വാടകക്കെടുത്ത കുട്ടിസൈക്കിളിനെ കുതിരയായി സങ്കല്പിച്ച്, കൊയ്ത്തു കഴിഞ്ഞുണങ്ങിയ പുഞ്ചപ്പാടത്തുകൂടെ സഞ്ചരിക്കുമ്പോള്‍ ഞങ്ങള്‍ പലരുടേയും ചുണ്ടുകള്‍ മന്ത്രിക്കുമായിരുന്നു…….,
“ഊരിയവാളിതു ചോരയില്‍ മുക്കി
ചരിത്രമെഴുതും ഞാന്‍……………
അപമാനത്തിന് കറുത്ത കഥകള്‍
തിരുത്തിയെഴുതും ഞാന്‍………!”
താരാരാധനയുടെ രസതന്ത്രങ്ങള്‍ സ്വഭാവിക ലഹരിയായി മാറിയ ബാല്യത്തിന് സ്തുതി! പ്രതികാരദാഹിയായ അന്നത്തെ നായകന് ഇന്നും യുവത്വമാണ്! ജീവിച്ചിരുന്നുവെങ്കില്‍ 96 വയസ്സ് പൂര്‍ത്തിയാവുന്ന ഈ കാലഘട്ടത്തിലും‘നിത്യവസന്തത്തിന്റെ കുളിര് തെന്നലായി ഓരോ മലയാളിയുടെ മനസ്സിലും ‘പ്രേംനസീര്‍’ എന്ന ഇതിഹാസം മൃദുസ്മിതം തൂകി നില്കുന്നു..!
അന്‍പതുകളില്‍ തുടങ്ങി രണ്ടായിരത്തില്‍ നിലച്ചുപോയ മലയാള സിനിമാ സംസ്കാരം ഇന്ന് ഗൃഹാതുരത്വം കലര്‍ന്ന ഓര്‍മകള്‍ മാത്രമായിരിക്കുന്നു.
സമര്‍പ്പിത ജീവിതങ്ങളിലൂടെ പടുത്തുയര്‍ത്തിയ ആ ‘സിനിമാ സൗധത്തിന്റെ മുകളില്‍, കൃത്രിമ പദാര്‍ത്ഥങ്ങളാല്‍ വ്യത്യസ്ത വാര്‍പ്പുകള്‍ക്ക് കോപ്പുകൂട്ടുകയാണ് സ്വയം പ്രഖ്യാപിത ‘ന്യൂ ജനറേഷന്’ കൂട്ടായ്മകള്‍! നാടിന്റെ സാംസ്കാരിക മുദ്രകളെ ചോദ്യം ചെയ്തും, പൈതൃകങ്ങളോടു കലഹിച്ചും, ലൈംഗിക അരാജകത്വത്തിനു വഴിയൊരുക്കുകയും ചെയ്യുന്ന ‘ന്യൂജെന്‍’ പ്രവണതകള്‍ ഇന്ന് മലയാള സിനിമയുടെ ശാപമായി മാറിയിരിക്കുന്നു !
മലയാളി, ‘കുടുംബ’ത്തെ നിധിപോലെ സൂക്ഷിച്ച മദ്ധ്യകാലഘട്ടത്തിലാണ് ഇവിടെ സിനിമയുടെ രംഗപ്രവേശം നടന്നിട്ടുള്ളത്. കേരളം വിപ്ലവാഭിമുഖ്യം പ്രദര്‍ശിപ്പിച്ചിരുന്ന ആ കാലഘട്ടത്തിലും സിനിമയില്‍’ കുടുംബ സംസ്കാരം’ ഉച്ചത്തില്‍ മുഴങ്ങി. സാംസ്കാരിക മുദ്രകളെ ചോദ്യം ചെയ്ത ചലച്ചിത്രങ്ങളോടൊപ്പം തന്നെ മലയാളികളുടെ തനത് പാരമ്പര്യങ്ങളും സിനിമയില്‍ ചര്‍ച്ച ചെയ്തു. ചരിത്ര കഥകളും പുരാണങ്ങളും ദേശീയതയുമൊക്കെ വിപ്ലവ സിനിമകളോടൊപ്പം തന്നെ തിരശ്ശീലയില്‍ നിറഞ്ഞാടി ! ഇത്തരം ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് ഭൂരിപക്ഷവും വേഷപ്പകര്‍ച്ച നടത്തിയത് പ്രേംനസീര്‍ ആയിരുന്നു.
ശ്രീകൃഷ്ണനായും ശ്രീരാമനായും വില്ല്വമംഗലം സ്വാമിയാരായും അദ്ദേഹം വേഷമിട്ടു. വടക്കന്‍ വീരചരിതങ്ങളിലെ ധീരനായകന്മാരെ വെള്ളിത്തിരയില്‍ നിത്യവിസ്മയങ്ങളാക്കി മാറ്റിയതില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. മലയാളി കാത്തുസൂക്ഷിച്ചുപോന്ന ‘കുടുംബമഹിമ’കള്‍ പ്രമേയങ്ങളായി വന്നപ്പോഴും പ്രേംനസീര്‍ തന്നെ ആയിരുന്നു കൂടുതലും അത്തരം കഥാപാത്രങ്ങള്‍ക്ക് ജീവന് കൊടുത്തത്. കേരളത്തിലെ ഹിന്ദു വീടുകളിലെ പല പൂജാമുറികളിലും പണ്ട് പ്രേംനസീറിന്റെ ചിത്രവും മറ്റു ദൈവങ്ങളോടൊപ്പം ആരാധിക്കപ്പെട്ടു. പ്രേം നസീറായിട്ടല്ല, ശ്രീകൃഷ്ണനായും ശ്രീരാമനായും !
പള്ളിക്കമ്മിറ്റികള്‍ അദ്ദേഹത്തെ ” അകല്‍ച്ച” പ്രഖ്യാപിച്ച് മാറ്റി നിര്‍ത്തിയപ്പോഴും അദ്ദേഹം അക്ഷോഭ്യനായി നിലകൊണ്ടു. ‘ ശാര്‍ക്കര ഭഗവതി’യ്ക്ക് ആനയെ നടയിരുത്തിയും ‘മദ്രാസി’ലെ’സ്ട്രീറ്റ് കോവിലു’കളില്‍ ദര്‍ശനം നടത്തിയും അദ്ദേഹം തന്റെ ‘ പൈതൃക’ ത്തിന്റെ വേരുകളെ തൊട്ടറിഞ്ഞു. പള്ളിയിലും അമ്പലത്തിലും ഒരേപോലെ നമസ്ക്കരിച്ച ഹൃദയശുദ്ധി ! വരേണ്യമായ ഹിന്ദുകുടുംബത്തില്‍ നിന്നും ഇറങ്ങി നടന്നപ്പോഴും കൂടെ പോന്ന സംസ്കാരത്തിന്റെ പ്രൗഢിയും ആഢ്യത്വവും വാസ്തവത്തില്‍ നസീറിന്റെ നടപടികളിലൂടെ തുടരുകയായിരുന്നു. ” ശാര്‍ക്കര അമ്മ യുടെ പായസം വിറ്റ് ജീവിക്കാനും എനിക്കറിയാം” എന്ന് ഒരുവേള അദ്ദേഹം പറഞ്ഞത് ഇതുമായി കൂട്ടിവായിക്കാം.
ഒരു ഹിന്ദു നാമധാരിയേക്കാള് അധികം നസീര്‍ ആ സംസ്കാരം ഉള്‍ക്കൊണ്ടു. നൂറുകണക്കിന് ഹൈന്ദവനാമങ്ങളിലൂടെ സിനിമകളില്‍ അദ്ദേഹം പകര്‍ന്നാട്ടം നടത്തി ! അന്നത്തെ യുവതലമുറയുടെ വിചാര- വികാരങ്ങളിലൂടെയുള്ള ജൈത്രയാത്രയായിരുന്നു അത്. നിഴലുകള്‍ കണ്ട് മലയാളി ആദ്യമായി ചിരിക്കുന്നതും കരയുന്നതും ഒരുപക്ഷേ’ നസീര്‍ സിനിമ’കളിലൂടെ ആയിരിക്കും! ആ ഒരു ആസ്വാദനത്തിന്റെ അരിക് പറ്റിക്കൊണ്ടുള്ള കലാകാരന്മാരുടെ ”തീര്‍ത്ഥയാത്ര”കളാണ് മലയാള സിനിമയുടെ പിന്നീടുള്ള വളര്‍ച്ചയെ ത്വരിതപ്പെടുത്തിയത്.
‘വിശപ്പിന്റെ വിളി’ തൊട്ട് ‘ധ്വനി’ വരെയുള്ള നാല് പതിറ്റാണ്ടുകള്‍ക്ക് തുല്യം വെയ്ക്കാന്‍ ലോക സിനിമയില്‍ തന്നെ വേറൊന്നുണ്ടാവില്ല. അതുകൊണ്ടുതന്നെ അദ്ദേഹം ‘ ലോകാത്ഭുതപട്ടിക’യില്‍ ഇടം പിടിച്ചു. ചില മേഘപാളികള്‍ ഇടയ്ക്ക് മറച്ചുവെങ്കിലും അതുമറികടന്ന് പൂര്‍ണ്ണചന്ദ്രനെ പോലെ പ്രേം നസീര്‍ മലയാളിയുടെ മനസ്സില്‍ സുഖശീതളിമ നിറച്ചു. ‘ത്യാഗ സീമ’ എന്ന പുറത്തിറങ്ങാത്ത സിനിമയില്‍ ഹരിഃ ശ്രീ കുറിക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്നത് അഭിനയ ചക്രവര്‍ത്തിയായ സത്യന് ! രണ്ടുപേരുടെയും ആദ്യചിത്രം ഒന്നായതും അതുപുറത്തിറങ്ങാതിരുന്നതും യാദൃച്ഛികം !
കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങള്‍ അനായാസ ശൈലിയിലൂടെ അവതരിപ്പിച്ച് സത്യന് ആസ്വാദകരെ അത്ഭുത പരതന്ത്രരാക്കിയെങ്കില് കഥാപാത്രങ്ങളെ തന്റെ ‘മാനറിസ’ങ്ങളിലേക്ക് ആവാഹിക്കുകയാണ് നസീര്‍ ചെയ്തത്.
തന്റെ സ്വതസിദ്ധമായ ശൈലിയുടെ വേലിക്കെട്ടിനുള്ളില്‍ പ്രതിഷ്ഠിക്കപ്പെട്ട അവയെ അദ്ദേഹം ജീവസ്സുറ്റതാക്കുകയും ചെയ്തു. വടിവൊത്ത അക്ഷരങ്ങളുടെ അകമ്പടിയോടെ ആദ്യമായി കഥാപാത്രങ്ങള്‍ സംസാരിച്ചത് നസീറിലൂടെയാണ്. അദ്ദേഹത്തെ പോലെയുള്ള ‘ഗ്ലാമറൈസ്ഡ്’ ആക്ടറിന് എത്തിപ്പിടിക്കാന്‍ കഴിയാത്ത ചില വേഷങ്ങളെ അനശ്വരമാക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചത് അന്തര്‍ലീനമായ നടനവൈഭവം കൊണ്ടുതന്നെയാണ്. ”നസീറിന്റെ മുഖത്ത് കളിയാടിയിരുന്ന ഇന്നസെന്റ് ഭാവ”മാണ് ‘ഇരുട്ടിന്റെ ആത്മാവി’ലെ ഭ്രാന്തന് വേലായുധനെ അവതരിപ്പിക്കാന്‍ പ്രേരണയായതെന്ന് സംവിധായകന് പി.ഭാസ്ക്കരന്‍ പറയാറുണ്ടായിരുന്നു. ആ ദീര്‍ഘവീക്ഷണത്തിന്റെ സാക്ഷ്യപത്രമെന്നോണം നസീറിന്റെ കരിയറിലെ ഏറ്റവും നല്ല കഥാപാത്രമായി ‘ഭ്രാന്തന് വേലായുധന്’ കാലത്തെ അതിജീവിച്ച് ഇന്നും നിലനില്ക്കുന്നു.
എംടിയുടെ ഈ സൃഷ്ടി പോലെതന്നെ അനശ്വരമാണ് അദ്ദേഹത്തിന്റെ ‘മുറപ്പെണ്ണും, നിഴലാട്ടവും ! പ്രേംനസീര്‍ എന്ന ‘താരം’ വളര്‍ന്ന് ‘നടനി’ലേക്ക് അവരോധിതനാകുന്ന വിസ്മയക്കാഴ്ചകള്‍ ഈ ചിത്രങ്ങളില്‍ ദര്‍ശിക്കാം. നിസ്സഹായനായ കാമുകന്, ജ്യേഷ്ഠന്, മകന്, മരുമകന് എന്നീ ഭാവങ്ങളെ വളരെ കൈയ്യൊതുക്കത്തോടെയും പക്വതയോടെയും സമീപിച്ചപ്പോള്‍ ‘മുറപ്പെണ്ണി’ലെ ‘ബാലന്’ എന്ന കഥാപാത്രം എന്നത്തേയും ഉജ്ജ്വലപ്രകടനത്തിന്റെ നിദര്‍ശനമായിമാറി. ‘നിഴലാട്ട’ത്തിലെ വില്ലന്ടച്ചുള്ള വേഷം അന്നുവരെ കരുതിപ്പോന്ന നസീറിന്റെ ഇമേജില്‍ വ്യതിയാനം വരുത്തി.
ഇന്നും ആ പ്രകടനം ഹര്ഷപുളകത്തോടെയേ നമുക്ക് കാണാന്‍ കഴിയൂ. മുറപ്പെണ്ണും നിഴലാട്ടവും ഒരുക്കിയ എ. വിന്‍സെന്റ് തന്നെയാണ് ‘ഭാര്‍ഗ്ഗവീ നിലയ’ത്തിലെ അനശ്വരകാമുകന് ‘ശശികുമാര്‍’ എന്ന കഥാപാത്രത്തെ നസീറിന് നല്‍കിയത്. തരിമീശവെച്ച് നടന്ന സ്ഥിരം നായകനില്‍ നിന്നും കട്ടിമീശവെച്ച നായകനെ ഈ ചിത്രത്തില്‍ തികച്ചും പുതുമയാര്‍ന്ന രീതിയില്‍ നസീര്‍ അവതരിപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റേതായിരുന്നു രചന. ” താമസമെന്തേ വരുവാന്‍ … പ്രാണസഖീ…എന്റെ മുന്നില്‍…’ എന്ന് ശശികുമാര്‍ വിരഹാര്‍ദ്രനായി പാടുമ്പോള്‍ പ്രേക്ഷകന് അനുഭൂതിയുടെ മായിക ലോകത്തിലേക്ക് എടുത്തെറിപ്പെടുന്നു !
കെ. എസ്. സേതുമാധവന് എന്ന ധിഷണാശാലിയായ സംവിധായകന് ‘അടിമകള്‍’ എന്ന ചിത്രത്തില്‍ നസീറിനെ സത്യനോടൊപ്പമോ അതിലുപരിയോ ഉയര്‍ത്തുകയുണ്ടായി. ‘പൊട്ടന് രാഘവന്’ എന്ന ബുദ്ധിസ്ഥിരതയില്ലാത്ത ‘പ്രേമം’ബലഹീനതയായിപ്പോയ ഒരു ചെറുപ്പക്കാരനായി നസീര്‍ ജീവിച്ചു കാട്ടിയപ്പോള്‍ പ്രേക്ഷകന് അന്തം വിട്ട് നിന്നുപോവുകയും അതുവരെ പുലര്‍ത്തിപോന്നിരുന്ന കാമുക സങ്കല്പങ്ങളെ തിരുത്തിക്കുറിക്കുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്ക് ശേഷം 1982 ല്‍ മലയാളത്തിലെ ആദ്യ 70 ങങ ചിത്രമായ ‘പടയോട്ടം’ റിലീസ് ചെയ്യുമ്പോള്‍ പ്രേം നസീറിന് വയസ് അമ്പത്തിരണ്ട് !കൗമാരപ്രായത്തില്‍ ചതിക്കപ്പെട്ട് അടിമകേന്ദ്രത്തിലേക്ക് വില്ക്കപ്പെടുകയും കൊടിയ പീഢനങ്ങള്‍ സഹിച്ച, നാളുകള്‍ എണ്ണി ഒടുവില്‍ ശത്രുവിനെ തോല്‍പ്പിച്ചുകൊണ്ട് അവിടെ നിന്നും അളവറ്റ ധനം സമ്പാദിച്ച് മാതൃരാജ്യത്ത് തിരിച്ചെത്തുമ്പോള്‍ ‘ഉദയനന്’ എന്ന സേനാനായകനെ കാത്തിരുന്നത് ദുരന്തങ്ങള്‍ മാത്രം !. മോഹിച്ചപെണ്ണ് സ്വന്തം ജ്യേഷ്ഠന്റെ ഭാര്യ ! തന്നെ നിത്യനരകത്തിലേക്ക് വലിച്ചെറിഞ്ഞ ജ്യേഷ്ഠനെ അടിസ്ഥാനശത്രുവായി മുദ്രകുത്തി പ്രച്ഛന്ന വേഷധാരിയായി’ ആറേക്കാട്ട് അമ്പാടി തമ്പാ’നായി മാറി കരുക്കള്‍ നീക്കുന്ന ഐതിഹാസിക കഥാപാത്രമാണ്.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പ്രേം നസീറിന്റെ ഏറ്റവും വലിയ അഭിനയ സമ്പാദ്യം എന്ന് വിവക്ഷിക്കാവുന്ന ‘സ്റൈലിഷ് റോളാ’യിരുന്നു പടയോട്ടത്തിലേത്. മലയാള സിനിമയിലെ പ്രമുഖരുടെ കൂട്ടായ്മയില്‍ നിന്നും പിറവികൊണ്ട ഈ ദൃശ്യാനുഭവം ഇന്നും പുതുമ ചോരാതെ നിലനില്‍ക്കുന്നത് പ്രേം നസീര്‍ എന്ന നടന്റെ നിറസാന്നിദ്ധ്യം കൊണ്ടുകൂടിയാണ്. കൃത്യമായ ഗൃഹപാഠം ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ ഓരോ അംഗവിക്ഷേപങ്ങളിലും പ്രകടമാണ്. ‘മോണ്ടിക്രിസ്റ്റോ’ എന്ന വിദേശ നോവലിന്റെ സ്വാധീനമുണ്ടെങ്കിലും മലയാളിയുടെ ചരിത്ര ഭൂമികയിലെ തനത് സ്വരൂപമായി ഈ കഥാപാത്രവും സ്ഥാനം പിടിച്ചു. ദേശീയ അഭിനയ പുരസ്കാരം തഴയപ്പെട്ടുവെങ്കിലും ‘പത്മശ്രീ’ അദ്ദേഹത്തെ തേടിയെത്തി. അവാര്‍ഡുകള്‍ക്ക് അതീതനായിരുന്നു പ്രേം നസീര്‍ !
ഇവിടെ പരാമര്‍ശിക്കാത്ത നൂറുകണക്കിന് വേഷങ്ങളും ചിത്രങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്ത’ ശശികുമാര്‍’ എന്ന ജനപ്രിയസംവിധായകന്റെ എന്നത്തേയും നായകന് നസീറായിരുന്നു. അദ്ദേഹത്തിന്റെ നൂറില്‍പരം ചിത്രങ്ങളില്‍ നായകനായി നസീര്‍ അഭിനയിച്ചു. ഒരുകാലത്ത് പ്രേക്ഷക സമൂഹത്തെ ‘പരിണാമ ഗുപ്തി’യില്‍ ആറാടിച്ച സിഐഡി സിനിമകളുടെ ഉപജ്ഞാതാവായ കെ. വേണു എന്ന സംവിധായകന്റെ ഇഷ്ട നടനും മറ്റാരുമായിരുന്നില്ല. സുമുഖനും ഗായകനും കാമുകനും വിവിധ വേഷധാരിയുമായിരുന്ന സിഐഡി നായകന് വേണ്ടി അന്നത്തെ വാണിജ്യസിനിമാലോകം നസീര്‍ എന്ന സൂര്യന് ചുറ്റും കറങ്ങി. സിഐഡി നസീര്‍ പരമ്പരകള്‍ തന്നെ തുടര്‍ച്ചയായി സൃഷ്ടിക്കപ്പെട്ടു. എല്ലാം ബോക്സോഫീസ് ഹിറ്റുകളാവുകയും ചെയ്തു.
പുരാണ കഥാപാത്രങ്ങള്‍ക്ക് ജീവന് കൊടുത്തത് രാജാരവിവര്മ്മയാണെന്ന് പറയാറുണ്ട്. പക്ഷേ ഇവിടെ അതിനെ ചലനാത്മകമാക്കിമാറ്റിയത് പ്രേം നസീറാണ്. അതുപോലെ ദുഷ്യന്തമഹാരാജാവും സലീം രാജകുമാരനും ആരോമലുണ്ണിയും കണ്ണപ്പനുണ്ണിയും ഇത്തിക്കരപക്കിയും വെള്ളായണിപ്പരമുവും ജംബുിംഗവും തച്ചോളി അമ്പുവും എല്ലാം ഈ നടനില്‍ നിന്നും പുതുജന്മം കൊണ്ടു. ഇന്ന് മറ്റൊരു നടനെ വെച്ചും ഇത്തരം പരീക്ഷണങ്ങള്‍ നടത്താന്‍ നിര്‍മ്മാതാക്കളും സംവിധായകരും തയ്യാറല്ല. അതിനായി കാലം മറ്റൊരു നടനെ കരുതിവെച്ചില്ല എന്നതാണ് സത്യം !
‘നിത്യവസന്ത’ത്തിന്റെ സഭ്യമായ കാഴ്ചകളായിരുന്നു നസീര്‍ സിനിമകള്‍. സഭ്യേതരമായ തിരുകിക്കയറ്റലുകളെ അദ്ദേഹം നിരുത്സാഹപ്പെടുത്തി. മരം ചുറ്റി പ്രേമിച്ചപ്പോഴും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ സംസ്കാരം വിട്ട് പെരുമാറിയിരുന്നില്ല. ‘നസീറിയന്‍ കാമുകസങ്കല്പം’ ഇന്ന് അന്യം നിന്നു പോയിരിക്കുന്നു.
പ്രേംനസീറിന്റെ ജീവകാരുണ്യം ഇന്നും ഒരു സമസ്യയാണ്. നിരവധി കുടംബങ്ങളും വ്യക്തികളും ആ മഹാവൃക്ഷത്തിന്റെ തണലില്‍ അഭയം തേടിയിട്ടുണ്ട്. ‘ വലം കൈ ചെയ്യുന്നത് ഇടം കൈ അറിയരുതെ”ന്ന ആപ്തവാക്യം അദ്ദേഹം ജീവിതത്തില്‍ പകര്‍ത്തി! സാധാരണക്കാരന്റെ ഇഷ്ടാനിഷ്ടങ്ങളെ താലോലിക്കുവാനും അത് പകര്ത്തുവാനുമായിരുന്നു അദ്ദേഹത്തിന് താല്പര്യം! ജനപ്രിയ സംവിധായകരുടെ ജനപ്രിയ നടനായി അദ്ദേഹം നാല് വ്യാഴവട്ടം അരങ്ങ് തകര്‍ത്തു! സൗമ്യതയുടെ സ്വതസിദ്ധമായ ജീവിത ശൈലിയില്‍ നിന്നും കാമുകന്റെ മാനറിസങ്ങളിലേക്കും കടത്തനാടിന്റെ വീരനായക ചരിത്രങ്ങളിലേക്കും ദുരൂഹതകളുടെ കോട്ടക്കൊത്തളങ്ങള്‍ തകര്‍ത്ത് ദുഷ്ടശക്തികളെ നിയമത്തിന്റെ മുന്നിലേക്കിട്ട് കൊടുക്കുന്ന അന്വേഷണോദ്യോഗസ്ഥന്റെ ചടുലതകളിലേക്കും പ്രേംനസീര്‍ തന്റേതായ വഴികളിലൂടെ പടര്‍ന്നുകയറി! ജനം അത് സ്വീകരിച്ചു.
വിയോജിപ്പിന്റെ തത്വശാസ്ത്രത്തെ അദ്ദേഹം ബഹുമാനത്തോടെ സമീപിച്ചു. പത്മരാജന് ‘ഗന്ധര്‍വ്വ വേഷ’ത്തില്‍ പില്ക്കാലത്ത് നിതീഷ് ഭരദ്വാജിനെ എസ്റ്റാബ്ലിഷ് ചെയ്തപ്പോള്‍ പലരും മറന്നുപോയ ഒരു ഗാനരംഗമുണ്ട്്. ‘ ഗന്ധര്‍വ്വക്ഷേത്രം’ എന്ന എ.വിന്‍സെന്റ് സിനിമയിലെ ‘ ഇന്ദ്രവല്ലരി പൂചൂടി വരും സുന്ദര ഹേമന്ത രാത്രി… എന്നെ നിന് മാറിലെ വനമാലയിലെ മന്ദാരമലരാക്കൂ… ഇവിടെ വൃന്ദാവനമാക്കൂ….” ഗന്ധര്‍വ്വന്റെ ഇഹലോക പ്രകടനങ്ങള്‍ ഇതിനേക്കാള്‍ നന്നായി വേറെയാരാണ് ചെയ്തിട്ടുള്ളത് ? കൃത്യമായ ‘ലിപ്മൂവ്മെന്റി’ലൂടെ ‘കര്‍ണ്ണാടക സംഗീതം’ ആലപിച്ച എത്ര നടന്മാര് നമുക്ക് വേറെയുണ്ട്? വിരഹവും, പ്രണയവും കച്ചേരിയുമെല്ലാം ആ നടനില്‍ സുഭദ്രമായിരുന്നു.
അവാച്യമായ സൗന്ദര്യാത്മകതയെ തന്റെ ‘റൊമാന്റിക് സങ്കല്പ’ങ്ങളുടെ പരമ കാഷ്ഠയായ ‘കൃഷ്ണ സങ്കല്പ’ത്തിന്റെ മുഖലാളനകളാക്കി അദ്ദേഹം മാറ്റിയെടുത്തു ! ഏതൊരു മലയാളിയുടെയും പ്രണയ സങ്കല്പങ്ങളിലെ ശ്രീകൃഷ്ണനായി പ്രേംനസീര്‍ മാറുകയാണുണ്ടായത് !
ഇന്ന് മലയാള സിനിമ പ്രതിസന്ധിയിലാണ്. സാമൂഹ്യബോധവും വായനയുടെ അടിത്തറയുമില്ലാത്ത ചില ‘നീക്കുപോക്ക് വാണിജ്യ’ സംഘങ്ങള്‍ സിനിമയില്‍ പിടിമുറുക്കിയിരിക്കുന്നു. കൗമാരത്തിന്റെ മദപ്പാടുകളെ തളയ്ക്കുന്നതിന് പകരം മദപ്പാടുകള്‍ തന്നെ ‘പ്രമേയ’മായി മാറുന്ന ദുരവസ്ഥ! നഷ്ട വസന്തങ്ങളെ നോക്കി നെടുവീര്‍പ്പിടുകയാണ് ഉല്‍ബുദ്ധരായ മലയാളി പ്രേക്ഷകര്‍ ! കേരള സര്‍ക്കാരിന്റെ സത്യന്, നസീര്‍ പ്രതിമാ പദ്ധതി ഉപേക്ഷിച്ച സാഹചര്യം ഇവിടെ സംജാതമാവണമെങ്കില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന പിതൃശൂന്യതയെക്കുറിച്ച് നമ്മള് ചിന്തിക്കേണ്ടിയിരിക്കുന്നു.
പ്രേം നസീര്‍ ഒരു ‘ബിംബ’മാവാന്‍ പാടില്ലായെന്ന് കലഹിക്കുന്നവരുടെ മുന്‍ഗാമികള്‍ തന്നെയാണ് അദ്ദേഹത്തെ പണ്ട് ബഹിഷ്ക്കരിച്ചതും! ലോകാരാധ്യനായ പ്രേംനസീര്‍ സ്നേഹ വാല്‍സല്യത്തിന്റെ പ്രതീകമാണ്. പകരം വെയ്ക്കാനില്ലാത്ത സൗന്ദര്യത്തിന്റേയും ശൈലിയുടേയും നേര്‍ക്കാഴ്ചയാണത്. അതിനുള്ള ആദരവുകൂടിയാണ് ഭരണകൂടം കൊടുക്കേണ്ടത്. മറ്റെന്തിനൊക്കെയോ വശപ്പെടുമ്പോള്‍ അരസികങ്ങളായ ചില സത്യങ്ങളെ പുനര്‍വായിക്കേണ്ടിവരും. മലയാളി കാത്തുസൂക്ഷിച്ചുപോന്ന സാംസ്കാരിക പൈതൃകത്തിന്റെ സാക്ഷ്യപത്രം കൂടിയായിരിക്കുമത് !
പ്രതികരിക്കാൻ ഇവിടെ എഴുതുക: