ആലപ്പുഴ: ആലപ്പുഴയില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളന വേദിയിലേക്ക് വി.എസ് അച്യുതാനന്ദന് മടങ്ങിയെത്തില്ല. സമ്മേളനത്തിന് സമാപനം കുറിച്ച് ഇന്ന് ആലപ്പുഴയില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കില്ല. വാര്‍ത്താക്കുറിപ്പിലാണ് വി.എസ് ഇക്കാര്യം അറിയിച്ചത്.
ഞാന്‍ പാര്‍ട്ടി വിരുദ്ധനാണെന്നു സംസ്ഥാന സമിതി പ്രമേയത്തില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതു ശരിയല്ലെന്നുകണ്ടാണ് വിട്ടുനിന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെക്കുറിച്ചു പാര്‍ട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ടിലുള്ള വാസ്തവ വിരുദ്ധമായ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കിയതു നല്ലത്. പിബി പരിശോധനയ്ക്കു ശേഷം ബാക്കി ഭാഗങ്ങളും ഒഴിവാക്കുമെന്ന് ആശിക്കുന്നു.
അതേപോലെ ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി മൂന്നു പാര്‍ട്ടി മെമ്പര്‍മാരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഇവര്‍ക്കെതിരെ നടപടി വേണമെന്നു ഞാന്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ്. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍മൂലം ഇതില്‍ ഒരാള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തു. മറ്റു രണ്ടുപേര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല എന്നു മാത്രമല്ല, അവരെ പാര്‍ട്ടി കമ്മിറ്റികളില്‍ നേതാക്കന്മാരായി അവരോധിച്ചിരിക്കുകയുമാണ്. ഇവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയും പാര്‍ട്ടിക്കുണ്ടായ ദുഷ്പേര് ഇല്ലാതാക്കുകയും ചെയ്യണമെന്നും ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ വി.എസ് വ്യക്തമാക്കി.
എന്റെ ഈ നിസ്സഹായാവസ്ഥ ഞാന്‍ ജനറല്‍ സെക്രട്ടറിയെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും വി.എസ് വ്യക്തമാക്കി. ഇന്ന് 11 മണിക്ക് മാദ്ധ്യമങ്ങളെ കാണുമെന്ന് വി.എസ് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം വാര്‍ത്താ കുറിപ്പ് ഇറക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: