ആലപ്പുഴ: പിളര്‍പ്പിന്റെ അന്‍പതാം വാര്‍ഷികത്തില്‍ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഒരേദിവസങ്ങളില്‍ സമ്മേളനം നടത്തി മത്സരിക്കുന്നു. സിപിഎമ്മിന്റെ 21-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം 20 മുതല്‍ 23 വരെയാണ് ആലപ്പുഴയില്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഇതേ ദിവസങ്ങളിലാണ് 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സിപിഐ ജില്ലാ സമ്മേളനവും സംഘടിപ്പിച്ചിട്ടുള്ളത്. 18 മുതല്‍ 21 വരെ അരൂര്‍ നിയോജക മണ്ഡലത്തിലെ കുത്തിയതോട്ടിലാണ് സിപിഐ ജില്ലാ സമ്മേളനം.
ഇന്ത്യയിലെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിപിഎം ആണെന്നും സിപിഐ വര്ഗവഞ്ചകര്ക്കൊപ്പം കൂടിയവരാണെന്നുമുള്ള സിപിഎം നേതൃത്വത്തിന്റ അവകാശവാദങ്ങളെ, സിപിഎം ആഘോഷിക്കുന്നത് പിളര്‍പ്പിന്റെ വാര്‍ഷികമാണെന്ന് പ്രഖ്യാപിച്ച് തിരിച്ചടിക്കുകയായിരുന്നു
സിപിഐ. സിപിഎമ്മു മായി ഒത്തുതീര്‍പ്പിനില്ലെന്നും വല്യേട്ടന് മനോഭാവം അംഗീകരിക്കില്ലെന്നും വ്യക്തമാക്കുകയാണ് ഒരേ ദിവസം സമ്മേളനം നടത്തുന്നതിലൂടെ സിപിഐ. ശിവരാത്രിയും കണിച്ചുകുളങ്ങര ക്ഷേത്ര ഉത്സവവും പ്രമാണിച്ചാണ് സിപിഐ സമ്മേളനം സിപിഎമ്മിന്റെ സംസ്ഥാന സമ്മേളന ദിവസങ്ങളിലേക്ക് മാറ്റിയതെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി. തിലോത്തമന് പറയുന്നത് സ്വന്തം അണികള്‍ പോലും വിശ്വസിക്കുന്നില്ല.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്ന് സിപിഎം രൂപീകരിച്ചതിന് ശേഷം സിപിഎമ്മിന്റെ ആദ്യ സംസ്ഥാന സമ്മേളനം നടന്നത് ആലപ്പുഴയിലായിരുന്നു. പാര്ട്ടിപിളര്ന്നതിന്റെ 50-ാം വാര്‍ഷികത്തിലും സംസ്ഥാനസമ്മേളനം നടക്കുന്നത് ആലപ്പുഴയിലാണ്. ഈ സാഹചര്യത്തിലാണ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ സിപിഎം സംസ്ഥാനസമ്മേളന ദിവസങ്ങളില്‍ തന്നെ സിപിഐ ജില്ലാ സമ്മേളനം നടത്തുന്നതിന്റെ പ്രസക്തി. സിപിഎമ്മിന്റെ ബ്രാഞ്ച് മുതല്‍ ജില്ലാ സമ്മേളനങ്ങള്‍ വരെ സിപിഐക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണുയര്‍ന്നത്.
ആളില്ലാ പാര്‍ട്ടിയാണെന്നും അനര്‍ഹമായ പരിഗണനയാണ് സിപിഐക്ക് നല്കുന്നതെന്നുമാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. മറിച്ച് സോളാര്‍ തട്ടിപ്പിലടക്കം സിപിഎം നടത്തിയ അഡ്ജസ്റ്റ്മെന്റ് സമരങ്ങള്‍ക്കെതിരെ സിപിഐ സമ്മേളനങ്ങളിലും വിമര്‍ശനമുയര്‍ന്നു. ഒരേ ദിവസം നടക്കുന്ന ഇരു പാര്‍ട്ടികളുടേയും സമ്മേളനങ്ങളിലും പരസ്പര വിമര്‍ശനവും ചെളിവാരിയെറിയലും ഉറപ്പാണ്. പിളര്‍പ്പിന്റെ സുവര്‍ണജൂബിലി ആഘോഷത്തിലും തമ്മിലടിയില്‍ മത്സരിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: