പൂച്ചാക്കല്‍: സ്കൂളിലേയ്ക്ക് പുറപ്പെട്ട വള്ളം വേമ്പനാട്ടു കായലില്‍ മറിഞ്ഞു, വിദ്യാര്‍ത്ഥികള്‍ അടക്കം നാലുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. രക്ഷയ്ക്ക് എത്തിയത് മത്സ്യത്തൊഴിലാളി. ഫെബ്രുവരി 18ന് രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. പെരുമ്പളം ദ്വീപിലെ ഉപ്പുതുരുത്തില് നിന്ന് വടുതല ജമാഅത്ത് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ സൂരജ് (ആറ്) ഇതേ സ്കൂളിലെ യുകെജി വിദ്യാര്‍ത്ഥിയായ സൂര്യ (നാല്) ഇവരുടെ മുത്തശി തുരുത്തേല്‍ ലീല ജയദേവന് (51) അമ്മ ഷീബ (25)എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
പെരുമ്പളത്തെ മുക്കണ്ണം ചിറയില്‍ നിന്ന് പുറപ്പെടുന്ന ബോട്ടില്‍ കുട്ടികളെ യാത്രയാക്കുവാന്‍ സ്വന്തം വള്ളത്തില്‍ വേമ്പനാട്ടു കായലിലൂടെ യാത്ര ചെയ്യവെ പാണാവള്ളി ജെട്ടിയില്‍ നിന്നും അമിത വേഗത്തില്‍ വന്ന ബോട്ടിന്റെ ഓളത്തില്‍ ആടിയുലഞ്ഞ് വള്ളം മറിയുകയായിരുന്നു.
ശക്തമായ അടിയോഴുക്കും ഏറ്റവും അഴമേറിയ വേമ്പനാട്ടുകായലിലാണ് അപകടം ഉണ്ടായത്. ഇതെ സമയം സമീപത്ത് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന ദ്വീപിലെ കൊത്തളത്തില്‍ സുബീഷ് (25) മുങ്ങിത്താഴ്ന്ന നാലുപേരെയും രക്ഷപ്പെടുത്തുകയായിരുന്നു. കരയ്ക്ക് എത്തിച്ചവരെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് പെരുമ്പളം ഗവണ്മെന്റ് ആശുപത്രിയില്‍ എത്തിച്ചു.
കൊച്ചുവള്ളത്തില്‍ യാത്രചെയ്യുന്നവരെ കണ്ടിട്ടും വേഗതകുറയ്ക്കാതെ അമിതവേഗത്തില്‍ ബോട്ട് ഓടിച്ചുവെന്ന് അരോപിച്ച് പ്രകോപിതരായ നാട്ടുകാര്‍ യാത്ര ബോട്ട് പിടിച്ചുകെട്ടുകയും പിന്നീട് പോലീസ് സംഭവ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: