പല പത്രങ്ങള്‍, പല വീക്ഷണങ്ങള്‍, നിലപാടുകള്‍, അതുകൊണ്ടുതന്നെ നേര് നേരത്തെ അറിയിക്കാന്‍ പലര്‍ക്കും പറ്റാറില്ല. ഇനി അറിയിച്ചാല്‍ അതില്‍ എല്ലാ നേരും ഉണ്ടായിക്കൊള്ളണമെന്നുമില്ല. ഒരു വാര്‍ത്തയിതാ. തികച്ചും ലളിതമായത്. പക്ഷേ, അതിന്റെ ക്രൂരതയും ഭീകരതയും മനുഷ്യമനസ്സിലെ കാലുഷ്യവും കാട്ടിത്തരാന്‍ രണ്ടു പത്രങ്ങളില്‍ ഒരേ ദിവസം വന്ന വാര്‍ത്തയ്ക്ക് കഴിയും.
ചുരുക്കത്തില്‍ വാര്‍ത്ത ഇത്രയേ ഉള്ളു. ഒരു വാഹനാപകടം. അതില്‍പെട്ട് ഹോട്ടല്‍ ഉടമയായ യുവാവ് മരിച്ചു. കോട്ടയം മുഖ്യഓഫീസായ പത്രത്തിലെ വാര്‍ത്തയില്‍ പറയുന്നതിങ്ങനെ: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് കാറില്‍ മടങ്ങുകയായിരുന്ന മധുരിമ ഹോട്ടല്‍ ഉടമ ജഗദീഷ് (42) ആര്‍ത്താറ്റ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു………. നിയന്ത്രണം വിട്ട കാര്‍ ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കാറിന് പിറകിലുണ്ടായിരുന്ന ഗുരുവായൂര്‍-കോഴിക്കോട് അമൃത ലിമിറ്റഡ് സ്റ്റോപ്പ് ബസിന്റെ ഡ്രൈവര്‍ ബസ് നിര്‍ത്തിയിട്ട് ജഗദീഷിനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വാര്‍ത്ത സമഗ്രമെന്ന് പറയാം. എന്നാല്‍ ഇതിനു ശേഷമുണ്ടായതുകൂടി വായനക്കാരെ അറിയിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നു തോന്നിപ്പോകുന്നു കോഴിക്കോട്ട് മുഖ്യ ഓഫീസുള്ള പത്രത്തിന്റെ വിവരണം. അവരീ വാര്‍ത്തയ്ക്ക് കൊടുത്ത തലക്കെട്ട് പോലും മാനവികത തുള്ളിത്തുളുമ്പുന്നത്. നോക്കുക: അപകടത്തില്‍പെട്ടയാളെ രക്ഷിക്കാന്‍ ശ്രമിച്ചു; ബസ് ഡ്രൈവര്‍ക്ക് ജോലി പോയി. നമ്മെ വല്ലാതെ കുത്തി നോവിക്കുന്നതാണ് ആ അപകടത്തെക്കുറിച്ചുള്ള വാര്‍ത്ത. മരണമടഞ്ഞ ഹതഭാഗ്യനെക്കാള് വേദനാജനകമായിരുന്നു രക്ഷിക്കാന്‍ തുനിഞ്ഞ ബസ് ഡ്രൈവര്‍ ബിനുവിന്റെ അനുഭവം.
വാര്‍ത്തയിലേക്ക്: ടിപ്പറുമായി കൂട്ടിയിടിച്ച് കാറില്‍ രക്തം വാര്‍ന്ന് കിടന്നയാളെ രക്ഷിക്കാന്‍ ശ്രമിച്ച ബസ് ഡ്രൈവര്‍ക്ക് ജോലി നഷ്ടമായി……….അപകടത്തില്‍ ഹോട്ടലുടമ തലക്കോട്ടുകര ജഗദീഷ് നിലയത്തില്‍ ജഗദീഷ് ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു. കാറിന്റെ സ്റ്റിയറിങ്ങില്‍ തലയിടിച്ച് രക്തത്തില്‍ കുളിച്ചു കിടന്ന ഇയാളെ രക്ഷിച്ച് ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ച സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിന്റെ ഡ്രൈവര്‍ വെള്ളാറ്റഞ്ഞൂര്‍ തണ്ടിലം മനയ്ക്കലാത്ത് വീട്ടില്‍ എം.പി. ബിനു(39) വിനാണ് ജോലി പോയത്.
അപകട ദൃശ്യം മൊബൈലില്‍ പകര്‍ത്താന്‍ ആവേശം കാട്ടുകയല്ലാതെ ജനക്കൂട്ടം ജഗദീഷിനെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. ഗുരുവായൂര്‍-കോഴിക്കോട് റൂട്ടിലെ അമൃത ബസ്സിലെ ഡ്രൈവറായ ബിനു ബസ് നിര്‍ത്തി ഇറങ്ങി, കാറിന്റെ ലോക്ക് പാടുപെട്ട് തുറന്നു. നെറ്റിയിലെ രക്തം ചീന്തിയൊഴുകിയത് കയ്യിലെ തോര്‍ത്തുകൊണ്ട് വരിഞ്ഞുകെട്ടി. പരവേശം കാട്ടിയ യുവാവിന് കാറിലെ കുപ്പിവെള്ളം നല്‍കിയതോടെ ജഗദീഷ് ബിനുവിന്റെ മടിയിലേക്ക് തലചായ്ച്ചു. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പലരോടും യാചിച്ചെങ്കിലും ആരും കേട്ടില്ല. ഏറെ നേരത്തെ ശ്രമത്തിനു ശേഷം അതുവഴി കടന്നുപോയ കാര്‍ പിടിച്ച് യുവാവിനെ അകത്തു കയറ്റി. കൂട്ടിനായി ഒരാള്‍ പോലും കാറില്‍ കയറാന്‍ ഉണ്ടായില്ല. ഇതൊക്കെ ചെയ്തിട്ടും യുവാവ് രക്ഷപ്പെട്ടില്ല. എന്നാല്‍ അതിലും വലിയ ഒരു ക്രൂരത പിന്നീടുണ്ടായി. അതിലേക്ക്: അമൃത ബസ്സിലെ യാത്രക്കാരെ കണ്ടക്ടര്‍ മറ്റൊരു വാഹനത്തില്‍ കയറ്റി വിട്ടു. പിന്നീട് കണ്ടക്ടര്‍ മറ്റൊരു ഡ്രൈവറെ വിളിച്ചുവരുത്തി സര്‍വീസ് ആരംഭിച്ചു.
ഇനി മുതല്‍ ഈ ബസ്സില്‍ ജോലിക്കു വരേണ്ടെന്ന് അമൃത ബസ്സുമായി ബന്ധപ്പെട്ടവര്‍ ബിനുവിനോടു പറഞ്ഞു. ഇത്രയും വ്യക്തമായ ഒരു സംഭവത്തിന്റെ മുഴുവന്‍ ഭാഗവും വായനക്കാര്‍ക്ക് കൊടുക്കുന്നതില്‍ ഉപേക്ഷ വരുത്തിയ പത്രത്തിന് ന്യായീകരണങ്ങള്‍ ഒരുപാടുണ്ടാവും. അതേസമയം വായനക്കാരന് ഒരു സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം കിട്ടുകയുണ്ടായില്ല. ബോധപൂര്‍വം അത് മറച്ചുവെച്ചു. അതുവഴി സമൂഹത്തിന് ജാഗ്രത കൊടുക്കേണ്ട ഉത്തരവാദിത്തത്തില്‍ നിന്ന് അവര്‍ സ്വയം പിന്മാറി.
ദൈവം ഭൂമിയിലേക്ക് കൈയൊപ്പിട്ട് അയച്ചവരില്‍ ഒരാളായ ബിനു അതിന്റെ മൂല്യം അറിഞ്ഞ് സ്വയം പ്രവര്‍ത്തിച്ചു. എന്തെങ്കിലും പ്രതീക്ഷിച്ചോ പ്രലോഭനത്തിന് വഴിപ്പെട്ടോ ആയിരുന്നില്ല അത്. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങള്‍ മനുഷ്യന്റെ സ്വാര്‍ത്ഥ സുഖത്തിന്റെയും രസാത്മകതയുടെയും ഭാഗമായിത്തീരുന്നതിന്റെ വക്രമുഖം ഇതില്‍ കാണാം. പിടഞ്ഞു മരിക്കുന്ന മനുഷ്യന്റെ അവസ്ഥ യൂട്യൂബി ലും എഫ്ബി യിലും വൈറലായി പടരുമ്പോള്‍ വിറയാര്ന്നുവീഴുന്ന മനുഷ്യത്വത്തിന് ഒരു തുള്ളി വെള്ളം നല്കാന് ബിനുവിനെപോലെ ചിലരുണ്ടാകും എന്നത് കോരിത്തരിപ്പിക്കുന്ന അനുഭവമാണ്. യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ കൈയൊപ്പ് നമുക്കിവിടെ ദൃശ്യമാവുന്നു. ബിനുവിന് കാലികവട്ടത്തിന്റെ ഒരുഗ്രന്‍ സല്യൂട്ട് !
ഇനി ഇതിന്റെ ക്ലൈമാക്സിലേക്ക്. ഫെബ്രു. 10ലെ മാതൃഭൂമി അവരുടെ തുടര്വാര്ത്തയുടെ തലക്കെട്ട് ഇങ്ങനെ നല്കിയിരിക്കുന്നു: ബിനുവിനെത്തേടി അഭിനന്ദനങ്ങളും ജോലി വാഗ്ദാനങ്ങളും. മനുഷ്യത്വത്തിന്റെ കാലിക പ്രസക്തിയിലേക്ക് കൈക്കുറ്റപ്പാടില്ലാതെ കടന്നുചെന്ന ബസ് ഡ്രൈവര്‍ ബിനുവിന് കലവറയില്ലാത്ത പിന്തുണയും അഭിനന്ദനങ്ങളുമാണ് ജനങ്ങള്‍ക്കിടയില്‍ നിന്ന് ലഭിച്ചത്. വാര്‍ത്തയിലേക്ക്: അപകടത്തില്‍പ്പെട്ടു കിടന്നയാളെ രക്ഷിക്കാന്‍ ശ്രമിച്ചതുകാരണം ജോലി നഷ്ടമായ ബസ് ഡ്രൈവര്‍ ബിനുവിന് തൊഴില്‍ വാഗ്ദാനവുമായി ഗള്‍ഫിലെ രണ്ട് പ്രമുഖ കമ്പനികളെത്തി. ഗള്‍ഫിലെ ഇറാം ഗ്രൂപ്പും ഖത്തറിലെ ദി ഗ്രെയ്സ് എന്‍ജിനീയറിംഗ് ആന്റ് ടെക്നിക്കല്‍ കമ്പനിയുമാണ് മനുഷ്യ സ്നേഹത്തിന്റെ മാതൃകയായി മാറിയ ബിനുവിന് സഹായഹസ്തവുമായിട്ടെത്തിയത്.
ഇരു കമ്പനികളും പാസ്പോര്‍ട്ടും വിസയും വിമാന ടിക്കറ്റും നല്‍കിയാണ് ബിനുവിനെ കൊണ്ടുപോവുക. നന്മ പൂക്കുന്ന ഒരു മരം സ്വപ്നം കാണുകയാണെന്നു കരുതുക. നിശ്ചയമായും അതിന്റെ കൊമ്പില്‍ ബിനു ഉണ്ടാകും, എന്നും നിങ്ങളെയും കാത്ത് ! നിങ്ങള്‍ക്ക് എന്തെങ്കിലും പറ്റിയാല്‍ കൈമെയ് മറന്ന് സഹായിക്കാന്‍.ബിനുവിന്റെ സദ്പ്രവൃത്തിയെ നമുക്കു മുമ്പില്‍ തനിമ ചോരാതെ അവതരിപ്പിച്ച പത്രപ്രവര്‍ത്തന മാതൃകയ്ക്കും ഒരു നല്ല നമസ്കാരം.
ദല്‍ഹി നിയമസഭയിലെ 70 സീറ്റാണ് ഈ ഭാരത മഹാരാജ്യത്തെ സകലകാര്യങ്ങളും നിശ്ചയിക്കുന്നതെന്ന് ധരിച്ചുവശായിരിക്കുന്നു നമ്മുടെ മാധ്യമ മഹിതാശയന്മാരും അവരുടെ നിക്ഷിപ്ത താല്‍പ്പര്യക്കാരായ വിദ്വാന്മാരും. ഒരുത്തനെത്തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവനെന്നുതോന്നും അവന് തന്നെ എന്നോ മറ്റോ ഒരു കവി പറഞ്ഞിട്ടില്ലേ. ഏതാണ്ടതാണ് സ്ഥിതി. പ്രധാനമന്ത്രി മാധ്യമങ്ങളെ അത്രയ്ക്കങ്ങ് അടുപ്പിക്കാത്തതിന്റെ ചൊരുക്ക് മൊത്തമായും ചില്ലറയായും അവര്‍ പല വായിലൂടെ ഛര്‍ദ്ദിച്ചു.
ഇതില്‍ നീന്തിത്തുടിക്കാന്‍ കാരാട്ട് പ്രകാശന് മുതല്‍ കായക്കൊടിയിലെ കണാരേട്ടന് വരെ വര്‍ധിതാവേശത്തോടെ കൊച്ചുനിക്കറുമിട്ട് നിരന്നു. അവരെക്കൊണ്ട് ചാടിക്കളിക്കെടാ കുഞ്ഞിരാമാ എന്ന മട്ടില്‍ നികേഷ-പ്രകാശ-ഷാനി-വേണു-സിന്ധു-ബ്രിട്ടാസാദികളുടെ കൈകൊട്ടിക്കളിയും. ഇത്രയും വികാരവത്തായ ഒരു ക്രൈം ത്രില്ലര്‍ അടുത്തകാലത്തൊന്നും ആരും കണ്ടിട്ടുണ്ടാവില്ല.
പഠിച്ചതേ പാടൂ എന്നതിനാല്‍ അതങ്ങനെ നടക്കട്ടെ. എന്നാല്‍ ഇമ്മാതിരിക്കാര് പുകഴ്ത്തിപ്പൂക്കുറ്റിയാക്കിയ പാര്‍ട്ടിയെയും നേതാവിനെയും കുറിച്ച് മലയാള മനോരമ ഫെബ്രു 11 ന് നല്കിയ തലക്കെട്ട് ഉഗ്രന്‍. ചൂലല്ല, ചുഴലി എന്നായിരുന്നല്ലോ അത്. ജനങ്ങള്‍ സ്വപ്നത്തില്‍ കൂടി ഓര്‍ക്കാന്‍ ഭയക്കുന്ന അനുഭവമാണ് ചുഴലിയുടേത്. ദില്ലിയിലെ കക്ഷിയും അങ്ങനെയാവും എന്ന് പ്രവചിക്കാന്‍ തോന്നിയ പത്രാധിപ പ്രതിഭകള്‍ക്ക് എന്തുനല്‍കേണ്ടു തമ്പുരാനേ…?
പ്രതികരിക്കാൻ ഇവിടെ എഴുതുക: