ആലപ്പുഴ: സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ആലപ്പുഴ നഗരത്തിലെ കനാലുകളിലെ പോള വാരല്‍ ഫെബ്രുവരി 23ന് ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. കനാല്‍ സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട് കൂടിയ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
മാര്‍ച്ച് 31നു മുമ്പ് ഒമ്പതു കനാലുകളും വൃത്തിയാക്കും. വാടക്കനാല്‍, കൊമേഴ്സ്യല്‍ കനാല്‍, വെസ്റ്റ് ജങ്ഷന് കനാല്‍, ഈസ്റ്റ് ജങ്ഷന് കനാലുകളിലെ പോളവാരല്‍ 23 മുതല്‍ ആരംഭിക്കും. തുടര്‍ന്ന് എഎസ് കനാല്‍, മുറിഞ്ഞപുഴ കനാല്‍, ആലപ്പുഴ-അമ്പലപ്പുഴ കനാല്‍, ഉപ്പൂട്ടില്‍ കനാല്‍, കൊട്ടാരം കനാല്‍ എന്നിവയും വൃത്തിയാക്കും. ഒരാഴ്ചകൊണ്ട് പോള വാരല്‍ പൂര്‍ത്തീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്കി.
സൗന്ദര്യവത്കരണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താന്‍ എല്ലാ ആഴ്ചയിലും യോഗം വിളിക്കും. കിറ്റ്കോ നടത്തുന്ന സൗന്ദര്യവത്കരണ പ്രവൃത്തികളെ ബാധിക്കാത്ത നിലയിലാണ് പോള വാരല്‍ ക്രമീകരിച്ചിരിക്കുന്നത്. അടുത്ത അവലോകന യോഗം ഫെബ്രുവരി 28ന് ഉച്ചയ്ക്ക് ഒന്നിനു കളക്ട്രേറ്റില്‍ ചേരും. ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തോമസ് വര്‍ഗീസ്, ഡിടിപിസി സെക്രട്ടറി സി. പ്രദീപ്, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി. രവീന്ദ്രന്, വി. വരദരാജന്, എസ്. ജയകുമാരി, ഇ.എം. ശ്രീദേവി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: