ആലപ്പുഴ: കൂലിയും തൊഴിലുമില്ലാതെ കയര്‍ത്തൊഴിലാളികള്‍ ആഴ്ചകളായി പട്ടിണി സമരത്തില്‍, പൊതുമേഖലാ സ്ഥാപനങ്ങളും കമ്പനികളും അടച്ചുപൂട്ടിയതിനാല്‍ തൊഴില്‍രഹിതരായ ജീവനക്കാര്‍, മത്സ്യദൗര്‍ലഭ്യം മൂലം കടുത്ത പട്ടിണിയെ അഭിമുഖീകരിക്കുന്ന മത്സ്യത്തൊഴിലാളികള്‍- ആലപ്പുഴയുടെ ഇന്നത്തെ നേര്‍ച്ചിത്രമാണിത്. തൊഴിലാളികളുടെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎം, തൊഴിലാളികളുടെ പേരില്‍ സമ്മേളന മാമാങ്കം നടത്തി കോടികള്‍ ഒഴുക്കുമ്പോഴാണ് മറുവശത്ത് തൊഴിലാളികള്‍ കടുത്ത പ്രതിസന്ധി അതിജീവിക്കാനാവാതെ വലയുന്നത്.
ജില്ലയുടെ നട്ടെല്ലാണ് കയര്‍, കര്‍ഷക, മത്സ്യത്തൊഴിലാളി മേഖല. ഇവ മൂന്നും പൂര്‍ണമായും തകര്‍ച്ചയുടെ വക്കിലാണ്. ആദ്യത്തെ കയര്‍ത്തൊഴിലാളി പ്രസ്ഥാനവും കര്‍ഷകത്തൊഴിലാളി പ്രസ്ഥാനവും രൂപംകൊണ്ട ആലപ്പുഴയില്‍ സിപിഎമ്മിന്റെ സുവര്‍ണജൂബിലി വര്‍ഷത്തില്‍ സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് പറയാനുള്ളത് യൂണിയനുകളുടെയും തൊഴിലാളി പാര്‍ട്ടിയുടെയും വഞ്ചനയുടെ ചരിത്രം മാത്രമാണുള്ളത്.
തമിഴ്നാട്ടില്‍ നിന്ന് കയറും ചകിരിയും എത്തിയില്ലെങ്കില്‍ ആലപ്പുഴയിലെ ഒരു തറിയും ഇന്ന് പ്രവര്‍ത്തിക്കില്ല. തമിഴ്നാട്ടിലെ കയര്‍ വ്യാപകമായി എത്തിത്തുടങ്ങിയതോടെ ഇവിടുത്തെ കയര്‍പിരി തൊഴിലാളികള്‍ക്ക് പൂര്‍ണമായും തൊഴില്‍ നഷ്ടമായിക്കഴിഞ്ഞു. തമിഴ്നാട്ടില്‍ നിന്ന് കയറുത്പന്നങ്ങളും വിപണി കീഴടക്കാന്‍ എത്തുന്നതോടെ ഇവിടുത്തെ കയര്രംഗത്തെ തകര്‍ച്ച പൂര്‍ണമാകും. ഇതേ അവസ്ഥ തന്നെയാണ് മറ്റും തൊഴില്‍ മേഖലകളിലുമുള്ളത്.
പക്ഷേ തൊഴിലാളികളുടെ പേരില്‍ നടത്തുന്ന സിപിഎം മേളയെ ഇതൊന്നും ബാധിച്ചിട്ടില്ല. സമ്മേളന കാലയളവില്‍ അന്തിയുറങ്ങാന്‍ എയര്‍ കണ്ടീഷന്‍ സൗകര്യമുള്ള നക്ഷത്ര ഹോട്ടലുകളും റിസോര്‍ട്ടുകളും, സഞ്ചരിക്കാന്‍ ആഡംബര വാഹനങ്ങളും, കരിമീനും താറാവു കറിയും ഉള്‍പ്പെടെയുള്ള വിഭവസമൃദ്ധമായ ഭക്ഷണം തുടങ്ങി വിന്‍കിട ബഹുരാഷ്ട്ര കുത്തകകളുടെ ബിസിനസ് മീറ്റിങ്ങുകളില്‍ കിട്ടുന്ന എല്ലാവിധ സൗകര്യവും സംസ്ഥാന സമ്മേളന പ്രതിനിധികള്‍ക്കായി ഒരുക്കിയിരിക്കുന്നു.
കൂടാതെ പണം വാരിക്കോരി ചെലവഴിച്ച് ദശാബ്ദങ്ങള്‍ മുമ്പുള്ള തൊഴിലാളി സമരങ്ങളുടെയും ആദ്യകാല നേതാക്കളുടെയും കൂറ്റന്‍ കട്ടൗട്ടുകളും ജില്ലയിലെമ്പാടും സ്ഥാനം പിടിച്ചിരിക്കുന്നു. ആലപ്പുഴയിലെ തൊഴിലാളികളും തൊഴില്‍ശാലകളും വെറും കാഴ്ചവസ്തുക്കളായ സാഹചര്യത്തില്‍ കൃഷ്ണപിള്ള അടക്കമുള്ള സ്ഥാപക നേതാക്കള്‍ വരെ വിഭാഗീയതയ്ക്കിരയാകുന്ന ഗതികേടില്‍ ആര്‍ക്ക് വേണ്ടിയാണ് കോടികളുടെ മാമാങ്കം എന്ന ചോദ്യമാണ് സാധാരണ സഖാക്കള്‍ ഉയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: