തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ടെണ്ടറില്‍ നിന്ന് പിന്മാറിയ അദാനി ഗ്രൂപ്പുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തിന്റെ തീരുമാന പ്രകാരമായിരുന്നു ചര്‍ച്ച. കബോട്ടാഷ് നിയമത്തിന്റെ ഇളവുമായി ബന്ധപ്പെട്ട അവ്യക്തതയാണ് പിന്മാറ്റത്തിന് കാരണമെന്ന് അദാനി ഗ്രൂപ്പ് ചര്‍ച്ചയില്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഇക്കാര്യം പരിഹരിക്കുമെന്ന് കമ്പനിക്ക് മുഖ്യമന്ത്രി ഉറപ്പുനല്‍കി.
കബോട്ടാഷ് നിയമത്തിലെ ഇളവ് ഇപ്പോള്‍ പ്രസക്തമായ വിഷയമല്ല. പദ്ധതി പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ മാത്രമാണ് കബോട്ടാഷ് നിയമത്തില്‍ ഇളവ് വേണ്ടിവരുന്നത്. എങ്കിലും ഇക്കാര്യം നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ സംസ്ഥാന സര്‍ക്കാര്‍ പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നുവെന്നും പ്രധാനമന്ത്രി ഇതിനോട് അനുകൂലമായാണ് പ്രതികരിച്ചതെന്നും മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കബോട്ടാഷ് നിയമത്തില്‍ ഇളവ് കിട്ടുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ടെണ്ടറില്‍ നിന്ന് പിന്മാറിയ മറ്റു രണ്ടു കമ്പനികളുമായും ചര്‍ച്ച നടത്തും. കഴിഞ്ഞ ദിവസം തന്നെ കമ്പനി പ്രതിനിധികളുമായി ചര്‍ച്ചക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. പദ്ധതിക്കായി സജീവമായി തന്നെ രംഗത്തുണ്ടായിരുന്ന കമ്പനികളുടെ പിന്മാറ്റം അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ മുഖ്യമന്ത്രി, പദ്ധതിയുടെ ഒരു ഘട്ടത്തിലും കമ്പനികള്‍ പരാതി പറഞ്ഞിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി. അതെ സമയം, വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഗൂഢനീക്കം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ആരോപിച്ചു. സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയാണ് കമ്പനികളുടെ പിന്മാറ്റത്തിന് കാരണം. വിഴിഞ്ഞം വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: