കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുന്‍പ് വി.എസ്. അച്യുതാനന്ദന് സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ തയ്യാറാക്കിയ രേഖ വിവാദമാകും. പിണറായിയെ നേരിട്ട് ആക്രമിക്കുന്നതാണ് കുറിപ്പ്.
40 വര്‍ഷവും സിപിഎമ്മിനൊപ്പം പ്രവര്‍ത്തിച്ച ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം പാര്‍ട്ടിയെ വല്ലാതെയുലച്ചെന്ന് പറയുന്ന കുറിപ്പില്‍ ഒഞ്ചിയത്ത് പാര്‍ട്ടി വിട്ട സഖാക്കളെ മടക്കിക്കൊണ്ടുവരാന്‍ തന്നോട് അഭ്യര്‍ഥിച്ചത് പിണറായി തന്നെയാണെന്നും വി എസ് വ്യക്തമാക്കുന്നു. അതനുസരിച്ച് താന്‍ അവരെ മടക്കിക്കൊണ്ടുവരാന്‍ ഒഞ്ചിയത്തു പോയി. ഈ സമയത്താണ് പിണറായി അവരെ കുലംകുത്തികളെന്നു വിളിച്ചത്. പാര്‍ട്ടിയിലേക്ക് മടങ്ങാമെന്ന് അവര്‍ കരുതേണ്ടെന്നും പറഞ്ഞു. പിണറായിയുടെ മനസില്‍ പാര്‍ട്ടി താല്‍പ്പര്യമല്ല, തരംതാണ വ്യക്തിവൈരാഗ്യമായിരുന്നു ഉണ്ടായിരുന്നതെന്ന് ഇതോടെ മനസിലായി, വിഎസ് തുടരുന്നു.
പാര്‍ട്ടി നിരന്തരം ടിപിയെ വേട്ടയാടി. ഒടുവില്‍ കൊന്നു. ക്രൂരമായ ഈ കശാപ്പ് തീര്‍ത്തും അപൂര്‍വ്വമാണ്. പതിമൂന്നാം പ്രതി കുഞ്ഞനന്തന്റെ വീട്ടിലാണ് ഗൂഢാലോചന നടന്നതെന്നും പത്താം പ്രതി കെ.സി. രാമചന്ദ്രനും അതില്‍ പങ്കെടുത്തെന്നും കോടതിവിധിയില്‍ പറയുന്നു. ഗൂഢാലോചനയാണ് രാമചന്ദ്രനെതിരെ തെളിഞ്ഞ കുറ്റം. എന്നാല്‍ കുഞ്ഞനന്തന്റെയും മനോജന്റെയും കുറ്റം വ്യത്യസ്തമാണ്. ഇവര്‍ സ്ഥിരം വാടകക്കൊലയാളികളുമായി ബന്ധപ്പെട്ടിരുന്നു. സിപിഎമ്മിന്റെ രാഷ്ട്രീയ വൈരമാണ് കൊലയില്‍ കലാശിച്ചതെന്ന് വിധിയില്‍ പറയുന്നു, വിഎസ് കുറിപ്പില്‍ തുടര്‍ന്നു.
പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് നാം പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ വാടകക്കൊലയാളികള്‍ക്ക് ഒപ്പം മൂന്നു പാര്‍ട്ടി അംഗങ്ങള്‍ക്കും ജീവപര്യന്തം ലഭിച്ചു. മാത്രമല്ല മുഖ്യആസൂത്രകനായ കുഞ്ഞനന്തനെ പാര്‍ട്ടി തുടര്‍ച്ചയായി ന്യായീകരിക്കുകയും ചെയ്യുന്നു. പാര്‍ട്ടിയെ ദുഷിപ്പിക്കുകയും ഉന്മൂലനത്തില് ഏര്‍പ്പെടുകയും ചെയ്തവരെ പാര്‍ട്ടി സംരക്ഷിക്കുന്നു. ഇത്തരം ചെയ്തികള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. അതിന് എന്നെ പഴിചാരുന്നത് വസ്തുതകളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്.കെ.സി. രാമചന്ദ്രനെ പുറത്താക്കി. അത്രയെങ്കിലും സംഭവിച്ചത് വലിയ കാര്യം. എന്നാല്‍ പുറത്താക്കിയ ശേഷവും പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ അടക്കം രാമചന്ദ്രനെ സന്ദര്‍ശിച്ചു. ഇതു തെറ്റായ സന്ദേശമാണ് നല്‍കുന്നത്.
രാമചന്ദ്രനേക്കാള്‍ കുഞ്ഞനന്തനും മനോജനുമാണ് കൂടുതല്‍ തെറ്റുകാര്‍ എന്ന് തെളിഞ്ഞിട്ടുണ്ട്. അതിനു ശേഷവും അവരെ പാര്‍ട്ടി ന്യായീകരിക്കാന്‍ നിര്ബന്ധിതമാകുന്നുണ്ടെങ്കില് അതിന്റെ കാരണം പരിശോധിക്കണം. കുഞ്ഞനന്തനും മനോജനും വായ തുറക്കുമെന്ന് ഭയന്നല്ലേ അദ്ദേഹം (പിണറായി വിജയന്) ഇത്തരം നിലപാട് എടുക്കുന്നത്. ഇതിന്റെ ഫലമായി പാര്‍ട്ടിക്കുണ്ടായ തിരിച്ചടി തിരിച്ചറിയണം. ഈ അംഗങ്ങളെ പാര്‍ട്ടി പുറത്താക്കണം.
പാര്‍ട്ടിവിരുദ്ധ നിലപാട് എടുക്കുന്നവരെ വേട്ടയാടി വകവരുത്തുയെന്നത് പാര്‍ട്ടി നയമാണോയെന്ന് പരിശോധിക്കണം. ജനം ഒരു കാലത്തും ഈ ഫാസിസ്റ്റ് മനോഭാവം അംഗീകരിക്കില്ല.
കേരളത്തിലെ പാര്‍ട്ടി നേതൃത്വവും അവരുടെ അഹങ്കാരവും ഇടതു മുന്നണിയെ വിഘടിപ്പിക്കുകയാണ്. വീേരന്ദ്രകുമാറിന്റെ ജനതാദള്‍ എല്‍ഡിഎഫ് വിട്ടു. പൊന്നാനി സീറ്റ് പിടിച്ചെടുത്തത് മദനി നിര്‍ദ്ദേശിച്ച ആര്‍ക്കോ നല്‍കാനായിരുന്നു. അതിനായി നമ്മള് സിപിഐയുമായി വഴക്കിട്ടു. ഒരു ഘട്ടത്തില്‍ മുന്നണിവിടുമെന്നുവരെ സിപിഐ സെക്രട്ടറി വെളിയം ഭാര്ഗവന് ഭീഷണിപ്പെടുത്തി. പ്രചാരണകാലത്ത് മദനിയുമായി വേദി പങ്കിട്ടു. ഇവയെല്ലാം കാരണം ലോക്സഭാസീറ്റ് നാലായി കുറച്ചു. നേതൃത്വത്തിന്റെ അഹങ്കാരമാണ് ഇതിനു കാരണം. തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ആര്‍എസ്പിയും മുന്നണിവിട്ടു. ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടും അവര്‍ കാത്തു നില്‍ക്കാതെ പോയെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പറയുന്നത്. ഇത് വസ്തുതാപരമായി ശരിയോയെന്ന് നാം പരിശോധിക്കണം.
പാര്‍ട്ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും മുന്‍പ് എം.എ. ബേബിയുടെ ചിത്രം വച്ചുള്ള പോസ്റ്റര്‍ കൊല്ലത്ത് പ്രത്യക്ഷപ്പെട്ടു. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും മുന്‍പ് പത്തനംതിട്ടയില്‍ പീലിപ്പോസ് തോമസിന്റെ പ്രചാരണം ആനത്തലവട്ടം ആനന്ദന് ഉദ്ഘാടനം ചെയ്തു. ഈ നടപടി നേതൃത്വത്തിന്റെ അറിവോടെയല്ലായിരുന്നോ? വിഎസ് ചോദിക്കുന്നു.
നമ്മുടെ സ്ഥാനാര്‍ഥികളെ ഏകപക്ഷീയമായി തീരുമാനിക്കുകയും പ്രചാരണം തുടങ്ങുകയും ചെയ്ത ശേഷം ആര്‍എസ്പിയെ സീറ്റ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചുവെന്ന് പറയുന്നതില്‍ എന്തര്‍ഥമാണ്. രണ്ട് അസംബഌ സീറ്റുമാത്രമുള്ള പാര്‍ട്ടിക്കെങ്ങനെ ഒരു പാര്‍ലമെന്റ് സീറ്റ് ചോദിക്കാന്‍ കഴിയുമെന്നും പാര്‍ട്ടി സെക്രട്ടറി ചോദിക്കുന്നു. ആര്‍എസ്പിയെ അവഗണിച്ച് പീലിപ്പോസ് തോമസിന് സീറ്റു നല്കിയപ്പോള് അദ്ദേഹത്തിന് എത്ര സീറ്റ് ഉണ്ടായിരുന്നു? വിഎസ് ചോദിച്ചു. സഖാക്കളോട് കാട്ടുന്ന സേച്ഛാധിപത്യസമീപനവും അഹങ്കാരവുമാണ് സഖ്യകക്ഷികളോടും കാണിച്ചത്. ഈ അഹങ്കാരമാണ് എല്‍ഡിഎഫിന്റെ അടിത്തറ തകര്‍ത്തത്.
മദനിയുമായി കൂട്ടുചേരുക, ലീഗുമായി തന്ത്രപരമായ സഖ്യമുണ്ടാക്കുക, നമോമഞ്ച് പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുക തുടങ്ങിയവയെല്ലാം റിവിഷനിസ്റ്റ് രീതിയാണ്. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിനെതിരെ പ്രഖ്യാപിച്ച സമരങ്ങള്‍ സംഘനാപരമായ പിഴവിന് മികച്ച ഉദാഹരമാണ്. സോളാര്‍ സമരം തന്നെ ഉദാഹരണം. ലക്ഷ്യങ്ങള്‍ ഒന്നും നേടാതെ സമരങ്ങള്‍ അവസാനിച്ചു. വിഎസ് കത്തില്‍ തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: