ന്യൂദല്‍ഹി: ഇന്‍ഷുറന്‍സ് ബില്ലും കല്‍ക്കരിപ്പാടം പുനര്‍ലേല ഭേദഗതിബില്ലും ലോക്‌സഭ പാസാക്കി. ഇന്‍ഷുറന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപം 26 ശതമാനത്തില്‍ നിന്നും 49 ആക്കി ഉയര്‍ത്താനുള്ള വ്യവസ്ഥകളോടുകൂടിയ ഇന്‍ഷുറന്‍സ് ബില്‍ ശബ്ദവോട്ടോടെയാണ് ലോക്‌സഭ പാസാക്കിയത്. കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍ എന്നിവരുടെ എതിര്‍പ്പിനിടെയാണ് ഇന്‍ഷുറന്‍സ് ബില്‍ ലോക്‌സഭ കടന്നത്. ബില്‍ അടുത്തയാഴ്ച രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും.
കഴിഞ്ഞ ഡിസംബര്‍ 30ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് പിന്‍വലിച്ച് അവതരിപ്പിച്ച ബില്ലിന്മേല്‍ ലോക്‌സഭയില്‍ ചര്‍ച്ച നടന്നു. ഇതില്‍ ഇടതു പാര്‍ട്ടികള്‍ കൊണ്ടുവന്ന ഭേഗഗതി വോട്ടിനിട്ട് തള്ളി. ഇന്‍ഷുറന്‍സ് ഓര്‍ഡിനന്‍സ് അസാധുവാക്കണമെന്ന സിപിഐ അംഗം സിഎന്‍ ജയദേവന്റെ പ്രമേയവും സഭ തള്ളി.
ഐആര്‍ഡിഎയുടെ അനുമതിയില്ലാതെ പോളിസികള്‍ വില്‍ക്കുന്നത് പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായി വ്യവസ്ഥ ചെയ്യുന്നതാണ് ഇന്‍ഷുറന്‍സ് ബില്‍. 2008 മുതല്‍ സഭയുടെ അംഗീകാരത്തിനായി കാത്തുകിടക്കുകയായിരുന്നു ബില്‍. പുതിയ വ്യവസ്ഥകള്‍ പ്രകാരം ലൈഫ് ഇന്‍ഷുറന്‍സ് കൗണ്‍സിലും ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിലും സ്വയം നിയന്ത്രണാധികാരമുള്ള സംവിധാനങ്ങളായി മാറും. ഇന്‍ഷുറന്‍സ് പോളിസി വിറ്റ് മൂന്ന് വര്‍ഷമാകും വരെ ഇന്‍ഷുറന്‍സ് പരിരക്ഷ എടുത്തയാള്‍ക്ക് പോളിസിക്കെതിരെ പരാതി നല്‍കാനാവില്ലെന്ന പുതിയ വ്യവസ്ഥയും ബില്ലിലുണ്ട്. ആരോഗ്യഇന്‍ഷുറന്‍സ് പോളിസികള്‍ വില്‍ക്കുന്നവര്‍ക്ക് 100 കോടി രൂപയുടെയെങ്കിലും മൂലധനം ഉണ്ടാവണമെന്നും വ്യവസ്ഥയില്‍ പറയുന്നു.
പൗരന്മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതില്‍ രാജ്യം വളരെ പിന്നിലാണെന്നും വിദേശനിക്ഷേപം വര്‍ദ്ധിപ്പിച്ചത് ഇന്‍ഷുറന്‍സ് മേഖലയില്‍ കടുത്ത മത്സരത്തിന് അവസരമൊരുക്കുമെന്നും ഇതുവഴി കൂടുതല്‍ ജനങ്ങളിലേക്ക് പോളിസികള്‍ എത്തിച്ചേരുമെന്നും കേന്ദ്രധനകാര്യ സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു. ജനങ്ങളുടെ പൂര്‍ണ്ണമായ സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ടാണ് പുതിയ ബില്‍. പാവപ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ നിരവധി ഇന്‍ഷുറന്‍സ് പോളിസികള്‍ നല്‍കുന്നുണ്ടെന്നും ജയന്ത് സിന്‍ഹ പറഞ്ഞു.
നിലവില്‍ രാജ്യത്തെ ബാങ്കിംഗ് രംഗത്ത് 74 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്നുണ്ട്.
എന്നിട്ടും ഇന്‍ഷുറന്‍സ് മേഖലയില്‍ നിക്ഷേപാനുപാതം വര്‍ദ്ധിപ്പിക്കുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നത്. ചൈനയുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ ഉയര്‍ന്ന വിദേശ നിക്ഷേപമാണ് ക്ഷണിക്കുന്നതെന്നും ജയന്ത് സിന്‍ഹ പറഞ്ഞു.
ഹോളി ആഘോഷങ്ങള്‍ക്കായി പാര്‍ലമെന്റ് ഇന്നലെ പിരിഞ്ഞു. ഇനി തിങ്കളാഴ്ച സഭ സമ്മേളിക്കുമ്പോള്‍ മാത്രമേ ബില്ലുകള്‍ രാജ്യസഭയില്‍ എന്ന് ചര്‍ച്ചയ്‌ക്കെടുക്കും എന്നതു സംബന്ധിച്ച് വിവരം ലഭിക്കൂ. രാജ്യസഭയില്‍ ബില്‍ പാസായില്ലെങ്കില്‍ സംയുക്ത സമ്മേളനം വിളിച്ച് ബില്ലുകള്‍ പാസാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
















