ആലുവ: ആലുവ അദ്വൈതാശ്രമത്തിലെ 92-ാമത് സര്‍വമത സമ്മേളനവും ശിവരാത്രി മഹോത്സവവും 17, 18 തീയതികളില്‍ നടക്കും. ഗുരുദേവന്‍ ആലുവായില്‍ താമസിച്ചിരുന്നപ്പോള്‍ ആരംഭിച്ച സര്‍വമതസമ്മേളനവും പിതൃതര്‍പ്പണ ക്രിയകളുമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. 1500 ഓളം പുരുഷന്മാര്‍ക്കും ആയിരത്തോളം സ്ത്രീകള്‍ക്കും ഒരേ സമയം ബലി തര്‍പ്പണം നടത്താന്‍ ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം പ്രത്യേകം തര്‍പ്പണ കടവുകളും സ്ത്രീകള്‍ക്കു വസ്ത്രം മാറാന്‍ മറപ്പുരയും സ്ഥാപിച്ചിട്ടുണ്ട്.
17 ന് രാവിലെ 8 ന് പതാക ഉയര്‍ത്തുന്നതോടെ ശിവരാത്രി ആഘോഷചടങ്ങുകള്‍ ആരംഭിക്കും.
രാവിലെ 10 ന് ഗുരുധര്‍മപ്രചാരണ സഭ സമ്മേളനം മന്ത്രി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. ജിഡിപിഎസ് രജിസ്ട്രാര്‍ വി. ടി. ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ് മുഖ്യ പ്രഭാഷണം നടത്തും. സ്വാമി അസ്പര്‍ശാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. എം.വി.മനോഹരന്‍, പി. സി. ബിബിന്‍, വി. പി. ജോര്‍ജ്ജ്, കെ. എസ്. ജെയിന്‍ എന്നിവര്‍ പ്രസംഗിക്കും. വൈകിട്ട് നടക്കുന്ന സര്‍വമതസമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
വെറ്റിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബി. അശോക് അദ്ധ്യക്ഷത വഹിക്കും. കുമ്മനം രാജശേഖരന്‍, ഡോ.സക്കറിയാസ് മാര്‍ അപ്രേം, ഡോ.ഹുസൈന്‍ മടവൂര്‍, എന്നിവര്‍ പ്രസംഗിക്കും. ശാരദാനന്ദ സ്വാമികള്‍, വിശാലാനന്ദ സ്വാമികള്‍, ധര്‍മചൈതന്യ സ്വാമികള്‍, ധര്‍മവ്രത സ്വാമികള്‍ എന്നിവര്‍ പങ്കെടുക്കും. അന്‍വര്‍ സാദത്ത് എംഎല്‍എ സംസാരിക്കും. സ്വാമി ശിവസ്വരൂപാനന്ദ സ്വാഗതവും വിദ്യാനന്ദ സ്വാമികള്‍ നന്ദിയും പറയും. തുടര്‍ന്ന് ഡോ.ഗീതാ സുരാജിന്റെ പ്രഭാഷണവും ഉണ്ടാകും. രാത്രി 10 മണി മുതല്‍ മഹാശിവരാത്രി ബലിതര്‍പ്പണ ക്രിയകള്‍ ആരംഭിക്കും.
















