ദൈവ വ്യപാശ്രയ ചികില്‍സകളെക്കുറിച്ച് അറിയാനാണ് ഞങ്ങള്‍ വയനാട്ടിലെ ആയുര്‍വേദ യോഗാവില്ലയിലെത്തിയത്. നേരത്തേതന്നെ വിപിന്‍ ഡോക്ടറെ ഫോണില്‍ വിളിച്ച് അപ്പോയ്മെന്റും ഫിക്സ് ചെയ്തു. മാനന്തവാടിയില്‍ നിന്നും 10 കിലോമീറ്റര്‍ കാട്ടിക്കുളത്തേക്ക്. അവിടെനിന്ന് ഏഴുകിലോമീറ്റര്‍, കുറുവയായി. പ്രകൃതി കനിഞ്ഞരുളിയ വിശാലമായ ദ്വീപിനരികിലാണ് ഞങ്ങളെത്തിയത്.
പാല്‍വെളിച്ചം കവിക്കലില്‍. കബനീ തീരത്ത് രണ്ടേക്കര്‍ സ്ഥലത്താണ് യോഗാവില്ല. മനം കുളിര്‍പ്പിക്കുന്ന പ്രകൃതിദൃശ്യം ഞങ്ങളെ ഏറെ ആകര്‍ഷിച്ചു. ഗേറ്റ് കടന്നതോടെ ഡോക്ടര്‍ നിയോഗിച്ച ജീവനക്കാരന് ഞങ്ങളുടെ അടുത്തെത്തി പരിചയപ്പെട്ടു. തനി ഗ്രാമീണന്. യോഗാവില്ലയെക്കുറിച്ച് വാതോരാതെ അദ്ദേഹം സംസാരിച്ചുെകാണ്ടിരുന്നു. മാവും പ്ലാവും പുളിയും കരിമ്പും രുദ്രാക്ഷവും കൂവളവും ഇലഞ്ഞിയും പാലയും പാരിജാതവുമായി എങ്ങും ഹരിതാഭമയമാണ് യോഗാവില്ല. തീര്‍ത്തും തപോവനം തന്നെ. ഇടയ്ക്കിടെ വീശിയെത്തുന്ന ഇളം തെന്നലിന് ഇലഞ്ഞിപൂവിന്റെ ഗന്ധമുണ്ട്.
നിറച്ചാര്‍ത്തണിഞ്ഞ് കളകളാരവത്തോടെ തൊട്ടുമുന്നില്‍ കബനി. ശരത്കാല പ്രൗഢിയില്‍ തെല്ലകലെ കുറുവാ ദ്വീപുകള്‍. പക്ഷികളുടെ താവളമായ ഇവിടം സഞ്ചാരികളുടെ സന്ദര്‍ശന കേന്ദ്രം കൂടിയാണ്.
ഇതിനിടെ ഞങ്ങള്‍ ഡോക്ടറുടെ അരികിലെത്തി. മണ്‍ഭിത്തിയില്‍ തീര്‍ത്ത കൊച്ചു കെട്ടിടം. ഓടിട്ട മേല്‍ക്കൂര. ഉമ്മറത്ത് ഗോശാല. പിന്നെ വിപിന്‍ ഡോക്ടറുടെ ഊഴമായി. ദൈവ വ്യപാശ്രയ ചികില്‍സയെക്കുറിച്ച് പഠിക്കാനാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ വിടര്‍ന്നു.
ദൈവ വ്യപാശ്രയ ചികില്‍സ
ഭൂമി പണ്ട് ചുട്ടുപഴുത്ത ഗോളമായിരുന്നു. സര്‍വ്വവും അഗ്നിമയം. അഗ്നിഹോത്രത്തില്‍ നിന്ന്, അഗ്നിയില്‍ നിന്നാണ് സകല ചരാചരങ്ങളുടെയും ആരംഭം. അഗ്നി പ്രകൃതിയെ വരവേല്‍ക്കുന്നു. സകലതിനെയും ഭസ്മീകരിച്ച് ശുദ്ധീകരിക്കുന്നു. പ്രാണായാമം ജീവോത്പത്തിയുടെ ആധാരം. പ്രാണായാമത്തിലൂടെ തേജസിനെ ആവാഹിക്കാം. പ്രാണനെ ശരീരത്തിലേക്ക് സന്നിവേശിപ്പിക്കുന്നു. പ്രാണശക്തി മാനസിക ശക്തിയാണ്. ശരീരം, പ്രാണന്, മനസ് ഇവ ഒരേ ബിന്ദുവിലാണ്. ചിന്തകളുടെ പുനക്രമീകരണത്തിലൂടെ രോഗങ്ങളെ അതിജീവിക്കാം. ഇവിടെ ആയുര്‍വേദം ഭാരതത്തിന് വഴികാട്ടിയാകുന്നു.
മലിനമാകാത്ത, വിഷമയമാകാത്ത വായു, ആഹാരം, ജലം എന്നിവയിലൂടെ പ്രാണന് തേജസ് നല്‍കാം. പച്ചിലക്കൂട്ടുകളുടെ ഉപയോഗത്തിലൂടെ ഇത് പ്രോജ്വലമാക്കാം. ജൈവാഹാരവും ശുദ്ധജലവും അനിവാര്യം തന്നെ. താളംതെറ്റിയ ജീവിതചര്യയെ നേര്‍രേഖയിലെത്തിക്കാന്‍ ആയുര്‍വേദ തത്വചിന്തയിലൂടെ സാധ്യമാകും. പ്രകൃതിജീവനം മനുഷ്യന് ചിട്ടയായ ജീവിതചര്യകള്‍ പ്രദാനം ചെയ്യുന്നു. യോഗാഭ്യാസം, ഔഷധസേവ, യോഗ, ആഹാരം, എന്നിവ സന്തുലിതാവസ്ഥ നല്കുന്നതുപോലെ ദൈവീകമായ പരിചരണത്തിലൂടെ കൃഷിയും ഗോശാലയും ഔഷധ നിര്‍മ്മാണവും വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ലോകനന്മക്കായി ഇവിടെ സമര്‍പ്പിക്കപ്പെടുന്നു. കാന്‍സര്‍ തുടങ്ങിയ സങ്കീര്‍ണമായ രോഗചികില്‍സ തേടി വിദേശരാജ്യങ്ങളില്‍ നിന്നുപോലും വൈദ്യശാസ്ത്ര രംഗത്തുള്ളവരും ഗവേഷകരും മറ്റുള്ളവരും യോഗാവില്ലയിലെത്തുന്നു.
പല രാജ്യങ്ങളില്‍ നിന്നുമെത്തുന്ന രോഗികള്‍ അവര്‍ക്കു ലഭിക്കുന്ന നിര്‍ദ്ദേശപ്രകാരം പ്രകൃതിയോടിണങ്ങിയ ജീവിതചര്യക്കനുസരിച്ച് ജീവിക്കുന്നു. യോഗ, ആഹാരം, ചികില്‍സ എന്നിവയിലൂടെ ശരീര പ്രാണ മനസുകളുടെ സന്തുലിതാവസ്ഥയിലേക്ക് തിരികെ എത്തിക്കാനും അവരുടെ ജീവിതത്തിന് ലക്ഷ്യബോധം വളര്‍ത്തിയെടുക്കാനും സാധിക്കുന്നു. ഇതിനാവശ്യമായ അടിസ്ഥാന പ്രവര്‍ത്തനങ്ങളാണ് യോഗാവില്ലയിലൂടെ ചെയ്തുവരുന്നത്. ദൈവ വ്യപാശ്രയ ചികില്‍സ വഴി ഒരു ഗ്രാമത്തിന് മാതൃകയാകുകയാണ് വയനാട് ആയുര്‍വേദ യോഗാവില്ല. ഗ്രാമീണര്‍ക്ക് ചികില്‍സ ഇവിടെ തീര്‍ത്തും സൗജന്യമാണ്.
200 ഓളം ഗ്രാമവാസികള്‍ പ്രത്യക്ഷമായും പരോക്ഷമായും ഇവിടെ തൊഴില്‍ ചെയ്തുവരുന്നു. മത്സ്യ മാംസാദികളും ലഹരിവസ്തുക്കളും ഇവിടെ നിഷിദ്ദമാണ്. റേഡിയോ, ടെലിവിഷന്‍ പോലുള്ള വിനോദോപാധികളും ഇവിടെയില്ല. സ്വയം അര്‍പ്പിത ജീവിതം. പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഇതൊരു ശാന്തിവനം തന്നെ.
2005ല്‍ അജിത്ത് പൂവത്തുകുന്നേല്‍, സ്വാമി തഥാതനില്‍ ആകൃഷ്ടനായി നാട്ടുകാര്‍ക്കുവേണ്ടി ഇത്തരമൊരു സംരംഭത്തിന് നാന്ദി കുറിച്ചപ്പോള്‍ അദ്ദേഹത്തെ പരിഹസിച്ചവര്‍ ഇന്ന് അദ്ദേഹത്തിന്റെ ആരാധകര്‍. ഫിന്‍ലാന്റില്‍ നിന്നായിരുന്നു അദ്ദേഹം ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചത്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ലോകത്തിനുതന്നെ മാതൃകയാകുകയാണ് ഈ സ്ഥാപനം. ഇവിടെയെത്തുന്ന വിദേശികള്‍ തന്നെയാണ് ഇതിന്റെ പ്രചാരകരും.
ഗോശാല, ഗോമാതാവ്
തികച്ചും ഭാരതീയ പാരമ്പര്യത്തിലധിഷ്ഠിതമാണ് ഗോശാല. ഗുജറാത്തില്‍ നിന്നുള്ള ഗീര്‍ രാജസ്ഥാനിലെ കോണ്‍കറേജ് ഇനത്തില്‍പ്പെട്ട ഗോക്കളെയാണ് ഇവിടെ പരിപാലിച്ചുവരുന്നത്. പശുക്കളെ ഗോപാലകര്‍ വനത്തിലാണ് മേയ്ക്കുന്നത്. പ്രകൃതിദത്തമായ ഭക്ഷണങ്ങള്‍ മാത്രം നല്കിവരുന്നു. പ്രഭാതത്തില്‍ ഗോക്കളെ കുളിപ്പിച്ച് ആരതി ഉഴിഞ്ഞ് ഭക്ഷണം നല്കുന്നു. തുടര്‍ന്ന് ഭക്തിസാന്ദ്രമായ ശ്രീകൃഷ്ണ ഭജന്‍സ് ഗോശാലയില്‍ തയ്യാറാക്കിയ ചെറു സ്പീക്കറുകളിലൂടെ ഒഴുകിയെത്തും. ഭജന സംഗീതത്തിന്റെ ദൈവീകാവസ്ഥയില്‍, ഗോക്കള്‍ ചുരത്തുന്ന പാല് പരിചാരകര്‍ കറന്നെടുക്കും.
യോഗാവില്ലയിലെ വിനായക, കുറുവാമ്പ, ക്ഷേത്രങ്ങളിലെ അഭിഷേകങ്ങള്‍ക്കും പാല്‍വെളിച്ചം ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തിലെ അഭിഷേകത്തിനുമുള്ള പാല് ഇവിടെനിന്നാണ് നല്‍കിവരുന്നത്. ഗോശാലവഴി ഗോമൂത്ര അര്‍ക്കം, പഞ്ചഗവ്യം, എന്നിവയും ഇവിടെ നിര്‍മ്മിക്കുന്നുണ്ട്. ഇത് ഔഷധ സേവാ പാനീയമായും ഉപയോഗിച്ചുവരുന്നു. വിവിധതരം ശാരീരിക മാനസിക വ്യാധികള്‍ക്കും ഔഷധ രൂപേണ വൈദ്യനിര്‍ദ്ദേശപ്രകാരം ഇവ ഉപയോഗിക്കുന്നുണ്ട്. ചാണകം ഉപയോഗിച്ചുള്ള ചാണക വരളി അഗ്നിഹോത്രത്തിനും ഔഷധ നിര്‍മ്മാണത്തിനും ഉപയോഗിച്ചുവരുന്നു. ഗോശാലയിലെ ബയോഗ്യാസ് പ്ലാന്റുവഴിയുള്ള സ്ലെറി ഉപയോഗിച്ചാണ് പച്ചക്കറി കൃഷിയും മറ്റും ചെയ്തുവരുന്നത്. ദശഗവ്യം മതിരിയുള്ളവ ചെടികള്‍ക്കും നല്കിവരുന്നു. ഗോശാല യോഗാവില്ലയുടെ അഭിമാനമായി തലയുയര്‍ത്തി നില്ക്കുന്നു.
ജൈവ കൃഷിയിടങ്ങള്‍
യോഗാവില്ലയുടെ പ്രഭാവം ഗ്രാമത്തിന് ലഭിക്കുന്നതിനായി 25 ഏക്കറില്‍ ജൈവ നെല്‍കൃഷി ചെയ്തുവരുന്നു. പാട്ടത്തിനെടുത്ത കൃഷിയിടത്തിലാണ് നെല്‍കൃഷി. 50 ഓളം പേര്‍ക്ക് ജൈവകൃഷിയിലൂടെ തൊഴിലും ഗ്രാമവാസികള്‍ക്ക് ജൈവകൃഷി പരിശീലനവും ഇതുവഴി ലഭ്യമാക്കിവരുന്നു.
പരമ്പരാഗത വിത്തിനങ്ങളായ തൊണ്ടി, ചോമാല, ഗന്ധകശാല, ജീരകശാല തുടങ്ങിയ നെല്ലിനങ്ങളാണ് കൃഷി ചെയ്യുന്നത്. തവിട് ഗോക്കള്‍ക്ക് നല്‍കും. പരമ്പരാഗത കൃഷിരീതി ഉപയോഗിച്ച് പച്ചക്കറി കൃഷിയും നടത്തിവരുന്നു. വെണ്ട, വഴുതന, തക്കാളി, കാബേജ്, പടവലം, കോവക്ക, തുടങ്ങിയ കൃഷികളിലൂടെ യോഗാവില്ല പച്ചക്കറി കൃഷിയിലും സ്വയംപര്യാപ്തം. ജൈവ കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന എള്ള് ആട്ടി എണ്ണയെടുത്താണ് കുഴമ്പും ലേപനങ്ങളും തൈലങ്ങളും നിര്‍മ്മിച്ചുവരുന്നത്.
സ്വയംപര്യാപ്ത ചികില്‍സാ കേന്ദ്രം
പ്രകൃതി കനിഞ്ഞു നല്കിയ മണ്ണും വിണ്ണും പ്രാണവായുവും ജലവും പരമാവധി പ്രയോജനപ്പെടുത്തി, ചൂഷണം ചെയ്യാതെ ആയുര്‍േവദത്തിലധിഷ്ഠിതമായ ചികില്‍സാ രീതികളാണ് ഇവിടെ അനുവര്‍ത്തിച്ചുവരുന്നത്. വിദേശത്തുനിന്നെത്തുന്നവര്‍ ഭാരതീയ പാരമ്പര്യമനുസരിച്ച് ഇവിടെ വസിക്കുന്നു. ധ്യാനം, കളരി മുതലായവയിലൂടെ ആയുരാരോഗ്യ സൗഖ്യവും ഇവര്‍ക്ക് കൈവരുന്നു. വാസഗൃഹത്തിന്റെ ഓരോ കോണിലുമെത്തുന്ന സൂര്യരശ്മികള്‍ തന്നെയാണ് വില്ലയുടെ പ്രത്യേകത. മണ് ചുവരുകളും കുളിര്‍ക്കാറ്റും പുത്തനുണര്‍വ്വു നല്‍കും. ഭാരതീയ വാസ്തുവിദ്യയിലധിഷ്ഠിതമായ നിര്‍മിതിയാണ് വില്ലയുടെ മുഖമുദ്ര.
ആയുര്‍വേദത്തിന്റെ രസായന ചികില്‍സക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ഇത്രയും പദ്ധതികളെ സമന്വയിപ്പിച്ച് തോല്‍പ്പെട്ടിയില്‍ ഉദയഗിരി റിട്രീറ്റ് സെന്റര്‍ എന്ന പേരില്‍ മറ്റൊരു സ്ഥാപനവും വില്ലയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. കൃഷി ബോധവത്കരണം, നാടന്‍ പശുക്കളുടെ സംരക്ഷണം, സൗജന്യ ആയുര്‍വേദ ചെക്കപ്പ്, സൗജന്യ മരുന്നു വിതരണം എന്നിവയെല്ലം ഇവരുടെ മുഖമുദ്രയാണ്. വരുംതലമുറക്കുവേണ്ടി ചെയ്യാനാകുന്ന കാര്യങ്ങള്‍ ചെയ്യുന്നു എന്ന ചാരിതാര്‍ത്ഥ്യവും അജിത്ത് കുമാറിന് അവകാശെപ്പടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: