ആലപ്പുഴ: പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്നു വിതരണത്തിന്റെ രണ്ടാംഘട്ടം ഫെബ്രുവരി 22ന് നടക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്നു വിതരണവുമായി ബന്ധപ്പെട്ട ഒരുക്കം വിലയിരുത്താന്‍ കൂടിയ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ജനുവരി 18ന് നടന്ന ആദ്യഘട്ടത്തില്‍ ജില്ലയില്‍ 1,45,195 കുട്ടികള്‍ക്ക് തുള്ളിമരുന്നു നല്‍കിയതായി ആര്‍സിഎച്ച് ഓഫീസര്‍ ഡോ. കെ.ബി. മോഹന്‍ദാസ് പറഞ്ഞു. ജില്ലയില്‍ 1,209 ബൂത്തുകളിലൂടെ അഞ്ചു വയസിനുതാഴെയുള്ള കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുന്നത്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍, കുടുംബക്ഷേമ കേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റേഷന്, ബോട്ട് ജെട്ടി എന്നിവിടങ്ങളിലും പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴിയും പ്രതിരോധ തുള്ളിമരുന്നു വിതരണം ചെയ്യും. ഇതിനുള്ള ക്രമീകരണങ്ങളായതായി കളക്ടര്‍ പറഞ്ഞു.
ഡിഎംഒ: ഡോ. കെ.എ. സഫിയാബീവി, ഡെപ്യൂട്ടി ഡിഎംഒ: ഡോ. ജേക്കബ് വര്‍ഗീസ്, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. കെ.ബി. മോഹന്‍ദാസ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ജി. ശ്രീകല, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: