക്കാതെ പഞ്ചായത്ത് മുന്‍സിപ്പല്‍ അധികാരികള്‍. മിക്കവാറും തോടുകളും നീര്‍ത്തടങ്ങളും ചെറിയ കുളങ്ങളും വറ്റിവരണ്ടു. ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും വന്‍വില നല്കി വെള്ളം വാങ്ങി ഉപയോഗിക്കുകയാണ്. പണം നല്കിയാലും വെള്ളം ലഭിക്കാത്ത സാഹചര്യമാണ് സംജാതമായിട്ടുള്ളതെന്ന് ജനങ്ങള്‍ പറയുന്നു. രൂക്ഷമായ കുടിവെള്ളക്ഷാമത്തെ തുടര്‍ന്ന് കന്നുകാലികളെ വളര്‍ത്തി ഉപജീവനം നടത്തുന്ന കര്‍ഷകരും കടുത്ത ആശങ്കയിലാണ്.
ഇത്തിക്കരയാറിന്റെ തീരപ്രദേശത്ത് താമസിക്കുന്നവരും വെള്ളക്ഷാമത്തിന്റെ പിടിയിലാണ്. ഇത്തിക്കര ആറിലെ അനിയന്ത്രിതമായ മണല്‍വാരലിനെത്തുടര്‍ന്ന് ആറിന്റെ താഴ്ച കൂടിയതാണ് പ്രധാന കാരണം.മയ്യനാട് പഞ്ചായത്തിന്റെ തീരപ്രദേശങ്ങളിലും കൊട്ടിയത്തും സമീപ്രദേശങ്ങളായ പറക്കുളം, ഉമയനല്ലൂര്‍, കല്ലുകുഴി എന്നിവിടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. കടുത്ത വേനലിനെ തുടര്‍ന്ന് കിണറുകളിലെ ജലനിരപ്പ് വളരെയധികം താഴുകയും പൂര്‍ണമായി വറ്റിവരളുകയും ചെയ്തിട്ടുണ്ട്. ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ കിണറുകള്‍ എല്ലാം വറ്റിവരണ്ടു.
മൈലക്കാട് ഭാഗത്തും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. ചാത്തന്നൂര്‍ തോട് വറ്റിവരണ്ടത് മൂലം ആയിരക്കണക്കിന് ജനങ്ങളാണ് വെട്ടിലായത്. വരിഞ്ഞം ഏലാ തോടും കോഷ്ണകാവ് ഏലാ തോടും വരികുളം ഏലാ തോടും വറ്റിവരണ്ടു. ഇവിടങ്ങളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപെടുന്നത്. ചാത്തന്നൂര്‍ കോയിപ്പാട് രാജീവ്ഗാന്ധി കോളനിയിലും സ്ഥിതി വ്യത്യസ്തമല്ല. കിണറുകളില്‍നിന്നു വെള്ളമെത്തിക്കാനുള്ള അധികൃതരുടെ ശ്രമം പാഴായതാണ് കോളനിയിലെ ശുദ്ധജലക്ഷാമത്തിനു പ്രധാന കാരണം. കാരംകോട് ലക്ഷംവീട് കോളനി, ഇടനാട് രാജിവ്ഗാന്ധി കോളനി എന്നിവിടങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നാട്ടുകാര്‍ നേരിടുന്നത്.
പോളച്ചിറ ഏലായിലെ വെള്ളം താഴുന്നതനുസരിച്ച് ചിറക്കര പഞ്ചായത്തിന്റെ പല‘ഭാഗത്തും കുടിവെള്ളം കിട്ടാതെയാകും. പാണിയില്‍, ഉളിയനാട് കണ്ണേറ്റ പ്രദേശങ്ങളിലും ജലക്ഷാമം നേരിടുന്നു. പൂതക്കുളം പഞ്ചായത്തിലും രൂക്ഷമായ ശുദ്ധജലക്ഷാമമുണ്ട്.
ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ ജപ്പാന്‍കുടിവെള്ള പദ്ധതി നടപ്പാക്കാത്ത കല്ലുവാതുക്കല്‍ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും കുടിവെള്ളമില്ലാതെ ജനങ്ങള്‍ വലയുകയാണ്. പാമ്പുറം, എഴിപ്പുറം, പുലിക്കുഴി പ്രദേശങ്ങളില്‍ കിണറുകള്‍ പലതും വറ്റിവരണ്ടു. ഇഎസ്ഐ മെഡിക്കല്‍കോളജ് സ്ഥിതിചെയ്യുന്ന മൈലാടുംപാറ പ്രദേശത്തെ കിണറുകളില്‍ തുള്ളിവെള്ളം പോലുമില്ല.
മെഡിക്കല്‍കോളേജിന് ആവശ്യമായ വെള്ളം ടാങ്കറില്‍ എത്തിക്കുകയാണ് പതിവ്. മെഡിക്കല്‍കോളേജ് ഉദ്ഘാടനം ചെയ്തപ്പോള്‍ 24 മണിക്കൂറിനകം മെഡിക്കല്‍ കോളജിലേക്ക് ജപ്പാന്‍പദ്ധതിയുടെ പൈപ്പ് വലിച്ച് വെള്ളം ലഭ്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഇപ്പോഴും ജലരേഖയായി. ഉദ്ഘാടനം കഴിഞ്ഞ് ഒന്നരവര്‍ഷം കഴിഞ്ഞിട്ടും വെള്ളം എത്തിയിട്ടില്ല. വെള്ളമില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ പോലും മുടങ്ങിയത് വിവാദമായിരുന്നു. ജലവിഭവവകുപ്പ് അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരിക്കുന്നത്.
തീരപ്രദേശമായ പരവൂര്‍ പൊഴിക്കരയിലാണ് കുടിവെള്ളത്തിന് ഏറെ ക്ഷാമം നേരിടുന്നത്. കിണര്‍ജലത്തില്‍ ഉപ്പിന്റെ അംശം ഏറിവരുന്നതിനാല്‍ ഭൂരിഭാഗം ജനങ്ങളും പൈപ്പുജലമാണ് ഉപയോഗിക്കുന്നത്. പരവൂര്‍ പൊഴിക്കരയിലെ നിലവിലുള്ള കുഴല്‍കിണര്‍ ഉപയോഗശൂന്യമായിട്ട് നാളേറെയായി. മോട്ടോര്‍ കേടായതിനാല്‍ വെള്ളം കിണറില്‍നിന്നു പമ്പ്ചെയ്യാനാകില്ല.
കല്ലുംകുന്ന് സുനാമി ഫഌറ്റിലും സ്ഥിതി വ്യത്യസ്തമല്ല. നിരവധി കുടുംബങ്ങള്‍ ഒന്നിച്ചു താമസിക്കുന്ന ഫഌറ്റിലെ കിണറിലും വെള്ളമില്ല. പരവൂര്‍ മുനിസിപ്പാലിറ്റി ടാങ്കറില്‍ വെള്ളം കൊണ്ടുക്കൊടുക്കുകയാണ് പതിവ്.
പരവൂര്‍ കുറുമണ്ടല്‍ വാട്ടര്‍ടാങ്ക് ഉപയോഗശൂന്യമായി കിടക്കുന്നതിനാല്‍ സമീപവാസികളും കുടിവെള്ളത്തിനായി കഷ്ടപ്പെടുകയാണ്.
പരവൂര്‍ റെയില്‍വേ ലൈനിന് എതിര്‍ഭാഗത്ത് ജപ്പാന് പദ്ധതിയുടെ പൈപ്പുകള്‍ ഇടാത്തതിനാല്‍ കുടിവെള്ളം ലഭ്യമല്ലാത്ത സ്ഥിതിയാണ്. റെയില്‍വേലൈന്‍ മുറിച്ച് പൈപ്പിടുന്നതിന് ഇതുവരെ അധികൃതര്‍ അനുമതി നല്‍കിയിട്ടില്ല. കൂനയില്‍ പ്രദേശങ്ങളിലും കടുത്ത കുടിവെള്ള ക്ഷാമമാണ്. കോളനി നിവാസികളാണ് ഏറെ കഷ്ടപ്പെടുന്നത്.
കുടിവെള്ള ക്ഷാമത്തിന് പരിഹാരമെന്നോണം നടപ്പാക്കിയ ജപ്പാന്പദ്ധതിയെക്കുറിച്ച് വ്യാപകമായ പരാതികളാണ് ഉയരുന്നത്. അധികൃതരോട് പരാതി പറഞ്ഞാല്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നുവെന്നാണ് അറിയിക്കുന്നത്. നാടുനീളെ കുടിവെള്ള പൈപ്പുകള്‍ പൊട്ടിയൊഴുകുന്നു. വാല്‍വുകള്‍ തുറക്കുന്നത് രാത്രിയില്‍ എപ്പോഴെങ്കിലും ഉടന്‍തന്നെ അടച്ചിട്ടു പോകുകയും ചെയ്യും. ഇത് മൂലം കുടിവെള്ളത്തിന് ഉറക്കമൊഴിഞ്ഞ് ഇരിക്കേണ്ട അവസ്ഥയാണ്.
കൊടുംവരള്‍ച്ച നേരിടുന്ന ഘട്ടങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട ജലഅതോറിറ്റിയും പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനോ, ജലലഭ്യത ഉറപ്പുവരുത്തുന്നതിനോ നടപടി സ്വീകരിക്കുന്നില്ല.
രൂക്ഷമായ കുടിവെള്ളക്ഷാമം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ പൊതുടാപ്പുകള്‍ പൊട്ടിയൊഴുകിയാലും കൃത്യമായി ഇടപെടാന്‍ വാട്ടര്‍ അതോറിറ്റിക്കു കഴിയുന്നില്ല.
കല്ലട പദ്ധതിയുടെ ഇടതുകര കനാല്‍ തുറന്നുവിടുന്നതിലുടെ ഈ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയും. കടുത്ത വരള്‍ച്ചയെ നാട് അഭിമുഖീകരിക്കുന്ന ഘട്ടത്തിലും ഇടതുകരകനാല്‍ തുറന്നുവിടാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. പഞ്ചായത്തുകളും പരവൂര്‍ മുന്‍സിപ്പാലിറ്റിയും ഭരിക്കുന്നവര്‍ യാതൊരുവിധ നടപടികളും സ്വീകരിക്കാതെ അനങ്ങാപാറ നയമാണ് സീകരിക്കുന്നത് എന്ന് നാട്ടുകാര്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: