കൊച്ചി: കലൂര്‍-എളമക്കര റോഡ് വന്‍കിട വ്യവസായ ഗ്രൂപ്പായ റിലയന്‍സിന്റെ പ്രത്യേകം വൈദ്യുതി കേബിളിടാന്‍ കുഴിക്കുന്നതിന് പിന്നില്‍ കോര്പ്പറേഷന് ഭരണ സമിതി കോടികളുടെ അഴിമതി നടത്തുവെന്ന് ആരോപണം ഉയരുന്നു. കൗണ്‍സിലിന്റെ അംഗീകാരമില്ലാതെയാണ് വെട്ടിപൊളിക്കല്‍ നടക്കുന്നതെന്ന് പ്രതിപക്ഷമെമ്പര്‍മാര്‍ അഭിപ്രായപ്പെടുന്നു.
കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ ഒരു ലക്ഷം രൂപയുടെ പ്രവര്‍ത്തിക്ക് മാത്രമേ കൗണ്‍സിലര്‍ക്ക് അംഗീകാരം നല്കാന് നിയമം അനുശാസിക്കുന്നുള്ളു എന്നിരിക്കെ ഒരു കോടി 22 ലക്ഷം രൂപയുടെ പ്രവര്‍ത്തിക്ക് അനുമതിനല്കിയണ് കൗണ്‍സിലറും, ചെയര്‍മാനും നാട്ടുകാരെ വഞ്ചിക്കുന്നത്. ഈ പ്രവര്‍ത്തിക്ക് 3 കോടിരൂപ ചെലവ് വരുമെന്നാണ് കണക്ക്.
10.25 കിലോമീറ്റര്‍ റോഡാണ് കുഴിക്കാന്‍ അനുമതി നേടിയിരിക്കുന്നത്. പൊതു ജനങ്ങളുടെ യാത്ര നിഷേധിക്കുന്ന വിധത്തില്‍ വന്‍കിട കമ്പനിക്ക് വേണ്ടി കലൂര്‍-എളമക്കര റോഡ് കുഴിക്കുന്നതിന് അനുമതി നല്‍കിയത് വന്‍തുക കൈപ്പറ്റിയണെന്നാണ് പ്രതിപക്ഷമെമ്പര്‍മാരുടെ ആരോപണം. ഇലക്ട്രിസിറ്റി കേബിളിടുന്നതിന് വേണ്ടി റോഡ് ഒരു മീറ്ററിലധികം വീതിയില്‍ കുഴിക്കുന്നത് യാത്ര ദുരിതത്തിന് കാരണമായി. റോഡ് കുഴിച്ചത് മൂലമുണ്ടായ പൊടി പടര്‍ന്ന് പ്രദേശത്തെ ജനജീവിതവും ദുസ്സഹമായിരിക്കുകയാണ്. യതൊരു മുന്‍ കരുതല്‍ നടപടിയുമെടുക്കാതെയുള്ള റോഡ് കുഴിക്കലിനെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ പരിശോധിക്കാനെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ യാതൊരു നടപടിയുമുണ്ടായില്ല. കൊച്ചി മെട്രോയുടെ പണി നടക്കുന്നത് മൂലം മലബാര്‍ ഭാഗത്തേക്കുള്ള ദീര്‍ഘദൂര ബസ്സുകള്‍ തിരിച്ച് വിട്ടിരുന്ന വഴിയാണ് ഇതോടെ അടഞ്ഞത്. 500 മീറ്റര്‍ റോഡ് കുഴിച്ച് പണി പൂര്‍ത്തീകരിച്ചതിന് ശേഷം മാത്രമേ പിന്നീടുള്ള 500 മീറ്റര്‍ കുഴിക്കൂ എന്നാണ് അനുമതി നേടുമ്പോള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഒന്നിച്ച് കുഴിക്കുകയാണ് നടക്കുന്നത്.
ആദ്യപടിയായി രണ്ട് കിലോമീറ്റര്‍ ദൂരം റോഡ് കുഴിച്ച് കഴിഞ്ഞു. ഇതോടെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ഭാഗീകമായി നിലച്ചു. ഇത് വിദ്യാര്‍ത്ഥികളേയും, സാധാരണ യാത്രക്കാരേയും വിഷമത്തിലാക്കി. രണ്ട് വാഹനങ്ങള്‍ക്ക് ഞെരുങ്ങിമാത്രം കടന്നു പോകാന്‍ കഴിയുന്ന വഴിയാണ് കുഴിച്ചത്. ഇതിനെതിരെ ചില രാഷ്ട്രിയ പാര്‍ട്ടികള്‍ സമരവുമായി രംഗത്തുണ്ടെങ്കിലും കോര്പ്പറേഷന് മുഖവിലക്കെടുത്തിട്ടില്ല. ഇവര്‍ കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ്. റോഡ് ഘട്ടം ഘട്ടമായി കുഴിക്കുകയാണെങ്കില്‍ യാത്ര ദുരിതമില്ലാതെ പ്രശ്നം പരിഹരിക്കാമായിരുന്നു. എന്നാല്‍ കരാറുകാരനെ സഹായിക്കാനായി റോഡ് മൊത്തമായി കുഴിക്കാന്‍ കോര്പ്പറേഷന് അനുമതി നല്കി എന്നാണ് ആരോപണം. ഇതാണ് യാത്രക്കാരേയും, നാട്ടുകാരേയും വിഷമത്തിലാക്കിയതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: