ആനന്ദത്തിനു വേണ്ടിയുള്ള ആഗ്രഹമാണ് തെറ്റ് ചെയ്യുവാനുള്ള ഏറ്റവും വലിയ പ്രേരണാശക്തി
– പ്ലേറ്റോ
ള്ളില്‍ ഉറങ്ങിക്കിടക്കുന്ന മൃഗത്തെ പ്രലോഭിപ്പിക്കണോ, അതിനെ സൂക്ഷിച്ചുവെക്കുന്ന മനുഷ്യനെ സ്നേഹിക്കണോ എന്നാണ് ചോദ്യമെന്നിരിക്കട്ടെ. നിങ്ങള്‍ എന്തു ചെയ്യും? ഏതമു വഴി സ്വീകരിക്കും? തൃശൂരിലെ നിസാമിനോടാണ് ചോദ്യമെങ്കില്‍ സംശയമെന്ത്, ആദ്യത്തെ ഉത്തരം കിട്ടും. കലയുടെ കാമനകളെ തൊട്ടുതലോടിപോകുന്ന ഒരാളോടാണ് ചോദ്യമെങ്കില്‍ രണ്ടാമത്തെ ഉത്തരം കിട്ടുമെന്നതില്‍ സന്ദേഹമില്ല. നന്മ പൂക്കുന്ന താഴ്വരകളില്‍ ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിച്ചുകൊണ്ടിരിക്കുക എന്നത് അത്ര അപ്രാപ്യമായ ഒരു കാര്യമല്ല. കലയുടെ വഴികളില്‍ വിളയുന്നതത്രയും നന്മയുടെ പ്രതീക്ഷാഭരിതമായ ഫലങ്ങളാണ്. ചിലപ്പോള്‍ അത്ഭുതം തോന്നാം, ഇങ്ങനെയൊക്കെ സംഭവിക്കുമോ? സത്യന് അന്തിക്കാട് എന്ന സംവിധായകനും ന്യായമായും അത്തരം സംശയങ്ങളുണ്ട്. അതിന് അദ്ദേഹത്തിന് മറുപടി കിട്ടിയിട്ടുമുണ്ട്. അതിനെക്കുറിച്ച് മാതൃഭൂമി നഗരം സിനിമാ സ്പെഷലില് (ഫെബ്രു.21) അദ്ദേഹം മനസ്സു തുറക്കുന്നു.
സത്യന്റെ മനസ്സിനക്കരെ എന്ന സിനിമ റിലീസായി അധികം വൈകാതെ ഒരു കോള്‍, അമേരിക്കയിലെ ന്യൂജേഴ്സിയില്‍ നിന്ന്. കോട്ടയത്തിനടുത്തുള്ള ഒരു വീട്ടമ്മയാണ്. കുടുംബത്തോടെ അമേരിക്കയില്‍. ഇനി ഫോണ്‍ സംഭാഷണത്തിലേക്ക്: ഞാന്‍ അമേരിക്ക വിട്ടുപോരാന്‍ തീരുമാനിച്ചു. എന്റെ അമ്മയെ ഒരിടത്തേക്കും അയയ്ക്കുന്നില്ല. ഇനിയുള്ള കാലം അമ്മയോടൊപ്പം ഞാന്‍ ജനിച്ചുവളര്‍ന്ന വീട്ടില്‍ താമസിക്കും. അടുത്ത വര്‍ഷം ഹസ്ബന്റും ഇങ്ങോട്ട് പോരാമെന്ന് പറഞ്ഞിട്ടുണ്ട്. ചെറുതാണെങ്കിലും നാട്ടിലെന്തെങ്കിലും ബിസിനസ് നോക്കണം. അമ്മയെ സങ്കടപ്പെടുത്തിയിട്ട് ഒരു സന്തോഷവും ഞങ്ങള്‍ക്കുവേണ്ട. ഇത്രയും കേട്ടതും സത്യന് അത്ഭുതപ്പെട്ടു. ഒരു സിനിമ മനുഷ്യമനസ്സിനെ ഇത്രയേറെ സ്വാധീനിക്കുമോ? ചോദ്യത്തിന് സത്യന് തന്നെ ഉത്തരം കണ്ടെത്തുന്നുണ്ട്. സിനിമ ഒരു നിമിത്തമാണ്. നല്ല മനസ്സുണ്ടായതുകൊണ്ടാണ് അത്തരമൊരു തീരുമാനമവര്‍ എടുത്തത്. ശരിയാണ്, ഉള്ളില്‍ ഉറങ്ങുന്ന നന്മയെ തട്ടിയുണര്ത്താന് പര്യാപ്തമായ കാര്യങ്ങള്‍ ഉണ്ടായാല്‍ നിശ്ചയമായും പ്രതികരണം വരും. മനസ്സിനക്കരെ സിനിമയില്‍ മക്കളാല്‍ പരിത്യക്തമാക്കപ്പെട്ട കൊച്ചുത്രേസ്യയെന്ന അമ്മ റജിയെന്ന ചെറുപ്പക്കാരന്റെ സ്നേഹവാത്സല്യങ്ങളുടെ തോളില്‍ ചാഞ്ഞു കിടക്കുന്നതാണ് അവസാന ഭാഗം. അതില്‍ ശ്രദ്ധിച്ചിരുന്നവരുടെ കണ്ണീരിന്റെ നനവ് നിശ്ചയമായും കണ്ടെത്താം. ഇവിടെ കലാകാരന്മാര് ശ്രദ്ധിക്കേണ്ട കാര്യം മനുഷ്യനിലെ മൃഗത്തെ ഉണര്‍ത്തണോ മനുഷ്യനെ സാന്ത്വനിപ്പിക്കണോ എന്നതാണ്.
മറ്റൊരു സിനിമയുടെ ആഹ്ലാദപ്രയാണത്തിനിടെ കേരളത്തിലെ മിടുക്കനായ പോലീസ് ഓഫീസര്‍ പറഞ്ഞതും കൂടി ഇവിടെ ചേര്‍ത്തുവെച്ചു വായിക്കുക. ദൃശ്യം എന്ന സിനിമ എങ്ങനെയാണ് തെളിവുരഹിത കൊലപാതകം നടത്താന്‍ പ്രേരണയാകുന്നതെന്നതിനെക്കുറിച്ചായിരുന്നു അത്. കലാകാരന്മാര് ഇത്തരം തിരിച്ചറിവുകളുടെ തീരത്തുകൂടി യാത്രചെയ്യുമ്പോള്‍ സാധാരണക്കാര്‍ അവര്‍ക്കൊപ്പം നീങ്ങുമെന്ന് മനസ്സിലാക്കണം. നന്മ വേണം-എന്നും എപ്പോഴും എന്ന തലക്കെട്ടിലാണ് അന്തിപ്പൊന്‍വെട്ടം പംക്തിയിലെ സത്യന്റെ സുന്ദരമായ എഴുത്ത്. ജേക്കബ്, സിയാദ്കോക്കര്‍, മോഹന്‍ലാല്‍ എന്നിവരുടെ കലര്‍പ്പില്ലാത്ത അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സത്യന്റെ കുറിപ്പെന്നത് സ്വര്‍ണ്ണത്തിന് സുഗന്ധമാവുന്നു.
ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ ഞാന്‍ ആളല്ല. അത് ആത്യന്തികമായി പ്രേക്ഷകരാണ് തീരുമാനിക്കുന്നത്. ഇതിലെ ഒരു രംഗം പോലും ഞാന്‍ സൃഷ്ടിച്ചെടുത്തതല്ല. എന്റെയോ ഇതിലഭിനയിച്ച ഭിന്നശേഷിയുള്ളവരുടെയോ ജീവിതത്തില്‍ സംഭവിച്ചതാണ്. ഇത് ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് മാത്രമായുള്ള ചിത്രമല്ല. സാധാരണ കുട്ടികളെയും കാണിച്ചിരിക്കേണ്ടതാണ്. സലിംകുമാര്‍ എന്ന നടന് ആദ്യമായി സംവിധാനം ചെയ്യുന്ന കംമ്പാര്‍ട്ട്മെന്റ് എന്ന സിനിമയെക്കുറിച്ച് അദ്ദേഹത്തിന്റെ തന്നെ വാക്കുകളാണിത്. പെട്ടിയിലല്ല, ഞാനും സിനിമയും എന്ന തലക്കെട്ടില്‍ തന്റെ സംവിധാന വിശേഷങ്ങള്‍ നര്‍മത്തില്‍ പൊതിഞ്ഞ് അദ്ദേഹം പങ്കുവെക്കുന്നു. ഭിന്ന ശേഷിയുള്ളവരുടെ വൈചാരിക-വൈകാരിക തലങ്ങളില്‍ എന്തൊക്കെയുണ്ടെന്ന അന്വേഷണമാണ് സലിംകുമാര്‍ നടത്തുന്നത്. അവരോടുള്ള അനുതാപത്തേക്കാളേറെ അവരെ നമ്മിലൊരാളായി ഉള്‍ക്കൊള്ളാനും കൂടെക്കൂട്ടാനുമുള്ള മനസ്സ് പാകപ്പെടുത്താന്‍ ഈ സിനിമ സഹായിക്കുമെന്ന് സലിംകുമാര്‍ പറയാതെ പറയുന്നു. ആദ്യമായി സംവിധാനം ചെയ്യുന്നത് പത്തുപേര്‍ ഓര്‍ക്കുന്ന, നന്മയ്ക്കുവേണ്ടിയുള്ള പടമായിരിക്കണമെന്നുണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ലോകത്തെ രണ്ടു കാഴ്ചപ്പാടിലൂടെ കാണാം. ഇതൊന്നും ശരിയാവില്ല, നന്നാവില്ല എന്നും അല്പമെങ്കിലും ശരിയാക്കാന്‍ തനിക്കാവുന്നത് ചെയ്യാമെന്നും. ഏതു വേണം എന്ന് തീരുമാനിക്കേണ്ടത് നമ്മള് തന്നെ. കുറ്റപ്പെടുത്താന്‍ അന്യനുനേരെ ചൂണ്ടുവിരല്‍ നീട്ടുമ്പോള്‍ മൂന്നുവിരല്‍ തനിക്കുനേരെയാണെന്ന ബോധ്യമുണ്ടെങ്കില്‍ എവിടെയും നന്മയേ പൂക്കൂ.
പാര്‍ട്ടിയെ ഒന്നടങ്കം ബന്ദിയാക്കി അച്ച്യുമ്മാന്‍ കന്റോണ്‍മെന്റ് ഹൗസില്‍ ടോം ആന്റ് ജെറി കാര്‍ട്ടൂണ്‍ ചിത്രം കണ്ട് ആസ്വദിക്കുകയായിരുന്നുവത്രെ. കേഡര്‍ പാര്‍ട്ടിയാണെങ്കിലും അച്ച്യുമ്മാന്റെ മുമ്പില്‍ കേണപേക്ഷപാര്‍ട്ടിയുടെ അവസ്ഥയിലായി. കൊറിയന്‍ സ്വാധീനവും മറ്റും ഉണ്ടായിട്ടും എന്തേ ഇങ്ങനെ എന്ന് ചോദിച്ചാല്‍, നാട്ടുകാരുടെ മുമ്പില്‍ പിടിച്ചു നില്ക്കാന് വേറെ വഴി കാണാഞ്ഞതിനാല്‍ തന്നെ. മാത്രവുമല്ല, ഒരു മുഖം പോയി മറ്റൊരു മുഖം വരികയാണ്. വെള്ളംകോരികളും വിറകുവെട്ടികളുമായി മാത്രം അണികളെയും അനുഭാവികളെയും കണ്ടാല്‍ ബംഗാള്‍ ഇഫക്ട് ഇങ്ങ് കേരളത്തിലും എത്തിയേക്കാം. ആയ കാലത്ത് പാര്‍ട്ടിയിലെ ഫാസിസത്തിന് കണ്ണിച്ചൂരല്‍ കൊണ്ട് ഒരു വീക്കുപോലും വീക്കാത്ത മഹിതാശയന് വലിയവായില്‍ ഫാസിസ്റ്റ് സമീപനമുണ്ടേ എന്ന് വിളിച്ചുകൂവിയിട്ട് കിം ഫലം? ഒരു പാര്‍ട്ടി നേതാവും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതൊക്കെ ചെയ്തിട്ടും ഇങ്ങനെ നിലനിര്‍ത്തുന്നുവെങ്കില്‍ എന്തോ ഒരു ഇഫക്ട് എവിടെയോ ഉണ്ടെന്ന് കൂട്ടിക്കൊള്ളുക. പാര്‍ട്ടിയുടെ പുതുമുഖം എന്ന് ആലങ്കാരികമായി പറയാമെങ്കിലും മനസ്സ് പഴയതു തന്നെ എന്നതില്‍ തര്‍ക്കമൊന്നുമില്ല. മുഖം വീര്‍പ്പിച്ച് കഴുത്തറക്കുന്നതും ചിരിച്ചുകൊണ്ട് ആ പണി ചെയ്യുന്നതും ഫലത്തില്‍ ഒന്നു തന്നെയല്ലേ? കാണുന്നവര്‍ക്ക് ഒന്ന് നേരിട്ടറിയാം, മറ്റത് പിന്നീടറിയാം. ഏതായാലും ഓസ്കാര്‍ പുരസ്കാരത്തിന്റെ ശരീര ഭാഷയില്‍ ഒരു സുജിത്ത് വര കാണാം നമുക്ക് കേരള കൗമുദി (ഫെബ്രു.24) യില്‍. ഇന്യാറിറ്റുവിന്റെ ബേര്ഡ്മാന് ഓസ്കാര്‍ പുരസ്കാരത്തിന്റെ പുളകച്ചാര്‍ത്തണിഞ്ഞു നില്ക്കുമ്പോള് ഇവിടെയിതാ പാര്‍ട്ടിയുടെ ബാഡ്മാന് നിലംപരിശായിരിക്കുന്നു. ചിറകറ്റ ജഡായുവിനെ സാന്ത്വനിപ്പിക്കാന്‍ അന്ന് ശ്രീരാമനുണ്ടായിരുന്നെങ്കില്‍ ഇവിടെ ആകെയുള്ളത് ഒരു യെച്ചൂരി മാത്രം. ടിയാന് കഴിയുമോ അച്ച്യുമ്മാന്റെ പക്ഷം മുളപ്പിക്കാന്‍?
അതുകൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടിനടന്നു എന്നോ മറ്റോ ഒരു കവിവചനം കേട്ടിട്ടില്ലേ? ഇവിടെയിതാ ഒരു പുമാന് അരിശം തീരാതെ രാജ്യമൊട്ടുക്കും മണ്ടിനടക്കുന്നു. പോരാ, പിന്നെയും അരിശം തീരാതെ രാജ്യം തന്നെ ഉപേക്ഷിച്ച് മറ്റെവിടെയോ പോയി മണ്ടിനടക്കുന്നു. ഒടുവില്‍കേട്ട വര്‍ത്തമാനം അമ്മയുമായി പിണങ്ങിയതിനാല്‍ രാജ്യം വിട്ടു എന്നാണ്. നരേന്ദ്രമോദി അധികാരമേറിയ അന്നുതൊട്ട് തുടങ്ങിയ അരിശം ദിനംതോറും കത്തിപ്പടരുകയല്ലാതെ ശമിക്കുന്ന മട്ട് കാണുന്നില്ല. സ്വന്തം രാജ്യത്ത് ഇമ്മാതിരി അസുഖത്തിന് ചികിത്സയില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാവാം രാജകുമാരന് വിമാനം കേറിയത്. തിരിച്ചുവരുമ്പോള്‍ ഇന്നാട്ടിലെ മനുഷ്യന്മാരെ ശരിക്കും തിരിച്ചറിയാന്‍ കഴിഞ്ഞേക്കും. അത്തരമൊരു തിരിച്ചറിവിന്റെ അഭാവമാണല്ലോ ഈ ഏടാകൂടമൊക്കെ ഉണ്ടാക്കിയത്. കൂട്ടുകൂടാന്‍ ഇന്ദ്രപ്രസ്ഥത്തില്‍ തല്ക്കാലം ഒരു വാള് തിളങ്ങി നില്ക്കുന്നതിനാല് വലിയ പ്രശ്നമുണ്ടാവില്ല. ഓസ്കാര്‍ പുരസ്കാരം കിട്ടിയ ബേര്ഡ്മാന് ഇതിനൊപ്പം മറ്റൊരു ഊര്‍ജവും രാജകുമാരന് നല്‍കും. ഒരു കാലത്ത് വെള്ളിത്തിരയിലെ സൂപ്പര്‍ താരമായിരുന്ന നടന് ഒന്നുമില്ലായ്മയിലേക്ക് കൂപ്പുകുത്തുന്നതും പിന്നീട് തിരിച്ചുവരാന്‍ ശ്രമം നടത്തുന്നതുമാണല്ലോ ബേര്‍ഡ്മാന്റെ പ്രമേയം. അതിന്റെ പിന്നാമ്പുറ രഹസ്യങ്ങള്‍ കൂടി അറിയാനുള്ള അവസരം മണ്ടിനടക്കുന്നതിനിടയില്‍ രാജകുമാരന് ലഭ്യമാവട്ടെ എന്നാശംസിച്ചുകൊണ്ട് നന്ദി, നമസ്കാരം !
പ്രതികരിക്കാൻ ഇവിടെ എഴുതുക: