എരുമേലി: ജനകീയ പോലീസ് സംവിധാനത്തെ സഹായിക്കാനെന്ന പേരില്‍ തുടങ്ങിയ പോലീസ് റസിഡന്റ്സ് അസോസിയേഷന്റെ മറവില്‍ കുടുംബശ്രീ യൂണിറ്റുകളില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായി പരാതി. പഞ്ചായത്തിലെ എട്ടാംവാര്‍ഡ് നര്‍മ്മദാ കുടുംബശ്രീ, ജനനീ റസിഡന്റ്സ് അസോസിയേഷന് എന്നിവയുടെ പ്രസിഡന്റായ പാത്തിക്കാവ് സ്വദേശിനി ഷൈലാ മമ്മദിനെതിരെയാണ് അംഗങ്ങളുടെ പരാതി.
ഫെബ്രുവരി 10ല്‍ ടിഎഫ്സി 25 (433)/2015 കെടിഎം നമ്പറായി വിജിലന്‍സിന് ലഭിച്ച പരാതിയിന്മേല് ജില്ലാ മിഷന് കോര്‍ഡിനേറ്ററും കുടുംബശ്രീ ഓഡിറ്റ് സംഘവുമായ കാസ്സിന്റെ പ്രതിനിധികളും പഞ്ചായത്താഫീസിലെത്തി പരാതിക്കാരിയായ ശോഭാരാജേന്ദ്രന്, മറ്റ് അംഗങ്ങള്‍ എന്നിവരില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചു.
ജനനീ റസിഡന്റ്സ് അസോസിയേഷന്റെ പ്രസിഡന്റായി നിലനില്‍ക്കെ വനിതകളുടെ കുടുംബശ്രീ യൂണിറ്റിന്റെ കൂടി പ്രസിഡന്റായി ഒരാളെത്തന്നെ തെരഞ്ഞെടുത്തതിലെ സംശയങ്ങളാണ് ലക്ഷങ്ങളുടെ അഴിമതിക്കഥ പുറത്താകാന്‍ വഴിയൊരുക്കിയത്. കുടുംബശ്രീ അംഗങ്ങളുടെ പേരില്‍ ബാങ്കില്‍ നിന്നും നാലുലക്ഷത്തോളം രൂപ വായ്പയായി എടുത്തിട്ടുണ്ടെന്നും ഇതില്‍ പല അംഗങ്ങള്‍ക്കും വായ്പ ലഭിച്ചിട്ടില്ലെന്നും പറയുന്നു. ബാങ്ക് വായ്പ എടുത്തിട്ടുണ്ടെന്നും കഴിഞ്ഞ രണ്ടുവര്‍ഷമായി കുടുംബശ്രീ യൂണിറ്റ് വായ്പ തിരിച്ചടവ് നടത്തിയിട്ടില്ലെന്നും പഞ്ചായത്ത് സിഡിഎസ് വിഭാഗത്തിന്റെ അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്.
വായ്പ വാങ്ങിത്തരാമെന്ന് പറഞ്ഞ് 75 അംഗങ്ങളില്‍ നിന്നും 3,100രൂപ വീതം കൈപ്പറ്റിയിട്ടുണ്ടെന്നും മണിമല സിഐയ്ക്ക നല്കിയ പരാതിയിലും അംഗങ്ങള്‍ പറയുന്നു. പോലീസ് റസിഡന്റ്സ് അസോസിയേഷനിലെ അംഗമായതിനാല്‍ വ്യാജകേസുകല് നല്കി പരാതിക്കാരെ കുടുക്കുമെന്ന ഭീഷണിയെ തുടര്‍ന്നാണ് നാളിതുവരെ പരാതികള്‍ കൊടുക്കാതിരുന്നതെന്നും അംഗവും പരാതിക്കാരിയുമായ ശോഭാരാജേന്ദ്രന് പറഞ്ഞു.
വിവിധ സ്വയംതൊഴില്‍ പദ്ധതികളുടെ പേരില്‍ കുറഞ്ഞ പലിശയ്ക്ക് ലഭിക്കുന്ന പണം വന്‍പലിശയ്ക്ക് ബ്ലേഡുകാര്‍ക്ക് കൊടുക്കുകയാണെന്നും കുടുംബശ്രീ കണക്കുകളെ സംബന്ധിച്ചും റെക്കോഡുകളെ സംബന്ധിച്ചും അംഗങ്ങള്‍ക്ക് ഒന്നുമറിയില്ലെന്നും നാട്ടുകാര്‍പോലും പറയുന്നു.
കുടുംബശ്രീ പ്രസിഡന്റിനെതിരെ മുമ്പും ഇത്തരത്തില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും തെളിവുകള്‍ ഇല്ലാത്തതു മൂലവും രേഖാമൂലം പരാതികള്‍ ലഭിക്കാത്തതിന്റെ പേരിലും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ലെന്ന് പഞ്ചായത്ത് അധികൃതരും പറഞ്ഞു. എന്നാല്‍ കുടുംബശ്രീകളുടെ പേരില്‍ നടത്തുന്ന ലക്ഷങ്ങളുടെ തട്ടിപ്പിന് പഞ്ചായത്തിലെ തന്നെ ചില ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കുന്നതായും പറയുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തട്ടിപ്പുനടത്തിക്കൊണ്ടിരിക്കുന്നയാള്ക്കെതിരെ പരാതി നല്‍കിയിട്ടും ഇനിയും നടപടികളെടുക്കുന്നില്ലെങ്കില്‍ കോടതി അടക്കം ഉന്നതാധികാരികളെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് അംഗങ്ങളും നാട്ടുകാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: