മാനവസമൂഹത്തിന് ശാശ്വതമായ വികാസത്തിനും ജീവന്മുക്തിക്കുമുള്ള രാജമാര്‍ഗം തെളിയിച്ചുകാട്ടാനുതകുന്ന പുതിയൊരു ദര്‍ശനം രൂപപ്പെടുത്തിയ ദീനദയാല്‍ ഉപാദ്ധ്യായ അന്തരിച്ച ദിനമായ ഫെബ്രുവരി 11നാണ് ഇതെഴുതാനിരിക്കുന്നത്.
അറുപതുവര്‍ഷങ്ങള്‍ക്കുമുമ്പ് അദ്ദേഹത്തെ ആദ്യമായി കാണുകയും ആ അമൃതവചനങ്ങള്‍ കേള്‍ക്കുകയും ചെയ്തതുമുതല് 1967 അവസാനം കോഴിക്കോട് ചേര്‍ന്ന ഭാരതീയ ജനസംഘത്തിന്റെ 14-ാം സംപൂര്‍ണ്ണ സമ്മേളനം കഴിഞ്ഞ് അടുത്തദിവസം 1968 ഫെബ്രുവരി ഒന്നിന് കോഴിക്കോടുനിന്നും മടങ്ങിപ്പോകാന്‍ കാറില്‍ കയറുന്നതുവരെ നേരിട്ടനുഭവിക്കാനിടയായ ഒട്ടേറെ ഓര്‍മകള്‍ മനസ്സില്‍ തിക്കിത്തിരക്കി വന്നുകൊണ്ടിരിക്കുന്നു. അതിന്റെ 41-ാം ദിവസമാണ് അശനിപാതംപോലെ ദീനദയാല്‍ജിയുടെ മരണവൃത്താന്തം അറിയുന്നത്.
ഉത്തര്‍പ്രദേശിലും ബീഹാറിലും മറ്റുചില സംസ്ഥാനങ്ങളിലും ഭാരതീയ ജനസംഘം ഉള്‍ക്കൊള്ളുന്ന സംയുക്ത വിധായകദള് മന്ത്രിസഭകള്‍ ആണ് ഭരണം നടത്തിവന്നത്. ആ സംവിധാനത്തിന്റെ സൂത്രധാരന്മാരില് മുഖ്യന് ദീനദയാല്‍ജിയായിരുന്നു. മധ്യപ്രദേശില്‍ ഗ്വാളിയര്‍ രാജമാത വിജയരാജസിന്ധ്യയും യുപിയില്‍ ചൗധരി ചരണ്‍സിംഗും ബീഹാറില്‍ കര്‍പൂരി ഠാക്കൂറും ഉണ്ടായിരുന്നു. കോണ്‍ഗ്രസ് യുഗം അവസാനിച്ചു പുതിയൊരു യുഗം പിറക്കാനിരിക്കുന്നതേയുള്ളു അതിന്റെ അന്തരാളഘട്ടത്തിലാണ് രാഷ്ട്രം എന്ന് കോഴിക്കോട്ട് അധ്യക്ഷപ്രസംഗത്തില്‍ ദീനദയാല്‍ജി വിശദീകരിച്ചിരുന്നു.
പുതിയ രാഷ്ട്രീയ കാലാവസ്ഥയും സമന്വയവും രൂപംകൊണ്ടുവരുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന ‘തട്ടീംമുട്ടീം’ പ്രശ്നങ്ങള്‍ പറഞ്ഞു സമരിയാക്കുക എന്ന ജോലി അത്യന്തം ഭംഗിയായി ദീനദയാല്‍ജി ചെയ്തുവരികയായിരുന്നു. ബീഹാറിലെ സംയുക്ത വിധായക്ദള്‍ നേതൃത്വത്തിലെ ചില പടലപ്പിണക്കങ്ങള്‍ തീര്‍ക്കാനായി ലഖ്നൗവില്‍നിന്ന് പാട്നയിലേക്ക് പോകുന്നതിനിടയിലാണ് മുഗള്‍ സെരായ് സ്റ്റേഷന് യാര്‍ഡില്‍ അദ്ദേഹത്തിന്റെ മൃതദേഹം എറിയപ്പെട്ടത്. അന്നദ്ദേഹത്തിന് അന്‍പത്തൊന്നു വയസ്സേ ആയിട്ടുള്ളു. മുമ്പത്തെ രണ്ടു ജനസംഘാധ്യക്ഷന്മാരും അതേപ്രായത്തില്‍ അപമൃത്യുവിനിരയായിരുന്നു. ശ്യാമപ്രസാദ് മുഖര്‍ജി കശ്മീരില്‍ തടങ്കലിലായിരിക്കെ ദുരൂഹസാഹചര്യത്തിലും ഡോ. രഘുവീര 1963ല്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കാറപകടത്തിലുമാണ് അന്തരിച്ചത്.
ഭാരതത്തിന്റെ ഭാഗധേയം കരുപ്പിടിപ്പിക്കുന്നതില്‍ ഈ മൂന്നുപേരും സുപ്രധാനമായ പങ്ക് നിര്‍വ്വഹിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. ശ്യാമപ്രസാദ് മുഖര്‍ജി, ഭാരതീയ ജനസംഘത്തിന്റെ നയലക്ഷ്യ പ്രഖ്യാപനത്തിലൂടെ അതിനടിത്തറയുണ്ടാക്കിയെങ്കില് ഡോ. രഘുവീര അതിന് സാംസ്ക്കാരികവും ചരിത്രപരവുമായ മാനംനല്‍കി. ദീനദയാല്‍ജിയാകട്ടെ അതിനെ ഭാരതത്തിന്റെ അനാദിയും അഖണ്ഡവുമായ സാംസ്കാരിക പ്രവാഹത്തിന്റെ തുടര്‍ച്ചയായ ഒരു നൂതന ദര്‍ശനം, ഏകാത്മമാനവതയുടെ രൂപത്തിലാക്കി ആവിഷ്ക്കരിച്ചു.
1954ല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഭരണത്തിലായിരുന്ന, ഇന്ന് തമിഴ്നാടിന്റെ ഭാഗമായ കന്യാകുമാരി ജില്ലയിലെ മണ്ടക്കാട് അമ്മന്‍കൊട മഹോത്സവക്കാലത്ത് നടന്നുവന്ന ഹിന്ദുമത കണ്‍വെന്‍ഷനില്‍ പ്രഭാഷണം നടത്താനായിരുന്നു ദീനദയാല്‍ജി തിരുവനന്തപുരത്തെത്തിയത്. അദ്ദേഹത്തോടൊപ്പം പിന്നീട് വിശ്വഹിന്ദു പരിഷത്തിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായ എസ്.എസ്. അപ്തേയുമുണ്ടായിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന മക്കപ്പുഴ വാസുദേവന്‍പിള്ളയുടെ താല്പര്യപ്രകാരം പ്രാന്തപ്രചാരകന് ദത്താജി ഡിഡോള്ക്കറാണ് ദീനദയാല്‍ജി വരാന്‍ കാരണമായത്. അദ്ദേഹത്തോടൊപ്പം കേരള ഹിന്ദുമിഷന്റെ പ്രവര്‍ത്തകനായിരുന്ന സാധുശീലന്‍ പരമേശ്വരന്‍പിള്ള (പിന്നീട് പരമേശ്വരാനന്ദ സരസ്വതി സ്വാമികള്‍)യും മണ്ടക്കാട് പോയി.
ഈ യാത്രയോടൊപ്പംതന്നെ മലബാറിലും തിരുക്കൊച്ചിയിലും ജനസംഘത്തിന്റെ പ്രാരംഭത്തിനുള്ള ശ്രമങ്ങളും ദീനദയാല്‍ജി നടത്തി. ദത്താജിക്കുപുറമെ പി. മാധവജിയും രാ. വേണുഗോപാലും ആലപ്പുഴയിലും കോട്ടയത്തും സാഹചര്യങ്ങള്‍ ഒരുക്കിയിരുന്നു. കൊല്ലത്ത് ആലോചനായോഗം നിശ്ചയിച്ച സ്ഥലത്ത് അതേര്പ്പാടുചെയ്തയാള്പോലും വരാതെ രണ്ടുമണിക്കൂര്‍ കഴിഞ്ഞ അനുഭവവും ഉണ്ടായിയത്രേ. കോട്ടയത്തുനിന്നും ആലപ്പുഴനിന്നും എത്തിയവരും കൊല്ലത്തെ ഏതാനും സ്വയംസേവകരുമായി ഇരുന്ന് തികച്ചും പ്രശാന്തരായി ഒന്നുരണ്ടു മണിക്കൂര്‍ സമയം ദീനദയാല്‍ജിയും അപ്തേജിയും പോക്കിയത്രെ.
അക്കാലത്തെ തെരഞ്ഞെടുപ്പുകള്‍ ജനസംഘമെന്ന പേരിനെ ജനങ്ങള്‍ക്കിടയില്‍ പരിചയപ്പെടുത്താനുള്ള അവസരമാക്കിയെടുക്കണമെന്നായിരുന്നു ദീനദയാല്‍ജി ഉപദേശിച്ചത്.
പിന്നീട് സംഘശിക്ഷണത്തിനായി ചെന്നൈയില്‍ പോയപ്പോള്‍ ദീനദയാല്‍ജിയുടെ ബൗദ്ധിക്കുകള്‍ കേള്‍ക്കാന്‍ കഴിഞ്ഞു. സമഷ്ടി, പരമേഷ്ടി, സംപൂര്ണ്ണസൃഷ്ടി എന്നിങ്ങനെ അനുസ്യൂതമായ പ്രപഞ്ച വീക്ഷണം വളരെ ലളിതമായ വിധത്തില്‍ അദ്ദേഹം വിവരിച്ചു. ഓരോ രാഷ്ട്രത്തിനു തനതായ സംസ്ക്കാരവും ജീവിത വീക്ഷണവും പ്രതികരണരീതിയുമുണ്ടാകുമെന്ന് അദ്ദേഹം രസകരമായ ഉദാഹരണത്തിലൂടെ വിശദീകരിച്ചുതന്നു.
ഒരുകടയില്‍നിന്ന് ചായവാങ്ങിക്കഴിക്കുന്ന ആളുകളുടെ പ്രതികരണമാണദ്ദേഹം ഉദാഹരിച്ചത്. ചായയില്‍ ഈച്ച വീണതായി കാണുമ്പോള്‍ ഒരാള്‍ അത് ചൂണ്ടിക്കാട്ടി വേറൊരു ചായ വരുത്തും. മറ്റൊരാള്‍ ഈച്ചയെ എടുത്തുകളഞ്ഞു ചായകഴിക്കും. മറ്റൊരാള്‍ കുറച്ചു ചായ കുടിച്ചിട്ട് ഈച്ചയെ കാണിച്ചു, ഒരു ചായ കൂടി കുടിക്കും, ഇനിയുമൊരാള്‍ ഈച്ചയെ ചായയില്‍ പിഴിഞ്ഞൊഴിച്ചു കഴിക്കും. ആള് ജനിച്ചുവളര്‍ന്ന സമാജത്തില്‍ പരമ്പരാഗതമായി ഉണ്ടായിവന്ന സംസ്ക്കാരമാണ് അത്തരത്തില്‍ പെരുമാറാന്‍ വ്യക്തിയെ പ്രേരിപ്പിക്കുന്നത്.
ചെറുപ്പത്തിലെതന്നെ മാതാപിതാക്കന്മാരും മറ്റുടയവരും നഷ്ടപ്പെട്ട ദീനദയാല്‍ജി സംഘസ്ഥാപകനായ ഡോ. ഹെഡ്ഗേവാറെപ്പോലെ തികച്ചും ഏകാകിയായിരുന്നു. പക്ഷേ സംഘത്തില്‍നിന്നു ലഭിച്ച സമഷ്ടിഭാവം മൂലം വസുധൈവകുടുംബകമെന്ന ആശയത്തെ അദ്ദേഹം സാക്ഷാല്ക്കരിച്ചെടുത്തു. സാധാരണ പ്രവര്‍ത്തകരുടെ വീടുകളില്താമസമേര്പ്പാടുചെയ്യുന്നതാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ആ വീട്ടിലെ അംഗങ്ങളുമായി അദ്ദേഹം ഇണങ്ങിച്ചേരുമായിരുന്നു. 1963 ലെ ചില അനുഭവങ്ങള്‍ ഓര്‍മയില്‍വരുന്നു.
ദീനദയാല്‍ജിക്ക് കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പിലാണ് പരിപാടി നിശ്ചയിച്ചിരുന്നത്. തലേന്ന് വൈകുന്നേരം കണ്ണൂരില്‍ തീവണ്ടിമാര്‍ഗം എത്തുമെന്നും അന്നവിടെ താമസിക്കാന്‍ സൗകര്യം ചെയ്യണമെന്നും പരമേശ്വര്‍ജി കത്തുമൂലം അറിയിച്ചു. അന്ന് അവിടെ പ്രചാരകനായിരുന്നതിനാല്‍ ആ ചുമതല സ്വാഭാവികമായും എനിക്കായി.
കണ്ണൂരിലെ ഒരു തുണിമില്ലിലെ സ്പിന്നിങ് മാസ്റ്റര്‍ ആയിരുന്ന ശ്രീ ഭാര്‍ഗവ വളരെ സൗകര്യപ്രദമായ ഒരു സ്ഥലത്താണ് താമസിച്ചിരുന്നത്. അദ്ദേഹത്തെ കണ്ടുവിവരമറിയിച്ചപ്പോള്, തങ്ങള്‍ മഥുരയില്‍ അടുത്തടുത്ത ഗ്രാമക്കാരാണെന്നും ദീനദയാല്‍ജിയെ അതിഥിയായിട്ടല്ല കുടുംബാംഗമായിട്ടാണവിടെ താമസിപ്പിക്കാന്‍ ഇഷ്ടമെന്നും പറഞ്ഞു. ദീനദയാല്‍ജിക്കും ആ താമസം വളരെ സുഖപ്രദമായി. അതേസമയം ഒരു കണ്ണൂര്‍ സ്വദേശിയുടെ കൂടെയായിരുന്നു താമസമെങ്കില്‍ അതു ജനസംഘത്തിന്റെ ഭാവിക്ക് പ്രയോജനകരമായേനെ എന്നു പിന്നീട് പറയാനും മടിച്ചില്ല.
തളിപ്പറമ്പില്‍ അടുത്ത ദിവസം പരമേശ്വര്‍ജിയാണ് കൊണ്ടുപോയത്. അവിടത്തെ തികച്ചും സാധാരണക്കാരും അനഭ്യസ്തരുമായ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വികാരഭരിതനാക്കിയെന്നു പറയാം. സംസ്കൃത പണ്ഡിതനും കവിയുമൊക്കെ ആയിരുന്ന ഗോവിന്ദ പൊതുവാളുടെ വീട്ടിലായിരുന്നു ഭക്ഷണവും വിശ്രമവും ഏര്‍പ്പെടുത്തിയത്. അന്പതുവര്ഷം മുമ്പത്തെ തളിപ്പറമ്പ് തികച്ചും പ്രശാന്തമായ ഗ്രാമാന്തരീക്ഷം നിറഞ്ഞുനിന്ന സ്ഥലമായിരുന്നു. ഏതോ മരുന്നു തയ്യാറാക്കാനായി പൊതുവാള് ശേഖരിച്ച ത്രിഫല അവിടെയുണ്ടായിരുന്നു. അതില്‍ കടുക്കയുടെ സംസ്കൃതം പേര് പെട്ടെന്ന് അദ്ദേഹം മറന്നപ്പോള്‍ ദീനദയാല്‍ജി ഹരിതകീ എന്നുപറഞ്ഞുകൊടുത്തു.
പ്രവര്‍ത്തകരുടേയും പത്രക്കാരുടേയും സംശയങ്ങള്‍ക്ക് അദ്ദേഹം ഒരിക്കലും തന്ത്രപരമായി മറുപടി പറഞ്ഞൊഴിയാന്‍ ശ്രമിക്കുമായിരുന്നില്ല. കോഴിക്കോട് ജനസംഘകാര്യാലയത്തില്‍ ഒരു പത്രസമ്മേളനത്തിനിടെ ആര്‍എസ്എസും ജനസംഘവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ചോദ്യമുണ്ടായി. തുടക്കം മുതല്‍ വളരെ വ്യക്തമായ പരസ്പര ധാരണയും ബന്ധവുമുണ്ടെന്നും അത് തുടരണമെന്നുതന്നെയാണ് ജനസംഘമഭിലഷിക്കുന്നതെന്നും ദീനദയാല്‍ജി വ്യക്തമാക്കി. ജനസംഘത്തിന്റെ നയത്തിലും പരിപാടികളിലും ഒരിക്കലും സംഘം ഇടപടേണ്ട ആവശ്യം വരില്ലെന്ന് കൂടി അദ്ദേഹം പറഞ്ഞു.
ആയിടെ ബീഹാറിലെ പാട്നയിലും റാഞ്ചി (ഇപ്പോള്‍ ഝാര്‍ഖണ്ഡ്)യിലും ഹിന്ദു-മുസ്ലിം സംഘട്ടനങ്ങള്‍ നടന്നു. ഇന്നത്തെപ്പോലെ സെക്കുലറിസ്റ്റകളും കമ്മ്യൂണിസ്റ്റുകളും ഹിന്ദുക്കളും മുസ്ലിങ്ങളും ഇടകലര്‍ന്നല്ലാതെ വെവ്വേറെ താമസിക്കുന്നതിന് ഏര്പ്പാടുകളുണ്ടാക്കണമെന്നഭിപ്രായപ്പെട്ടു. അതിനെപ്പറ്റിയായിരുന്നു ഒരു പത്രക്കാരന് ചോദിച്ചത്. വ്യക്തമായി ദീനദയാല്‍ജിയുടെ മറുപടി. മുസ്ലിങ്ങളുടെ സുരക്ഷിതത്വം ഭരണഘടനയിലും നിയമപരിരക്ഷയിലുമല്ല, സ്വന്തം പ്രവൃത്തികളും പെരുമാറ്റവുംകൊണ്ട് ഹിന്ദുസമാജത്തിന്റെ വിശ്വാസവും ആദരവും നേടിയെടുക്കുന്നതിലാണ്. അതിനാല്‍ വേര്‍തിരിച്ചു താമസിപ്പിക്കുന്നതുകൊണ്ട് ഗുണമുണ്ടാവില്ല എന്നായിരുന്നു.
കോഴിക്കോട് സമ്മേളനശേഷം പുതിയ പ്രസിഡന്റിന്റെ ബഹുമാനാര്‍ത്ഥം നടത്തപ്പെട്ട പൗരാവലിയുടെ സൗഹൃദസദസ്സില്‍ വെച്ച് ഫാദര്‍ മലേനിയസും ഡോ.ജോണും ഉന്നയിച്ച ഒരു പ്രശ്നം ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും ജനസംഘത്തെപ്പറ്റിയുള്ള ആശങ്കകള്‍ എങ്ങനെയില്ലാതാക്കുമെന്നായിരുന്നു. അതിനും അദ്ദേഹം സ്വതസിദ്ധമായ രീതിയില്‍ നല്കിയ മറുപടി, ആ വിഭാഗത്തില്‍പ്പെട്ടവര്‍ ധാരാളമായി ജനസംഘത്തില്‍ വരുമ്പോള്‍ മാത്രമല്ലേ അവരുടെ പ്രശ്നങ്ങളും ആശങ്കകളും അറിയാന്‍ കഴിയൂ. ആരുടെയും മുമ്പില്‍ വാതില്‍ അടച്ചിട്ടില്ല എന്നായിരുന്നു.
വസ്തുനിഷ്ഠമായി പ്രശ്നങ്ങളെ സമീപിച്ച തികഞ്ഞ യഥാര്ത്ഥവാദിയായ മഹാമനീഷിയായിരുന്നു ദീനദയാല്‍ജി. അദ്ദേഹത്തിന്റെ ചിന്തകളും ആത്മാവും ഭാരതത്തെ മുന്നോട്ടു നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: