വിട്ടുമാറില്ലെന്ന് വേദന
ചട്ടുകം പൊള്ളിക്കുമ്പോള്‍
യാതനാമനസ്സിലെ കേണപേക്ഷകള്‍
തെറ്റെന്തു ചെയ്തെന്നെണ്ണുന്ന മാത്രകള്‍
ഒട്ടുമേ കനിയാത്ത കാരുണ്യസ്പര്ശങ്ങളെ
കാത്തുകാത്തിരിപ്പതു മാത്രമോ വിധിയെന്നും
സത്യങ്ങള്‍ കാലത്തിന്റെ വേഗരഥ്യയില്
വീണു; കാണാത്ത ലോകത്തേക്ക് മറയുന്നു.
മാറാത്തതെന്തുണ്ട്? മാറ്റമോ, മറവിയോ?
മാറിലെത്തിണ്ണയില് വിതുമ്പുന്നു വിരഹങ്ങള്‍.
കാഴ്ചയില്‍ മറയുന്ന രൂപങ്ങള്‍ ഗതവേഗ-
പ്പെരുമയില്‍ മാഞ്ഞുമാഞ്ഞൊടുങ്ങുമ്പോള്
ഏതിരുള്ചുരത്തിലാണിന്നലെയോര്മകള്
പൂവിടുന്നതിന് ഗന്ധം കാറ്റെടുക്കുന്നത്?
ആതുരം ശരീരമോ മനസ്സോയെന്നത്
വേര്തിരിക്കാനൊട്ടുമാവതില്ലതു സത്യം.
ശരികള്‍ വിളക്കേന്തി കാത്തുനില്ക്കുമ്പോഴും
തെറ്റുകള്‍ വെളിച്ചത്തെക്കെടുത്തി മുന്നേറുന്നു.
അകമെന്താണെന്ന് പുറത്തു കാണാത്തതും
വിഷയമാകുന്നില്ല, വിപത്തിന് മുന്നിലെന്നും
മുറിവുകളുണങ്ങാത്ത മുഷിപ്പന്‍ ദിനങ്ങളില്‍
വിനയാന്വിതനായി കനക്കുമേകാന്തത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: