കോഴിക്കോട്: സ്വദേശിയിലൂന്നിയ സാമ്പത്തിക തത്ത്വശാസ്ത്രമാണ് ഭാരതത്തിനാവശ്യമെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ അഭിപ്രായപ്പെട്ടു. ബിഎംഎസ് കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മുതലക്കുളം മൈതാനത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു സാമ്പത്തിക സിദ്ധാന്തങ്ങളെ പിന്തുടര്‍ന്നതാണ് ഭാരതത്തെ പിന്നോട്ട് നടത്തിച്ചത്. ഇതില്‍ നിന്നൊരു വ്യതിയാനമാണ് ഭാരതത്തിനാവശ്യം. അത് ഭാരതീയതയില്‍ അടിയുറച്ചു നിന്നുകൊണ്ടാവണം. ഭാരതത്തെ ശക്തിശാലിയായ ഒരു രാഷ്ട്രമാക്കിത്തീര്ക്കുന്നതിനാണ് ബിഎംഎസ് രൂപീകൃതമായിട്ടുള്ളത്. അദ്ധ്വാനിക്കുന്ന തൊഴിലാളികളുടെ ഹൃദയത്തില്‍ ദേശീയതയുടെ തീവ്രമായ വികാരം ഉണര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിത്തീര്‍ന്നിരിക്കുന്നു.
രാഷ്ട്ര പുനര്‍ നിര്‍മ്മാണത്തില്‍ തൊഴിലാളികളുടെ പങ്ക് അവഗണിക്കാനാവാത്തതാണ്. ഈ പ്രക്രിയക്ക് ഗതിവേഗം കൂട്ടുകയെന്നതും ബിഎംഎസിന്റെ പ്രവര്‍ത്തന പദ്ധതിയില്പ്പെടുന്നതാണ.് സര്ക്കാരുകളെയല്ല സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന തൊഴിലാളി വിരുദ്ധ നിലപാടുകളെയാണ് ബിഎംഎസ് എതിര്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഎംഎസ് ജില്ലാ പ്രസിഡന്റ് ഇ. ദിവാകരന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. ശശിധരന് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം. പി. ചന്ദ്രശേഖരന്, സംഘടനാ സെക്രട്ടറി സി.വി. രാജേഷ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. ജില്ലാ സെക്രട്ടറി ഒ.കെ ധര്മ്മരാജന് സ്വാഗതവും ജോയന്റ് സെക്രട്ടറി പി. പരമേശ്വരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: