ആലപ്പുഴ: സിപിഐ ജില്ലാ സമ്മേളനത്തിന് വിഭാഗീയതയുടെ നിഴലില്‍ കുത്തിയതോട്ടില്‍ കൊടിയുയര്‍ന്നു. വിഭാഗീയതയില്‍ വല്ല്യേട്ടന് പിന്നിലല്ല തങ്ങളെന്ന് സിപിഐയും തെളിയിക്കുന്നു. സംസ്ഥാന തലത്തില്‍ ശക്തമായ കെ.ഇ. ഇസ്മയില്‍, കാനം രാജേന്ദ്രന് വിഭാഗങ്ങളാണ് ജില്ലയിലും പോരടിക്കുന്നത്. ഇവിടെ പക്ഷെ കാനം വിഭാഗത്തിനാണ് മേധാവിത്തം. സംസ്ഥാന എക്സിക്യൂട്ടിവ് അംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ എ. ശിവരാജനാണ് ഇസ്മയില്‍ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത്.
നിലവിലെ സെക്രട്ടറി പി. തിലോത്തമന് എംഎല്‍എയാണ് കാനം വിഭാഗത്തെ നയിക്കുന്നത്. ജില്ലാ സെക്രട്ടറിയായി തിലോത്തമന് തുടരാനാണ് സാദ്ധ്യത. അല്ലെങ്കില്‍ അപ്രതീക്ഷിതമായ നീക്കങ്ങള്‍ ഉണ്ടാകണം. ജില്ലയിലെ പാര്‍ട്ടിയില്‍ വിഭാഗീയതയില്ലെന്ന് നേതൃത്വം അവകാശപ്പെടുമ്പോഴും ആലപ്പുഴ, ഹരിപ്പാട്, കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, അമ്പലപ്പുഴ, മാരാരിക്കുളം മണ്ഡലം സമ്മേളനങ്ങളില്‍ വിഭാഗീയത മറനീക്കിയിരുന്നു. കഴിഞ്ഞ ദിവസവും കുട്ടനാട്ടില്‍ അമ്പതോളം പ്രവര്‍ത്തകര്‍ വിഭാഗീയതയെ തുടര്‍ന്ന് പാര്‍ട്ടി വിട്ടു.
ആലപ്പുഴ മണ്ഡലം കമ്മറ്റിയിലേക്ക് വോട്ടെടുപ്പ് നടന്നു. സമവായ ചര്‍ച്ച തുടര്‍ച്ചയായി നടത്തി സമ്മേളനം അര്‍ദ്ധരാത്രി കഴിഞ്ഞാണ് പൂര്‍ത്തിയാക്കാനായത്. ജില്ലാ നേതൃത്വം നിര്‍ദേശിച്ച നിലവിലെ മണ്ഡലം സെക്രട്ടറി പി.കെ. സദാശിവന് പിള്ളയെ തള്ളി ഇസ്മയില്‍ വിഭാഗം മത്സരത്തിലൂടെ കമ്മറ്റി പിടിച്ചെടുത്തു. ഇസ്മയില്‍ പക്ഷക്കാരനായ വി.എം. ഹരിഹരന് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഹരിപ്പാട്, ആലപ്പുഴ, ചെങ്ങന്നൂര്‍, കായംകുളം തുടങ്ങിയ മണ്ഡലങ്ങളില്‍ ഇസ്മയില്‍ പക്ഷത്തിനും മാരാരിക്കുളം, ചേര്‍ത്തല തെക്ക് തുടങ്ങിയ മണ്ഡലങ്ങളില്‍ കാനം പക്ഷത്തിനുമാണ് മേല്‍ക്കൈ. പത്തിയൂരില്‍ ചിലര്‍ സമാന്തര സിപിഐ വരെ രൂപികരിച്ചു. മാവേലിക്കരയില്‍ ഔദ്യോഗിക പക്ഷത്തെ വെല്ലുവിളിച്ച് സമാന്തര കണ്‍വന്‍ഷനും യോഗവും വരെ നടന്നു.
പല മണ്ഡലം സമ്മേളനങ്ങളിലും ജില്ലാ സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുത്തതുപോലും ആസൂത്രിതമായായിരുന്നെന്ന് വിമര്‍ശനമുയര്‍ന്നു. നിലവിലെ സാഹചര്യത്തില്‍ പി. തിലോത്തമന് സെക്രട്ടറിയായി തുടരാനാണ് സാദ്ധ്യത. ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന സെന്ററാകും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പേര് നിര്‍ദേശിക്കുക. കൗണ്‍സിലില്‍ ഇതുസംബന്ധിച്ച് ആക്ഷേപമുളളവര്‍ക്ക് മറ്റൊരാളുടെ പേര് നിര്‍ദേശിക്കാനും പിന്താങ്ങാനും കഴിയും. എറണാകുളം സമ്മേളനത്തില്‍ സംസ്ഥാന സെന്റര്‍ നിര്‍ദേശിച്ചയാളെ പരാജയപ്പെടുത്തി ഇസ്മയില്‍ പക്ഷക്കാരനായ പി. രാജു സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു. ഇത്തരത്തിലൊരു നീക്കം ഇവിടെയും നടക്കുമോയെന്ന ആശങ്ക ഔദ്യോഗിക പക്ഷത്തിനുണ്ട്. തര്‍ക്കം വന്നാല്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.ജെ ആഞ്ചലോസിനെ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല.
തുറവൂര്‍ പാട്ടുകുളങ്ങര ന്യൂസരള് ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 19ന് രാവിലെ 9.30ന് പ്രതിനിധിസമ്മേളനം ദേശീയ എക്സിക്യൂട്ടീവ് അംഗം കാനം രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും. 300 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: