ഹിന്ദുക്കളുടെ പുണ്യനഗരമാണ് കാശി. ചരിത്ര പ്രാധാന്യമേറിയ ഇവിടം ബനാറസ്, വാരാണസി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വാരാണസിയെ പ്രതിനിധീകരിക്കുന്നത്. സ്വന്തം മണ്ഡലത്തെ പൈതൃക നഗര പദവിയിലേക്ക് ഉയര്‍ത്താനാവശ്യമായ പ്രാരംഭ നടപടികള്‍ അദ്ദേഹം സ്വീകരിച്ചു വരികയാണ്.
ഇതിന്റെ മുന്നോടിയായി നടന്ന സെമിനാറില്‍ ചരിത്രകാരനായ കെ.കെ. മുഹമ്മദ് അവതരിപ്പിച്ച ആശയം അംഗീകരിച്ചിരുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയില്‍ റീജണല്‍ ഡയറക്ടര്‍ (നോര്‍ത്ത്) ആയി വിരമിച്ച ശേഷം ഹൈദരാബാദില്‍ അഗാഖാന് ട്രസ്റ്റില്‍ പ്രൊജക്ട് ആര്‍ക്കിയോളജിക്കല്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് ഈ മലയാളി.
കാശിയെക്കുറിച്ച്
മുഹമ്മദ് പറയുന്നു
കാശിയില്‍ വച്ച് മരണം സംഭവിച്ചാല്‍ നേരിട്ട് വൈകുണ്ഠത്തിലേക്ക് പ്രവേശനവും, അതുവഴി മോക്ഷവും ലഭിക്കുന്നുവെന്നാണ് വിശ്വാസം. അതിനാല്‍ മോക്ഷ പ്രാപ്തി തേടി ഭാരതത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി വിധവകള്‍ അടക്കമുള്ളവര്‍ അവരുടെ അവസാന കാലം ചിലവഴിക്കാനായി കാശിയിലെത്തുന്നു .
നിരവധി സ്നാന ഘട്ടുകള്‍ നിറഞ്ഞതില്‍ പ്രധാനം മണികര്ണ്ണികാഘട്ടാണ്. ഇവിടെ എരിയുന്ന ശവദാഹ തീ ഒരിക്കലും അണയാറില്ല എന്നാണ് പറയപ്പെടുന്നത്. പണ്ടുകാലത്ത് നിരവധി രാജാക്കന്മാരുടെ സന്ദര്‍ശന കേന്ദ്രമായിരുന്നു കാശി. ഇവരെല്ലാം താമസിക്കാനായി കെട്ടിടങ്ങളും ,സ്നാനത്തിനായി പ്രത്യേകയിടവും,ഘട്ടുകളും സ്വകാര്യ സ്വത്തായി പണിതിരുന്നു. ഇതെല്ലാം കൊണ്ടുതന്നെ വിവിധ സംസ്കാരങ്ങളുടെ സംഗമസ്ഥാനം കൂടിയാണിവിടം. ജനങ്ങള്‍ തിങ്ങി നിറഞ്ഞ് താമസിക്കുന്ന കാശിയില്‍ പുതുതായി കെട്ടിടങ്ങളും നിര്‍മിക്കാനാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ശിവന്റെ നഗരിയായ കാശിയില്‍ ശിവഭഗവാന്റെയും ഗംഗാനദിയുടെയും പ്രാധാന്യം വെളിപ്പെടുത്തുന്ന വിവരണങ്ങളോടെ ഒരു മ്യൂസിയം ഇല്ല എന്ന കാര്യം എന്നെ വിഷമിപ്പിച്ചിരുന്നു. പ്രതിദിനം പതിനായിരത്തിലധികം സഞ്ചാരികള്‍ വന്നെത്തുന്ന നഗരത്തില്‍ ഇത്തരമൊരു മ്യൂസിയത്തിലൂടെ മികച്ച വരുമാനം സര്‍ക്കാരിലെത്തും. കൂടാതെ നമ്മുടെ സാംസ്കാരിക പ്രാധാന്യം സന്ദര്ശകരിലെത്തിക്കുകയുമാവാം.
സര്‍വ്വീസിലിരിക്കെ ഞാന്‍ ആര്‍ക്കിയോളജിയുടെ കൈവശമുള്ള സ്ഥലം വിനിയോഗിച്ച് മ്യൂസിയം നിര്‍മിക്കാനുള്ള പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചു. ഗംഗാനദിക്കരയിലെ വലിയ ഘട്ടായ ദശാശ്വമേധിന് സമീപമുള്ള മന്മന്ദിറാണ് മ്യൂസിയത്തിന് യോഗ്യമായ സ്ഥലമായി കണ്ടെത്തിയിരുന്നത്. അധികൃതരില്‍ നിന്നും മറുപടി വരും മുമ്പെ സ്ഥലം മാറ്റവുമായി.
കുറച്ചു മാസങ്ങള്‍ക്കു മുമ്പ് വാരാണസിയുടെ വികസനം ചര്‍ച്ച ചെയ്യാനായി സംഘടിപ്പിച്ച ചടങ്ങില്‍ ഈ ആശയം അവതരിപ്പിച്ചു. സെമിനാര്‍ സംഘടിപ്പിച്ചത് ഹിന്ദിയില്‍ വളരെ പ്രചാരമുള്ള പത്രമായ ദൈനിക് ജാഗരണായിരുന്നു. വാരാണസിക്ക് പുറത്തുനിന്ന് സെമിനാറില്‍ പ്രസംഗിക്കാനായി ഞാന്‍ മാത്രമാണുണ്ടായത്. ആദ്യത്തെ സെഷനിലായിരുന്നു എന്റെ പ്രസംഗം. ലോകത്തിലെ ഏറ്റവും പഴയ ജീവിക്കുന്ന നഗരങ്ങളില്‍ ഒന്നായതിനാല്‍ ബനാറസിനെ വേള്‍ഡ് ഹെറിറ്റേജ് സിറ്റിയിലേക്ക് കൊണ്ടു വരാന്‍ ശ്രമിച്ചാല്‍ അത് ബനാറസിന്റെ വികസനത്തിനുള്ള ആദ്യത്തെ നാഴികക്കല്ലാകുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ കരഘോഷം മുഴങ്ങി.
ആര്യാവര്ത്തത്തിന്റെ ഹൃദയഭാഗമാണ് വാരാണസിയെന്ന് സംസ്കൃതശ്ലോകങ്ങളുടെ അടിസ്ഥാനത്തില്‍ സമര്‍ത്ഥിച്ചപ്പോള്‍ സദസ്സ് നിറമനസ്സോടെ സ്വീകരിച്ചു. ശിവാജിക്കും ഗംഗക്കും വേണ്ടിയുള്ള മ്യൂസിയത്തെക്കുറിച്ചുള്ള അഭിപ്രായവും അതേ ഉല്‍സാഹത്തോടെ നിറഞ്ഞ സദസ്സ് സ്വീകരിച്ചു. ബിജെപി പ്രസിഡന്റ് അമിത്ഷാ വന്നപ്പോള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ വെച്ച ആദ്യ പദ്ധതി ഞാനവതരിപ്പിച്ച വാരാണസിയുടെ വേള്‍ഡ് ഹെറിറ്റേജ് പ്രപ്പോസലായിരുന്നു. ഉടനെ തന്നെ അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാരും എഎസ്ഐയും ഒത്തൊരുമിച്ച് പ്രവര്‍ത്തനം തുടങ്ങാന്‍ സമയം അതിക്രമിച്ചുവെന്ന അഭിപ്രായവും പങ്കുവെക്കട്ടെ.
ലോകമാകെ 280 നഗരങ്ങളാണ് ലോക പൈതൃകപദവിയിലുള്ളത്. ആ പട്ടികയിലാകട്ടെ എത്തിച്ചേരാന്‍ ഏറ്റവും യോഗ്യമായ നഗരമാണ് കാശി. മുന്‍ സര്‍ക്കാരിന്റെയും ആര്‍ക്കിയോളജി വകുപ്പിന്റെയും പിടിപ്പുകേടാണ് ഈയൊരു പദവിയില്‍ എത്തിച്ചേരാന്‍ കാശിക്ക് കഴിയാതിരുന്നത്. ഭാരതത്തില്‍ നിന്ന് ഒരു നഗരംപോലും ഈ പട്ടികയിലില്ലാതിരുന്നത് നിര്‍ഭാഗ്യകരമാണ്. ശ്രീലങ്കയില്‍ രണ്ടും നേപ്പാളില്‍ നിന്നും മൂന്നും നഗരങ്ങള്‍ പൈതൃക നഗരമായി തിരഞ്ഞെടുത്തിരിക്കുന്നു.
ഇവിടങ്ങളെക്കാള്‍ എല്ലാം ചരിത്ര പ്രാധാന്യം കാശിക്കാണ്. ഇതു പറഞ്ഞു ഫലിപ്പിക്കാനോ, കാശിയുടെ പുനരുദ്ധാരണത്തിനോ മാറിവരുന്ന സര്‍ക്കാരുകള്‍ ആരും ശ്രമിച്ചിട്ടില്ല. ദല്‍ഹി, ബോംബെ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളാണ് പൈതൃക പട്ടികയിലേക്ക് പരിഗണനക്കായി സമര്‍പ്പിച്ചത്. എന്നാല്‍ ചരിത്രപരമായി ഇവയെക്കാളും പ്രാധാന്യം കാശിക്കാണ്. ദീര്‍ഘ വീക്ഷണത്തോടെയുള്ള സമീപനമാണ് ഇതിന് ആവശ്യം.
*****************************
പരിചയപ്പെടാം
മുഹമ്മദ് എന്ന മലയാളിയെ…
1952 ജൂലൈ ഒന്നിനാണ് ജനനം.കൊടുവള്ളി ഹൈസ്കൂളില്‍ പഠന ശേഷം ചരിത്രമുറങ്ങുന്ന സ്ഥലങ്ങളില്‍ പഠിക്കണമെന്ന ആഗ്രഹത്തോടെ പ്രീ-യൂണിവേഴ്സിറ്റി പഠനത്തിനായി അലിഗഡിലേയ്ക്ക്. അവിടെനിന്നും ബിഎ ചരിത്ര ബിരുദവും ബിരുദാനന്തര ബിരുദവും നേടുന്നു. പിന്നീട് ഗവേഷണത്തിന് പ്രവേശനം തടയപ്പെട്ടതിനാല്‍ ന്യൂ ദല്‍ഹിയില്‍ നിന്നും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ആര്‍ക്കിയോളജി കോഴ്സ് പഠനം. അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ തിരിച്ച് എത്തി ടെക്നിക്കല്‍ അസിസ്റ്റന്റായി നിയമനം നേടുന്നു. പിന്നീട് അസിസ്റ്റന്റ് ആര്‍ക്കിയോളജിസ്റ്റ് പദവിയില്‍.അക്ബര്‍ സ്ഥാപിച്ച ദിന് – ഇലാഹിയുടെ രൂപീകരണ ചര്‍ച്ചകള്‍ നടന്ന സ്ഥലം, ഉത്തരേന്ത്യയിലെ ആദ്യ ക്രൈസ്തവ പള്ളി എന്നിവ കൃത്യമായി കണ്ടെത്തുന്നതോടെ യുപിഎസ്സി വഴി ഡെപ്യൂട്ടി സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് ആയി ഔദ്യോഗിക ജീവിതത്തിന് തുടക്കം.
സര്‍വീസ്
ഒരെത്തിനോട്ടം
1988 ചെന്നൈയില്‍ ആദ്യ നിയമനം. അവിടെ സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് ബി.നരസിംഹയ്യയുടെ കീഴില്‍ പ്രവര്‍ത്തിക്കവെ തമിഴ്നാട്ടിലെ മഹാബലിപുരം ഷോര്‍ ടെംബിളിനടുത്ത് മറവിയിലാണ്ടു കിടന്നിരുന്ന ക്ഷേത്രം കണ്ടെത്തുന്നു.
തൃശ്ശൂര്‍ കുംന്നംകുളത്തിനടുത്ത് മഹാശില സംസ്കാരത്തിന്റെ ഭാഗങ്ങള്‍ ഉദ്ഖനനം ചെയ്യുന്നു.
1991 – 97 ഗോവയില്‍.
1997 – 2001 സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റായി ഉദ്യോഗകയറ്റത്തോടെ ബിഹാറിലെ പട്നയില്‍
2001 -03 ആഗ്ര – യുപിയില്‍
2003 -2004 ഛത്തിസ്ഗഡ് സര്‍ക്കിളില്‍
2004 – 2008 മധ്യപ്രദേശിലെ ഭോപ്പാലിലേക്ക്
2012 -ല്‍ റീജണല്‍ ഡയറക്ടര്‍ (നോര്‍ത്ത്) ആയി വിരമിക്കുന്നു.
പൈതൃക സമ്പത്ത്,
മുഹമ്മദിന്റെ വീക്ഷണത്തില്‍
ഏതൊരു സമൂഹത്തിലും പുതുചിന്തകള്‍ വളര്‍ത്താനും ആത്മവിശ്വാസമേകാനും പഴമയെക്കുറിച്ചുള്ള അറിവാണ് ഉത്തമം. ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ജപ്പാനും ജര്‍മ്മനിയും തകര്‍ന്നടിഞ്ഞു കിടന്നിരുന്ന കാലമുണ്ടായിരുന്നു. ആ അവസ്ഥയില്‍ നിന്നും ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉണര്‍ന്ന് എഴുന്നേല്ക്കാന് കേവലം കുറഞ്ഞ വര്‍ഷങ്ങള്‍ മാത്രമായിരുന്നു ആവശ്യം. ഇതിനു കാരണമായ ആത്മബലം ലഭിച്ചത് മുന്‍പു കാലത്ത് അവര്‍ ഇങ്ങനെയൊക്കെ ആയിരുന്നുവെന്ന ചിന്തകള്‍ ആയിരുന്നു. ഈ ചിന്തകളിലൂടെ കര്‍മ്മനിരതരുമായി.
നമുക്ക് ഇതിനുള്ള മാര്‍ഗ്ഗമാണ് അമൂല്യവും, പകരം വെക്കാനില്ലാത്തതുമായ പൈതൃക സ്മാരകങ്ങളടങ്ങിയ സമ്പത്ത്. ഇവ കാണുന്നതിലൂടെ ആത്മീയവും ഭൗതികവുമായ ഉണര്‍വ് ലഭിക്കുന്നു എന്നതാണ് മുഖ്യ സവിശേഷത. അതുവഴി പുതിയൊരു സമൂഹത്തെ വളര്‍ത്തിയെടുക്കുവാനും കഴിയും.എങ്കില്‍ മാത്രമാവും ലോക ഗുരുവായിരുന്ന ഭാരതത്തെ ആ സ്ഥാനത്തേക്ക് എത്തിക്കാന്‍ കഴിയുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: