തന്റെ ഗുരുനാഥന്റെ സമാധിക്കുശേഷം അടിമത്തത്തില്‍ കഴിഞ്ഞുകൂടിയ മാതൃഭൂമിയുടെയും അവിടെ അധിവസിക്കുന്ന ജനതയുടെയും അവസ്ഥ നേരിട്ടുകാണുന്നതിനായി യാത്രതിരിച്ച നരേന്ദ്രന് (പില്ക്കാലത്തെ സ്വാമി വിവേകാനന്ദന്) 1892 ഡിസംബറില്‍ കേരളത്തിലെത്തി. അന്ന് ഇവിടെ നിലനിന്നിരുന്ന ജാതിഭേദവും മതദ്വേഷങ്ങളും കണ്ട അദ്ദേഹം ഭ്രാന്താലയം എന്ന് കേരളത്തെ വിശേഷിപ്പിച്ചു.
ഭാരതത്തിന്റെ ഇതരഭാഗങ്ങളില്‍ നിലനിന്നതിനേക്കാളെല്ലാം രൂക്ഷമായിരുന്നു ഇവിടെയുണ്ടായിരുന്ന ജാതിവ്യവസ്ഥ. സ്വാമി വിവേകാനന്ദന്റെ സന്ദര്‍ശനത്തിനുശേഷം 44 വര്‍ഷം കഴിഞ്ഞപ്പോള്‍ 1936ല്‍ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ഹിന്ദുക്കള്‍ക്കെല്ലാം ക്ഷേത്രത്തില്‍ കടന്ന് ആരാധന നടത്തുന്നതിനുള്ള നിയമം-ക്ഷേത്രപ്രവേശനവിളംബരം തിരുവിതാംകൂറിന്റെ ഭരണാധികാരി ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് പുറപ്പെടുവിച്ചു. അതിന്റെ പേരില്‍ അശോകചക്രവര്ത്തിയോടാണ് ചിത്തിരതിരുനാള്‍ മഹാരാജാവിനെ മഹാത്മാഗാന്ധി ഉപമിച്ചത്.
ഭാരതത്തിലാദ്യമായി ക്ഷേത്രപ്രവേശനം എല്ലാ ഹിന്ദുവിഭാഗങ്ങള്‍ക്കും ലഭിച്ചത് തിരുവിതാംകൂറിലാണ്. അതിനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ചുള്ള അന്വേഷണം വൈക്കം സത്യഗ്രഹത്തിന്റെ വേദിയിലേക്കാണ് നമ്മെ എത്തിക്കുക. കേരളത്തിന്റെയെന്നല്ല ഭാരതത്തിന്റെതന്നെ ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തിയിട്ടുള്ള അധ്യായമാണ് വൈക്കം സത്യഗഹത്തിന് നേതൃത്വം നല്കിയവര് എഴുതിച്ചേര്‍ത്തത്. അതിന്റെ മുന്‍നിരയില്‍ മന്നത്തുപത്മനാഭന് ഉണ്ടായിരുന്നു.
1878 ജനുവരി 2ന് പെരുന്നയില്‍ മന്നത്തുഭവനില്‍ പത്മനാഭന് ജനിച്ചു. പിതാവ് നീലവന ഇല്ലത്തെ ഈശ്വരന് നമ്പൂതിരി. മാതാവ് പാര്‍വ്വതി അമ്മ. പത്മനാഭന്റെ ശൈശവാവസ്ഥയില്‍ തന്നെ പിതാവ് ഈശ്വരന് നമ്പൂതിരി പാര്‍വതി അമ്മയേയും കുട്ടിയേയും ഉപേക്ഷിച്ചു. ദാരിദ്ര്യദുഃഖവും അനാഥത്വവും നല്ലതുപോലെ അനുഭവിച്ചാണ് പത്മനാഭന് വളര്‍ന്നത്. ഫീസിനും പുസ്തകത്തിനുമുള്ള നിസാര സംഖ്യപോലും ഇല്ലാതെ വന്നതുകൊണ്ട് താഴ്ന്ന ക്ലാസില്‍ പഠനം താല്‍ക്കാലികമായി നിര്‍ത്തി. ഒന്‍പതാമത്തെ വയസ്സില്‍ താലൂക്ക് കച്ചേരിയില്പ്പോയി ഹര്‍ജി പകര്‍ത്തി എഴുതി കിട്ടിയതുച്ഛമായ സംഖ്യകൊണ്ട് അമ്മയുടെ കഷ്ടപ്പാടു തീര്‍ക്കാന്‍ പത്മനാഭന് പരിശ്രമിച്ചു. ചെറിയൊരിടവേളക്ക്ശേഷം പഠനവും തുടര്‍ന്നു.
മലയാളം സ്കൂളില്‍ ഏഴാം ക്ലാസ് ജയിച്ചശേഷം ഏതാനും വര്‍ഷം അദ്ധ്യാപകനായി ജോലിചെയ്തു. തുടര്‍ന്ന് വക്കീല്‍ പരീക്ഷ ജയിച്ച് ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതിയില്‍ വക്കീലായി പ്രാക്ടീസ് തുടങ്ങി. വളരെ വേഗം നല്ല വരുമാനമുള്ള വക്കീലായി അദ്ദേഹം ഉയര്‍ന്നു. വക്കീലന്മാര്ക്ക് ആദ്യമായി ഒരു സംഘടന ഉണ്ടാക്കിയത് മന്നമായിരുന്നു. സമൂഹത്തില്‍ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങളും അന്ധവിശ്വാസങ്ങളും ഉല്പതിഷ്ണുവായ ആ യുവാവിനെ അസ്വസ്ഥനാക്കിയിരുന്നു.ഇതെങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ച് അദ്ദേഹം നിരന്തരമായി ചിന്തിച്ചുകൊണ്ടിരുന്നു.
തലശ്ശേരി സ്വദേശിയും എഴുത്തുകാരനും ഉല്പതിഷ്ണുവുമായ കപ്പന കണ്ണന് മേനവന് അന്ന് ചങ്ങനാശ്ശേരിയിലെ എസ്ബി ഹൈസ്ക്കൂളില്‍ ഹെഡ്മാസ്റ്ററായി ജോലി നോക്കിയിരുന്നു. ചങ്ങനാശ്ശേരിയിലെ ഉത്സാഹശാലികളായ യുവാക്കള്‍ അദ്ദേഹത്തിന്റെ വസതിയില്‍ കൂടുകയും സമുദായത്തിന്റെ ശോചനീയ സ്ഥിതിയെക്കുറിച്ച് ആലോചിക്കുകയും പതിവായിരുന്നു. അക്കാലത്ത് വടക്കേ മലബാറിലെ മൂടാടിയില്‍ നിന്നും ചങ്ങനാശേരിയില്‍ അദ്ധ്യാപകനായിവന്ന കെ. കേളപ്പന് സദസ്സിലെ സ്ഥിരാംഗമായി.
നായര്‍ സര്‍വീസ് സൊസൈറ്റി
ഉത്സാഹശാലിയായ മന്നം, കേളപ്പനെയും സമാന ചിന്താഗതിക്കാരായ ഏതാനും യുവാക്കളെയുംകൂട്ടി 1914 ഒക്ടോബര്‍ 31ന് നായര്‍ സമുദായ ഭൃത്യജനസംഘം എന്നൊരു സംഘടന രൂപീകരിച്ചു. ഏതാനുംമാസം കഴിഞ്ഞപ്പോള്‍ സംഘടനയുടെ പേര് ”നായര്‍ സര്‍വീസ് സൊസൈറ്റി” എന്നാക്കി. മഹാത്മാഗാന്ധിയുടെ രാഷ്ട്രീയ ഗുരുവായ ഗോപാലകൃഷ്ണഗോഖലെ മുന്‍കൈ എടുത്ത് 1905ല്‍ ആരംഭിച്ച ”ഭാരതീയ ഭൃത്യജനസംഘം” എന്ന സംഘടനയുടെ മാതൃക സ്വീകരിച്ചാണ് നായര്‍ സര്‍വീസ് സൊസൈറ്റി രൂപം കൊണ്ടത്. സംഘടനയുടെ ആദ്യത്തെ പ്രസിഡന്റ് കെ. കേളപ്പന് നായരും സെക്രട്ടറി മന്നത്തുപത്മനാഭപിള്ളയുമായിരുന്നു. സമിതിയിലെ സ്ഥിരാംഗങ്ങള്‍ എടുക്കേണ്ട സത്യപ്രതിജ്ഞ സംഘടനയുടെ ലക്ഷ്യം വെളിവാക്കുന്നതാണ്.
”ഞാന്‍ നായര്‍ സമുദായോന്നതിക്കായി നിരന്തരമായി ആലോചിക്കുകയും പരിശ്രമിക്കുകയും ചെയ്യും. അങ്ങനെയുള്ള ശ്രമങ്ങളില്‍ ഇതരസമുദായങ്ങള്‍ക്ക് ക്ഷോഭകരമായ യാതൊരു പ്രവര്‍ത്തിയും ചെയ്യുന്നതല്ല. ഈ സംഘോദേശ്യങ്ങളെ മുന്‍നിര്‍ത്തിയും ഉദ്ദേശ്യസാദ്ധ്യത്തിനുവേണ്ട ന്യായമായ കരുതലോടുകൂടിയും ഞാന്‍ ജീവിച്ചുകൊള്ളാം.
സത്യം, സത്യം, സത്യം”
ഈ സത്യപ്രതിജ്ഞ പരിപൂര്‍ണമായി പാലിച്ചുകൊണ്ടാണ് നായര്‍ സര്‍വീസ് സൊസൈറ്റി സേവനത്തിന്റെ ഒരു നൂറ്റാണ്ട് പിന്നിട്ടത്.
സംഘടനയുടെ രൂപീകരണത്തില്‍ മന്നത്തിന് ഗുരുവും വഴികാട്ടിയുമായി നിന്നത് കപ്പന കണ്ണന് മേനോനായിരുന്നു. സര്‍വന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയെകുറിച്ച് മന്നത്തിന് പറഞ്ഞു കൊടുക്കുന്നത് കണ്ണന്മേനോനാണ്. രാഷ്ട്രപിതാവിന്റെ ഗ്രാമസ്വരാജ് എന്ന ആശയമാണ് ഗ്രാമങ്ങള്‍തോറും കരയോഗങ്ങള്‍ രൂപീകരിക്കാന്‍ പ്രേരണയായത്. ഗ്രാമങ്ങള്‍തോറും കരയോഗങ്ങള്‍ സംഘടിപ്പിക്കുക വഴി അനേകം പ്രവര്‍ത്തകരെയും ബഹുജനനേതാക്കളെയും വളര്‍ത്തിയെടുക്കാന്‍ മന്നത്തിന് കഴിഞ്ഞു. വേലുക്കുട്ടി മേനോന്, എം.എന്‍. നായര്‍ എന്നിവരാണ് കരയോഗരൂപീകരണത്തില് ആദ്യകാലത്ത് മന്നത്തിന്റെ സഹായികളായി നിന്നത്. പില്ക്കാലത്ത് എം.പി. മന്മഥനും എം.ആര്.ജി. പണിക്കരും.
വൈക്കം സത്യഗ്രഹം, സവര്‍ണജാഥ
കേരളത്തിലെയെന്നല്ല ഭാരതത്തിന്റെ തന്നെ ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചരിത്രസംഭവമാണ് വൈക്കം സത്യഗ്രഹം. തുടക്കം മുതല്‍ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെയും ശ്രീനാരായണഗുരുദേവന്റെയും അനുഗ്രഹവും ഈ സംരംഭത്തിനുണ്ടായിരുന്നു.
കേരളത്തില്‍ നിലനിന്നിരുന്ന ജാതീയമായ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കുന്നതിനും ക്ഷേത്രത്തിന്റെ പരിസരത്തുകൂടി അധ:സ്ഥിതര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നേടിയെടുക്കുന്നതിനും വേണ്ടിയാണ് സത്യഗ്രഹം ആരംഭിച്ചത്.ആരംഭം മുതല്‍ നായര്‍ സര്‍വീസ് സൊസൈറ്റിയും മന്നത്തുപത്മനാഭനും സത്യഗ്രഹസമരത്തില്‍ സജീവമായ പങ്കുവഹിച്ചിരുന്നു.
സ്വന്തം ജീവിതത്തില്‍നിന്നും ജാതിചിന്തയും അയിത്താചരണവും പൂര്‍ണമായും നിര്‍മാര്‍ജ്ജനം ചെയ്തശേഷമാണ് അയിത്തത്തിനെതിരെ പോരാടാനായി മന്നം രംഗത്തിറങ്ങിയത്. സ്വന്തം ജീവിതത്തില്‍ അനുഷ്ഠിക്കാത്ത ഒരുകാര്യംപോലും മറ്റുള്ളവരെ കൊണ്ടുചെയ്യിക്കാന് അദ്ദേഹം ആഗ്രഹിച്ചില്ല. സവര്‍ണവിഭാഗത്തില്‍പ്പെട്ട സമുദായംഗങ്ങളില്‍ വൈക്കം സത്യഗ്രഹത്തോട് അനുഭാവപൂര്‍ണമായ മനോഭാവം വളര്‍ത്തുന്നതിന് സവര്‍ണജാഥ നടത്തണമെന്ന് നിര്‍ദ്ദേശിച്ചത് ഗാന്ധിജിയാണ്.
അതിന്റെ സര്വസൈന്യാധിപന് മന്നത്തുപത്മനാഭനായിരിക്കണമെന്ന് നിര്‍ദ്ദേശിച്ചതും ഗാന്ധിജിയായിരുന്നു. എ.കെ. പിള്ള, ടി.കെ. മാധവന് എന്നിവര്‍ രാജ്യമൊട്ടാകെ സഞ്ചരിച്ച് സവര്ണജാഥക്കനുകൂലമായ പൊതുജനാഭിപ്രായം സൃഷ്ടിച്ചു. ശ്രീനാരായണ ഗുരുദേവന്റെ ശക്തമായ പിന്തുണയും അനുഗ്രഹവും സവര്‍ണ ജാഥക്കുണ്ടായിരുന്നു. ഹിന്ദുസമൂഹത്തിലെ എല്ലാവിഭാഗങ്ങളിലുംപെട്ട ജനങ്ങളില്‍ ക്ഷേത്രപ്രവേശനത്തിനനുകൂലമായ അഭിപ്രായം വളര്‍ത്തിയെടുക്കാന്‍ സവര്‍ണജാഥക്ക് കഴിഞ്ഞു. കേരളത്തിലെ സമുന്നതനും സര്‍വസമ്മതനുമായ ഒരു നേതാവായി മന്നത്തിന് അംഗീകാരം ലഭിച്ചത് സവര്‍ണജാഥയുടെ വിജയത്തോടുകൂടിയാണ്.
കേളപ്പന്റെ നേതൃത്വത്തില്‍ നടന്ന ഗുരുവായൂര്‍ സത്യഗ്രഹത്തിനും മന്നം സജീവനേതൃത്വം നല്കി. കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകക്കമ്മറ്റിയുടെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തുകൊണ്ട് ഭാരതീയര്‍ക്ക് എക്കാലവും അഭിമാനിക്കാവുന്ന സ്മാരക നിര്‍മാണത്തിനും നേതൃത്വം നല്കി. ഏറ്റെടുക്കുന്ന കാര്യങ്ങളെല്ലാം വിജയത്തിലെത്തിക്കാന്‍ മന്നത്തിനുണ്ടായിരുന്ന കഴിവില്‍ കേരളത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും പൂര്‍ണവിശ്വാസമുണ്ടായിരുന്നു. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് വിമോചനസമരത്തിന്റെ നേതൃത്വം അദ്ദേഹം ഏറ്റെടുക്കാന്‍ ഇടയായത്.
നായര്‍ സര്‍വീസ് സൊസൈറ്റി രൂപീകരിച്ചശേഷവും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും വളര്‍ച്ചയ്ക്കും മന്നം നേതൃത്വം നല്കി. പ്രസ്ഥാനത്തിന്റെ നേതൃത്വം വഹിക്കുന്നതിന് സമര്‍ത്ഥരായ പ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. നിസ്വാര്‍ത്ഥമായ പൊതുപ്രവര്‍ത്തനത്തേയും രാജ്യസേവനത്തേയും മാനിച്ച് 1967ല്‍ പത്മവിഭൂഷണ്‍ ബഹുമതി നല്കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി സ്മാരകസ്റ്റാമ്പും പുറത്തിറക്കി. ജീവിതാന്ത്യംവരെ മന്നം കര്‍മ്മനിരതനായിരുന്നു.
1970 ഫെബ്രുവരി 25-ാം തീയതി 94-ാമത്തെ വയസ്സില്‍ മന്നത്തുപത്മനാഭന് ദിവംഗതനായി. സേവനത്തിന്റെ ഒരു നൂറ്റാണ്ടു പൂര്‍ത്തിയാക്കിയ നായര്‍ സര്‍വീസ് സൊസൈറ്റി മന്നത്തു പത്മനാഭന്റെ ജീവിക്കുന്ന സ്മാരകമാണ്.
എന്‍എസ്എസിനുവേണ്ടി കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിക്കുകയും ഒട്ടേറെ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുകയും ചെയ്ത മന്നത്തുപത്മനാഭന് സ്വന്തം ശരീരം മറവുചെയ്യുന്നതിനുള്ള ആറടി മണ്ണുപോലും സമ്പാദിച്ചിരുന്നില്ല എന്ന വസ്തുതയാണ് മറ്റു പൊതുപ്രവര്‍ത്തകരില്‍നിന്നും മന്നത്തുപത്മനാഭനെ വ്യത്യസ്തനാക്കുന്നത്. നിസ്വാര്‍ത്ഥമായി പൊതുപ്രവര്‍ത്തനം നടത്തണമെന്നാഗ്രഹിക്കുന്നവര്ക്കെല്ലാം അദ്ദേഹത്തിന്റെ ജീവിതം ഒരുമാര്ഗ്ഗദീപമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: