കുളത്തൂപ്പുഴയിലെ ബാലകനേ…അച്ചന്കോവിലിലാണ്ടവനേ ആര്യങ്കാവില്‍ അയ്യനേ…..അനാഥ പാലകനേ…. ശ്രുതി മധുരമായി ഈ ഗാനം ഉയരുന്നത് ക്ഷേത്രനടയില്‍ നിന്നോ ആശ്രമത്തില്‍ നിന്നോ അല്ല. സമൂഹം ഭ്രാന്തരെന്ന് മുദ്രകുത്തി ആട്ടിയോടിച്ച ഒരു പറ്റം മനുഷ്യരെ തങ്ങളുടെ സഹോദരരായി കണ്ട് മാനവ സേവയാണ് മാധവസേവ എന്ന് സമൂഹത്തോട് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് കൊല്ലത്ത് പ്രവര്‍ത്തിക്കുന്ന സാന്ത്വനത്തില്‍ നിന്നുമാണ്. മനസിന്റെ താളം തെറ്റിയവര്‍ക്കുള്ള അഭയകേന്ദ്രമാണിവിടം. സാന്ത്വനത്തില്‍ നിന്നും ഉയരുന്ന ഈ ഗാനം ത്രിസന്ധ്യയില്‍ ഗഞ്ചിറയുടെ താളത്തില്‍ ആലപിക്കുന്നതൊ ഒരു കാലത്ത് കെപിഎസിക്ക് വേണ്ടി രാഘവന്‍മാഷിനൊപ്പം മാരിവില്ലിന് തേന്‍ മലരെ മാഞ്ഞ് പോകയൊ… എന്ന ഗാനം വരെ പാടാന്‍ നിയുക്തനായ ശാസ്താംകോട്ട സ്വദേശിയായ കുട്ടന് എന്നറിയപെടുന്ന പ്രകാശും. 60 വയസുണ്ട് കുട്ടന്. മൂന്നുവര്‍ഷം മുമ്പ് സാന്ത്വനത്തില്‍ എത്തുമ്പോള്‍ കുട്ടന്റെ മനസ്സ് പൂര്‍ണമായും താളംതെറ്റിയിരുന്നു. ഇന്ന് കുട്ടനെ കാണുന്നവര്‍, പാട്ട് കേള്‍ക്കുന്നവര്‍, സന്ധ്യക്ക് ഭക്തിഗീതങ്ങള്‍ പാടി അന്തേവാസികളെ ഭക്തിയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തുന്നത് ആ പഴയ കുട്ടനാണോ എന്ന് അത്ഭുതപ്പെടും. കെപിഎസി യില്‍ പാട്ട് പാടാന്‍ പോയപ്പോഴുണ്ടായ പേടിയും ഉറക്കക്കുറവും, കുന്നത്തൂര്‍ സ്വദേശിയായ യുവതിയോട് തോന്നിയ പ്രണയം പരാജയപെട്ടതുമാണ് മാനസിക നില തെറ്റാന്‍ ഇടയാക്കിയതെന്ന് കുട്ടന് വിവരിക്കുന്നു. ഇതിനിടയില്‍ ആ യുവതി ഇപ്പോള്‍ തന്റ ഭാര്യയാണന്നും, കുട്ടികള്‍ ഉണ്ടെന്നും മറ്റുമുള്ള സങ്കല്പ്പ ലോകത്തിലെക്ക് അല്പ സമയം ഇയാള്‍ വഴുതി വീഴുകയും ചെയ്യുന്നു.
സ്നേഹത്തിന്റെ തണലില്‍ അവര്‍ 26 പേര്
ഹൃദയഭേദകമായ ജീവിതാനുഭവങ്ങളുമായി 26 പേരാണ് സാന്ത്വനത്തിലുള്ളത്. ഇതില്‍ ചിലര്‍ തങ്ങളുടെ ജീവിത കഥ തുറന്ന് പറയാന്‍ പാകത്തില്‍ അസുഖത്തില്‍ നിന്നും മോചനം പ്രാപിച്ചപ്പോള്‍ മറ്റ് ചിലര്‍ക്ക് ഈ കടമ്പ മറികടക്കാന്‍ ഇനിയും മാസങ്ങള്‍ പിടിക്കും. രണ്ടുമാസം മുന്‍പ് ഇവിടുത്തെ അന്തേവാസികളുടെയിടയിലേക്ക് എത്തിയ പതിനാലുകാരന്റെ അനുഭവം ഏവരുടെയും കണ്ണ് നനയിക്കുന്നതാണ്. എന്തുകാരണമായാലും നെടുമ്പന പള്ളിമണ്‍ ബീനാമന്ദിരത്തില് രാഹുല്‍ ഭൂമിയില്‍ പിറന്നുവീഴുന്നത് തന്നെ തറയില്‍ തലയിടിച്ചാണ്. ഈ വീഴ്ചയില്‍ തലക്കേറ്റ സാരമായ പരിക്ക് രാഹുലിന്റ ജിവിതത്തിന്റെ തന്നെ താളം തെറ്റിച്ചു. സംസാരിക്കാനുള്ള കഴിവ് നഷ്ടപെട്ടു. വളര്‍ച്ചക്കുറവും ഒപ്പം മാനസിക അസ്വാസ്ഥ്യങ്ങളും. പ്രാരാബ്ധത്താലും രോഗങ്ങളാലും വീര്‍പ്പുമുട്ടിയിരുന്ന കുടുംബത്തിന് വിദഗ്ധ ചികിത്സ നല്‍കാനും കഴിഞ്ഞില്ല. രാഹുലും പതുക്കെ പതുക്കെ മാനസിക രോഗിയായിമാറി. സാന്ത്വനത്തെപ്പറ്റി കേട്ടറിഞ്ഞ നാട്ടുകാര്‍ അങ്ങനെ രാഹുലിനെ ഇവിടെ എത്തിച്ചു. രണ്ട് കൈയും നീട്ടി രാഹുലിനെ സ്വീകരിച്ച സംഘാടകര്‍ അവനെ വിദഗ്ധ ഡോക്ടര്‍മാരെ കാണിച്ച് ഉപദേശം തേടി ചികിത്സ തുടങ്ങി. ഒപ്പം സ്നേഹത്തില്‍ പൊതിഞ്ഞ് മറ്റ് അന്തേവാസികളും രാഹുലിനെ പൊന്നുപോലെ പരിചരിക്കുന്നു. രാഹുല്‍ ഇന്ന് പതുക്കെ സമൂഹത്തിലേക്ക് തിരിച്ചെത്തുന്നു. അന്തേവാസികളുടെ അരുമയായ അവന് സംസാരിക്കാത്ത കുട്ടിയായിരുന്നു. രത്നാകരന് എങ്ങനെയാണോ വാല്മീകിയായി പരിവര്‍ത്തനം ചെയ്യപ്പെട്ടത് അതേപോലെതന്നെ സത്സംഗം മൂലം ത്രിസന്ധ്യയില്‍ ഏവരെയും അത്ഭുതപെടുത്തി മരാ മരാ മരാ എന്ന് ഉച്ചരിക്കാനും ഗഞ്ചിറയുടെ താളം കേള്‍ക്കുമ്പോള്‍ ആഹ്ലാദം പ്രകടമാക്കാനും തുടങ്ങി രാഹുല്‍. ഇതാണ് സാന്ത്വനം.
സാന്ത്വനത്തിന്റെ പിറവിയ്ക്കുപിന്നില്‍
ഭ്രാന്തന്മാരെക്കുറിച്ച് സമൂഹം കൊണ്ടു നടക്കുന്ന ധാരണകള്‍ പ്രവൃത്തിയിലൂടെ മാറ്റിയെടുക്കുന്ന സ്ഥാപനം. രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ സേവാ വിഭാഗിന്റെ കീഴില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക മാനസിക രോഗി പരിചരണ കേന്ദ്രം. സ്വന്തം നാടും വീടും അസ്തിത്വവും ഉപേക്ഷിച്ച് അഞ്ജാത വാസം നടത്തേണ്ടി വന്ന പാണ്ഡവര്‍ക്ക് ഒളിച്ചുതാമസിക്കുവാന്‍ അഭയം നല്കിയ ഐവര്കാലയില് തന്നെയാണ് സമൂഹം തിരസ്കരിച്ച മനുഷ്യജീവികള്‍ക്ക് അഭയമരുളാന്‍ സാന്ത്വനം എന്ന സ്ഥാപനം രൂപം കൊണ്ടത് എന്നത് ദൈവനിയോഗമായിരിക്കാം. കൊല്ലം ജില്ലയിലെ പുത്തൂര്‍ ഐവര്‍കാല അറിയപെടുന്നത് തന്നെ ക്ഷേത്ര നഗരം എന്നാണ്. ചെറുതും വലുതുമായ ഒട്ടനവധി ക്ഷേത്രങ്ങള്‍ ഈ കൊച്ചു ഗ്രാമത്തിലുണ്ട്. അവിടെയാണ് മാനവസേവയാണ് മാധവസേവ എന്ന മന്ത്രം ജീവിത വ്രതമാക്കിയ ഒരുകൂട്ടം സ്വയംസേവകര്‍ ഈ കേന്ദ്രം തുടങ്ങിയത്. അതിന് പിന്നിലും ചെറിയതെങ്കിലും വലുതായ ഒരു കഥയുണ്ട്.
ഒരിക്കല്‍ മനോനില തെറ്റി വീട്ടുകാര്‍ ഉപേക്ഷിച്ച ശ്രീധരന്‍നായര്‍ എന്ന 65 കാരനെ സ്വയംസേവകര്‍ ചേര്‍ന്ന് കൊട്ടാരക്കരയ്ക്ക് സമീപമുള്ള അനാഥാലയത്തില്‍ പ്രവേശിപ്പിച്ചു. അവിടെ പ്രവേശിപ്പിച്ചതൊടെ തങ്ങളുടെ ജോലി തീര്‍ന്നു എന്ന് ചിന്തിക്കാതെ ഇദ്ദേഹത്തെ കാണാന്‍ ഇവര്‍ പലവട്ടം ഇവിടെയെത്തി. സ്ഥാപനത്തില്‍ ഏര്പ്പെടത്തിയിട്ടുള്ള നിയന്ത്രണവും നാള്‍ക്കുനാള്‍ വഷളാകുന്ന ശ്രീധരന്‍നായരുടെ അവസ്ഥയും ഇവരുടെ കരളലയിച്ചു. ഒടുവില്‍ ഇദ്ദേഹത്തേയും ഇവര്‍ നാട്ടിലെക്ക് ഒപ്പംകൂട്ടി. അപ്പോഴാണ് എവിടെ താമസിപ്പിക്കും എന്ന പ്രശ്നം ഉടലെടുത്തത്. കൊച്ചുവീടെടുത്ത് അവിടെ ശ്രീധരന് നായരെ താമസിപ്പിച്ച് ഓരോരുത്തരും ഊഴമിട്ട് കാവലിരുന്നു. ഇത്തരത്തില്‍ മാനസിക നില തകരാറിലായവര്ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആശയം സ്വയംസേവകര്‍ക്കിടയില്‍ ഉടലെടുത്തു. അങ്ങനെ ആദ്യ അന്തേവാസിയായ ശ്രീധരന്‍നായരും വീട്ടുകാരും ചേര്‍ന്ന് നല്കിയ 34 സെന്റ് സ്ഥലത്ത് സാന്ത്വനം പിറവിയെടുത്തു. വരുമാനമില്ലാത്തതിനാല്‍ ജോലിക്കാരെ വയ്ക്കാന്‍ നിര്‍വാഹമില്ലാതെ സ്വയംസേവകര്‍ ഊഴമിട്ട് ജോലിക്കാരായി. അന്തേവാസികളുടെ എണ്ണം കൂടിയപ്പോള്‍ സുമനസുകളെ സമീപിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. പതിയെ സ്ഥാപനം വളര്‍ന്നു. അന്തേവാസികളുടെ എണ്ണം അമ്പതുവരെയായി. ഇപ്പോള്‍ അവശേഷിക്കുന്ന 26 പേരില്‍ ബാക്കിയുള്ളവര്‍ രോഗം ഭേദമായി സ്വഗൃഹത്തിലെക്ക് മടങ്ങി. ഇപ്പോള്‍ ഇവര്‍ക്ക് താമസിക്കുവാനായി രണ്ട് നില മന്ദിരത്തിന്റ നിര്‍മാണം പുരോഗമിക്കുകയാണ്.
മകരത്തില്‍ ഗൃഹപ്രവേശത്തിന് സംഘാടകര്‍ ലക്ഷ്യമിട്ടെങ്കിലും സാമ്പത്തിക പരാധീനത തടസമായി. വായ് തന്ന ദൈവം അന്നത്തിനുള്ള വക മുട്ടിക്കില്ലന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇവര്‍. ഇതുവരെയുള്ള തങ്ങളുടെ പ്രവര്‍ത്തനം ഉദാഹരണമായി ഇവരുടെ മുന്നിലുണ്ട്. മാസത്തില്‍ മരുന്നിനും ആഹാരത്തിനും വസ്ത്രത്തിനുമെല്ലാമായി ഒന്നേകാല്‍ ലക്ഷത്തിലധികം രൂപയാണ് ചെലവ്. പുറമെ വിദഗ്ധ ചികിത്സക്കായി കൊണ്ടുപോകുമ്പോഴുള്ള അധികചെലവും. പുറമെ നിന്നെത്തുന്ന ഒരാള്‍ക്ക് ഇതൊരു മാനസിക രോഗ വിമുക്തി ചികിത്സാകേന്ദ്രമെന്ന് ഒരിക്കലും തോന്നിക്കില്ല. അത്ര ശാന്തമായ അന്തരീക്ഷം. പശുവളര്‍ത്തല്‍, പച്ചക്കറി കൃഷി, പാചകം തുടങ്ങിയ ജോലികളിലും അന്തേവാസികള്‍ മുഴുകുന്നു.
ഈ സ്ഥാപനത്തെ വ്യത്യസ്തമാക്കുന്നതും ഇത്തരം കാഴ്ചകളാണ്. മാനസികരോഗികളെ കുറിച്ചുള്ള കാഴ്ചപാടുകള്‍ക്ക് കടകവിരുദ്ധമായ കാഴ്ചകള്‍. സംഘാടകരുടെ തോളില്‍ കൈയിട്ട് സഹോദരങ്ങളെപ്പോലെ നടക്കുന്നവര്‍. അതിഥികളായി എത്തുന്നവരോട് വിശേഷം പങ്കുവെക്കുന്നവര്‍. ഇങ്ങനെ ഒരു കാലത്ത് നഷ്ടപ്പെട്ടതെല്ലാം സ്നേഹമായി അവര്‍ക്ക് തിരികെ നല്കുന്ന സ്ഥാപനം. ഇവിടെയെത്തുമ്പോള്‍ അക്രമാസക്തരും എന്തിനോടും വെറുപ്പ് പുലര്‍ത്തി മൂകരായി ഇരുന്നവരും ആയിരുന്നവര്‍ക്കുണ്ടാകുന്ന മാറ്റത്തിന് പിന്നില്‍ നീണ്ട അദ്ധ്വാനത്തിന്റ കഥയുണ്ടന്ന് സംഘാടകര്‍ പറയുന്നു.
മൂന്ന് നേരം ഭക്ഷണം, മരുന്ന്, സ്നഹപൂര്‍ണ്ണമായ പെരുമാറ്റം. പോരായ്മകള്‍ കണ്ടറിഞ്ഞ് പരിഹരിക്കാനുള്ള സംവിധാനം, വിദഗ്ധ ഡോക്ടര്‍മാരുടെയും കൗണ്‍സിലര്‍മാരുടെയും സേവനം, വൃത്തിയുള്ള അന്തരീക്ഷം തുടങ്ങി മാനസികരോഗ നിവാരണത്തിന് ആവശ്യമായ ഘടകങ്ങള്‍ എല്ലാം ഇവിടെ സമ്മേളിക്കുന്നതാണ് സര്‍ക്കാര്‍ ഏജന്‍സികളുടെ പോലും പ്രശംസ ഇവര്‍ക്ക് നേടിക്കൊടുക്കുന്നത്.
ഓട്ടിസം ബാധിച്ചവര്‍ക്കുള്ള പുനരധിവാസം, മാനസിക രോഗാശുപത്രി ഉള്‍പ്പടെ ബൃഹദ് പദ്ധതികള്‍ സംഘാടകരുടെ മനസിലുണ്ട്. ഒരു കാലത്ത് നാട്ടുകാര്‍ സംശയ ദൃഷ്ടിയോടെ ‘ആര്‍എസ്എസുകാരുടെ വട്ടായി’ വിശേഷിപ്പിച്ച സ്ഥാപനം നാട്ടുകാരുടെ അഭിമാനമായി മാറിയതിന് പിന്നില്‍ എന്നും സമൂഹത്തിന് മാതൃക കാട്ടിയിട്ടുള്ള ബാഹുലേയന്റേയും, ജനിച്ചപ്പോള്‍ മുതല്‍ ഹൃദയത്തിന് തകരാറും ഓട്ടിസവും ബാധിച്ച കുട്ടിയുമായി 14 വര്‍ഷമായി ആതുരാലയങ്ങള്‍ കയറിയിറങ്ങുന്ന സുരേഷിനെയും പോലുള്ള ഒരു കൂട്ടം സാധാരണക്കാരാണെന്ന് തിരിച്ചറിയുമ്പോഴാണ് ഇവരുടെ സേവനങ്ങള്‍ എത്രവലുതാണെന്ന് വ്യക്തമാകുന്നത്. നല്ല നാളെയുടെ പ്രതീക്ഷ പോലെ പിന്നെയും കുട്ടന്റ പാട്ട് ഉയര്‍ന്നു കേള്‍ക്കാം… കടലില്‍ നിന്ന് ഒരു കുമ്പിള് വെള്ളവുമായി കരിമുകില്‍ മാനത്ത് വന്നൂ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: