പുനലൂര്‍: കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മപ്പെടുത്തലെന്നവണ്ണം പുത്തന്‍ തലമുറയ്ക്ക് അന്യമാകുന്ന കൃഷിയും കൃഷിരീതികളും കൊയ്ത്തും മെതിയുമൊക്കെ മനസിലാക്കാന്‍ പുനലൂര്‍ ഗവ.ഹയര്‍സെക്കണ്ടറിസ്കൂളിലെ 40 അംഗ എന്‍എസ്എസ് വാളണ്ടിയര്‍മാരാണ് കൊയ്ത്തുത്സവത്തില്‍ പങ്കെടുത്തത്.
2004ലെ ഏറ്റവും നല്ല കര്‍ഷകനുള്ള അവാര്‍ഡ് ജേതാവായ വെഞ്ചേമ്പ് നസീറിന്റെ എട്ടുപറ പാടത്താണ് കൊയ്ത്തുത്സവം നടന്നത്. കൊയ്ത്തുത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കൃഷിരീതികളെക്കുറിച്ചും മറ്റും നസീര്‍ പറഞ്ഞു മനസിലാക്കി. കുട്ടികള്‍ക്കൊപ്പം സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എല്‍.ഗോപകുമാര്‍, പിടിഎ പ്രസിഡന്റ് ആര്.അജികുമാര്‍, വോളണ്ടിയര്‍ ലീഡര്‍ അന്‍വര്‍, അജ്ഞലി, പ്രോഗ്രാം ഓഫീസര്‍ അബ്ദുള്‍മനാഫ് എന്നിവര്‍ പങ്കെടുത്തു.
കൊയ്ത്തും കൊയ്ത്തുപാട്ടുമൊക്കെ അരങ്ങേറിയിരുന്ന പാടങ്ങള്‍ ഏറെയും റബറും മരച്ചീനിയും വാഴകൃഷിയുമൊക്കെയായി വഴിമാറിയപ്പോള്‍ നെല്‍കൃഷിയും കൊയ്ത്തുമൊക്കെ പുത്തന്‍തലമുറയ്ക്ക് അന്യമാകുകയാണ്. കൊല്ലം ജില്ലാപഞ്ചായത്ത് മുന്‍കൈയെടുത്ത് നെല്‍കൃഷിക്ക് ആവശ്യമായ പ്രോത്സാഹനം നല്കുമ്പോഴും നെല്‍കൃഷി ഏറ്റെടുത്ത് നടത്താന്‍ ആളില്ലാത്ത അവസ്ഥയാണെന്നും കര്‍ഷകര്‍തന്നെ പറയുന്നു.
ഞാറ് നടാനും കൊയ്യാനുമൊന്നും ജോലിക്കാരെ കിട്ടാത്ത അവസ്ഥയില്‍ കൊയ്ത്ത് നാട്ടില്‍ നിന്നും അന്യമാകുന്ന കാഴ്ചയാകും അടുത്തനാളുകളില്‍ ഉണ്ടാവുക. എന്നാല്‍ കേരളാ-തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളായ തെങ്കാശി, ചെങ്കോട്ട മേഖലകളില്‍ ഏക്കറുകണക്കിന് പാടങ്ങളിലാണ് കൊയ്ത്തു നടക്കുന്നത്. കേരളത്തില്‍ കാലികള്‍ക്ക് ആവശ്യമായ വൈക്കോല്‍ എത്തുന്നതും തമിഴ്നാട്ടില്‍ നിന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: