ആലപ്പുഴ: സിപിഎം സംസ്ഥാന സമ്മേളനത്തിന് ഫെബ്രുവരി 20ന്കൊടിയുയര്ത്തുന്നത് പാര്‍ട്ടി വിരുദ്ധനെന്ന് സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സെക്രട്ടറിയും ആക്ഷേപിച്ച മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്. പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ വിധിവൈപരത്യമാണിത്. വിഎസിനെ വേട്ടയാടാന്‍ നടത്തുന്ന സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയര്മാന് വിഎസ് തന്നെയാണെന്നതും മറ്റൊരു വിരോധാഭാസം.
പാര്‍ട്ടി വിരുദ്ധനെന്ന് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ച വി.എസ്. അച്യുതാനന്ദനെ പങ്കെടുപ്പിച്ച് സമ്മേളനം നടത്തുന്നതിലൂടെ പാര്‍ട്ടിയുടെ ഗതികേട് വ്യക്തമാകുകയാണ്. പൊതുസമ്മേളനത്തില്‍ ആശംസാ പ്രാസംഗികനായും വിഎസ് എത്തും. അതിനിടെ വിഎസിന്റെ ജന്മനാട്ടില് വിഎസിനെ വെട്ടിനിരത്തിക്കൊണ്ടാണ് പിണറായി വിജയന് സംസ്ഥാന സമ്മേളനത്തിന് തുടക്കമിടുന്നത്. എന്നാല്‍ പോരാട്ടത്തില്‍ നിന്ന് താന്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി വിഎസ് തിരിച്ചടിച്ചു.
പുന്നപ്ര വയലാര്‍ സമരത്തിന്റെ നാട്ടില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം വിഎസ്-പിണറായി പോരില്‍ മുങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്. സമ്മേളന പ്രതിനിധികളും, സംസ്ഥാന-കേന്ദ്ര നേതാക്കളും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കുമ്പോള്‍ വിഎസ് പുന്നപ്രയിലെ സ്വന്തം വീട്ടിലാണ് കഴിയുന്നത്. ഇന്നു രാവിലെ 10ന് കളര്‍കോട് യെസ്കെ കണ്വന്ഷന് സെന്ററില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുക. 23ന് ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെ സമ്മേളനം അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: