അരൂര്‍: അരൂരിലെ ആധുനിക പൊതുശ്മശാനതിന്റെ നിര്‍മ്മാണ പൂര്‍ത്തീകരണത്തിന് 20 ലക്ഷം രൂപയും നല്‍കുമെന്ന് മന്ത്രി എം. കെ. മുനീര്‍. അരൂരില്‍ പുതുതായി നിര്‍മ്മിച്ച ആധുനിക പൊതുശ്മശാനതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ പഞ്ചായത്തിലും ക്രിമിറ്റോറിയങ്ങളും ആധുനിക അറവുശാലകളും നിര്‍മ്മിക്കണമെന്നത് സുപ്രീംകോടതി നിര്‍ദ്ദേശമാണ്. ഈ രണ്ട് ആവശ്യങ്ങള്‍ക്കുമായി പത്തുകോടി രൂപ നീക്കിവച്ചിട്ടുണ്ട്. പല പഞ്ചായത്തുകളും ഇക്കാര്യത്തില്‍ പിന്നാക്കം നില്‍ക്കുകയാണ്. ആവശ്യമായ സ്ഥലം ലഭ്യമാണെങ്കിലും പ്രാദേശികമായ എതിര്‍പ്പുകള്‍ വരുന്നതാണ് കാരണം. എന്നാല്‍ ഇക്കാര്യത്തില്‍ ഇവിടെ എല്ലാത്തരത്തിലുമുള്ള എതിര്‍പ്പുകളേയും അതിജീവിച്ചു നിര്‍മ്മിച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിക്കാന്‍ കഴിഞ്ഞത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 55 ലക്ഷം രൂപ ചെലവഴിച്ചാണ് ഹൈടെക് ക്രിമിറ്റോറിയത്തിന്റെ നിര്‍മ്മാണം. ഒരേ സമയം രണ്ട് മൃതദേഹങ്ങള്‍ സംസ്ക്കരിക്കാന്‍ കഴിയുന്ന തരത്തില്‍ രണ്ട് യൂണിറ്റുകളാണ് ഇവിടെ പ്രവര്‍ത്തിക്കുക. പാചക വാതകമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. സംസ്ക്കരണ സമയത്ത് ഉണ്ടാകുന്ന പുക വെള്ളത്തില്‍ ലയിപ്പിച്ചശേഷം 30 മീറ്റര്‍ ഉയരത്തിലുള്ള പുകക്കുഴലിലൂടെ പുറന്തള്ളുന്നതിനാല് അന്തരീക്ഷ മലിനീകരണമില്ലെന്നതാണ് പ്രത്യേകത. 8 ഗ്യാസ് സിലിണ്ടറുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. 8 മൃതദേഹങ്ങള്‍ വരെ സംസ്ക്കരിക്കാം. ഒന്നര മണിക്കൂര്‍ സമയംകൊണ്ട് ഒരു മൃതദേഹം സംസ്ക്കരിക്കാനാവും. രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറുവരെയാണ് പ്രവര്‍ത്തന സമയം. ഏപ്രില്‍ മാസം വരെ പഞ്ചായത്തിന്റെ നേരിട്ടുള്ള നടത്തിപ്പിലാണ് ശ്മശാനം പ്രവര്‍ത്തിക്കുക. അതിനുശേഷം വ്യക്തികള്‍ക്ക് ലേലം ചെയ്ത് നല്‍കും. 3,500 രൂപയാണ് സംസ്ക്കാരച്ചിലവ്.
തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ കോസ്റ്റ് ഫോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ തൃശൂര്‍ ഹൈടെക്കാണ് ക്രിമിറ്റോറിയം നിര്‍മ്മിച്ചത്. ഉദ്ഘാടന ചടങ്ങില്‍ അഡ്വ.എ. എം. ആരിഫ് എംഎല്‍എ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്. വേണുഗോപാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് ഡയറക്ടര്‍ എ. സെയ്ത്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കണ്ണാടന്‍, ജില്ലാ പഞ്ചായത്ത് അംഗം എം. സി. സിദ്ധാര്ത്ഥന്, പഞ്ചായത്ത്-ബ്ളോക്ക് അംഗങ്ങള്‍, കോസ്റ്റ് ഫോര്‍ഡ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി ശെല്‍വരാജ് എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. കെ. പുഷ്പന് സ്വാഗതവും അസി. എഞ്ചിനീയര്‍ എന്‍. എന്‍. അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: