ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് നടക്കുന്ന സഹസ്ര കലശത്തിന്റെ ഒരുക്കങ്ങള്‍
ഗുരുവായൂര്‍: ഭഗവാന് ഇന്നലെ തത്വകലാശാഭിഷേകം നടന്നു. ഇന്ന് ഭഗവാന് സഹസ്രകലശവും, ബ്രഹ്മകലശവും ആറാടും. ഹരിനാരായണ മന്ത്രജപം കൊണ്ടും, നാദസ്വരം, പരിശവാദ്യം, ഇടുതുടി, വീരാണം, വലിയപാണി എന്നീ വാദ്യവിശേഷങ്ങള്‍കൊണ്ടും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് ഭഗവാന് ഇന്ന് ബ്രഹ്മകലശാഭിഷേകം നടക്കുന്നത്. ക്ഷേത്രംതന്ത്രി ചൈതന്യപൂരിതമായ ബ്രഹ്മകലശം ശ്രീഗുരുവായൂരപ്പന്റെ മൂലവിഗ്രഹത്തില്‍ അഭിഷേകം ചെയ്യും.
രാവിലെ പതിവ് പന്തീരടി പൂജയടക്കമുള്ള പൂജകള്‍ കഴിഞ്ഞ ശേഷം സഹസ്രകലശം അഭിഷേകമാരംഭിക്കും. ക്ഷേത്രംതന്ത്രി ചേന്നാസ് നാരായണന് നമ്പൂതിപ്പാട് ഭഗവാന് ബ്രഹ്മകലശാഭിഷേകം ചെയ്യുന്നതോടെ ഉത്സവങ്ങളുടെ ഭാഗമായുള്ള താന്ത്രിക ചടങ്ങുള്‍ക്ക് സമാപനമാകും. ആചാരപെരുമയോടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെയാണ് ”ആനയില്ലാശീവേലി.” ശാന്തിയേറ്റ ക്ഷേത്രം കീഴ്ശാന്തി നമ്പൂതിരി ശ്രീഗുരുവായൂരപ്പന്റെ സ്വര്‍ണ്ണതിടമ്പ് മാറോട്ചേര്ത്ത് പ്രദക്ഷിണം വെച്ചായിരിക്കും ശീവേലി. തിമില, ചെണ്ട, മരം, വലംതല, മദ്ദളം, ഇലത്താളം, കൊമ്പ്, കുഴല്‍, നാദസ്വരം, ഇടുതുടി, താളം തുടങ്ങിയ വാദ്യങ്ങള്‍ എഴുന്നെള്ളിപ്പിന് അകമ്പടിയാകും.
വൈകീട്ട് മൂന്നിനാണ് ആനയോട്ടം. രാത്രി ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, തന്ത്രിമുഖ്യന്‍ കൂറയും, പവിത്രവും, നല്കി ആചാര്യവരണം നടത്തും. ക്ഷേത്രം തന്ത്രിമാര്‍ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന താന്ത്രിക കര്‍മ്മങ്ങള്‍ക്ക് ശേഷം തന്ത്രി നമ്പൂതിരിപ്പാട് മൂലവിഗ്രഹത്തില്‍ നിന്നും ചൈതന്യം ആവാഹിച്ച് സ്വര്‍ണ്ണ ധ്വജത്തില്‍ സപ്തവര്‍ണ്ണ കൊടിയേറ്റുന്നതോടെ 10-ദിവസം നീണ്ടുനില്‍ക്കുന്ന ഗുരുവായൂര്‍ തിരുവുത്സവത്തിന് തുടക്കമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: