കൊച്ചി: എഴുപത്തിയഞ്ച് വയസ്സ് പിന്നിട്ട കൊച്ചി ഹാര്‍ബാര്‍ പാലത്തിലൂടെ വീണ്ടും വാഹനങ്ങളോടിത്തുടങ്ങി. അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിച്ച് ബലക്ഷയം പരിഹരിച്ചു. ഇരുചക്രവാഹനങ്ങളടക്കം ഭാരംകുറഞ്ഞ വാഹനങ്ങളാണ് നിലവില്‍ ഹാര്‍ബര്‍ പാലത്തിലൂടെ കടത്തിവിടുന്നത്.
കൊച്ചി തുറമുഖശില്പ്പി റോബര്‍ട്ട് ബ്രിസ്റ്റോ നിര്‍മ്മിച്ച കൊച്ചി ഹാര്‍ബര്‍ പാലം 1940-ലാണ് ഗതാഗതത്തിനായി തുറന്നുനല്‍കിയത്. ബ്രിട്ടീഷ് സാങ്കേതികവിദ്യക്കൊപ്പം പ്രാദേശികമായ നിര്‍മാണരീതികളും സമന്വയിപ്പിച്ചാണ് ഹാര്ബര്പാലത്തിന്റെ ബലക്ഷയതര്ക്കം പരിഹരിച്ചത്.
ഒരേസമയം പത്തോളം ആനകളെ സഞ്ചരിപ്പിച്ചാണ് പാലത്തിന്റെ ബലപരീക്ഷണം നടത്തിയത്.
കൊച്ചിയുടെ ഇരുകരകളെയും തുറമുഖദ്വീപുമായി ബന്ധപ്പെടുത്തിനിര്മ്മിച്ച ഹാര്ബര്പാലവും തേവര വെണ്ടുരുത്തിപ്പാലവും കാലപ്പഴക്കത്തിന്റെ പേരില്‍ ബലക്ഷയം വന്നപ്പോള്‍ പുതിയ പാലം നിര്‍മ്മിക്കുകയും ചെയ്തു. സാങ്കേതികവിദ്യയുടെ വൈദഗ്ധ്യം വിളിച്ചറിയിക്കുന്ന കൊച്ചി ഹാര്‍ബര്‍ പാലത്തിന് സവിശേഷതകളേറെയാണ്.
പാലത്തിലെ ഗര്‍ഡറുകള്‍ സ്ഥാപിച്ചത് കായലില്‍നിന്ന് ഉയര്ന്നുനില്ക്കുന്ന തൂണുകളിലെ സ്പ്രിങ്ങുകളിലാണ്. ഇതുമൂലം ഏറെ ഭാരമുള്ള വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പാലം കുലുങ്ങും. പാലത്തിന് മധ്യേ സ്ഥാപിച്ച ലിഫ്റ്റ് ഗര്‍ഡര്‍ അന്താരാഷ്ട്ര പ്രശസ്തവും ആകര്ഷണീയവുമാണ്. കൊച്ചി കായലിലൂടെയുള്ള ഗതാഗത-ചരക്ക് കപ്പലുകളുടെ യാത്രാതടസം ഒഴിവാക്കാനാണ് ഇത്തരത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 1960-കള്‍വരെ പ്രവര്‍ത്തനസജ്ജമായിരുന്ന ഹാര്ബാര്പാലത്തിലെ ലിഫ്റ്റ് ഗര്‍ഡറുകള്‍ ഇന്നും ശക്തമായ നിലയിലാണ് സ്ഥിതിചെയ്യുന്നത്.
പാലം പ്രവര്‍ത്തനസജ്ജമായി നാല്പതുവര്ഷംപിന്നിട്ടതോടെ ബലക്ഷയത്തിന്റെ മുറവിളി ഉയര്‍ന്നുതുടങ്ങി. കൊച്ചി തുറമുഖട്രസ്റ്റിന് കീഴിലുള്ള ഹാര്‍ബര്‍പാലം സംസ്ഥാന ദേശീയപാതയുടെ ഭാഗമായിമാറിയതോടെ 1977 ല്‍ സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പരിശോാധന നടത്തി. 1983 ല്‍ നടത്തിയ പരിശോധനയില്‍ ഗര്‍ഡറുകളുടെ ബലക്ഷയത്തില്‍ സംശയമുയര്‍ന്നതോടെ പാലത്തിലൂടെയുള്ള ഗതാഗതം നിയന്ത്രണത്തിലാക്കി. ഒപ്പം പുതിയ പാലത്തിനുള്ള ശ്രമങ്ങളും തുടങ്ങി. സര്‍ക്കാരിന്റെ സാമ്പത്തികപരാധീനത ഉയര്‍ത്തിക്കാട്ടി ഹാര്ബാര്പാലത്തിന് സമാന്തരമായി 2000 ല്‍ സംസ്ഥാനത്തെ ആദ്യ ബിഒടി പാലം നിര്‍മ്മിക്കുകയും ചെയ്തു.
പാലത്തിലൂടെയുള്ള യാത്രാനിരക്കായ ‘ടോള്‍’ പിരിച്ചെടുക്കുന്ന അശാസ്ത്രീയ നിബന്ധനകളെത്തുടര്‍ന്ന് ഏറെ പ്രക്ഷോഭത്തിനും അഴിമതിയാരോപണങ്ങള്‍ക്കും ഇതിടയാക്കി. ബിഓടി പാലം തുറന്നതോടെ അടച്ചിട്ട ഹാര്ബാര്പാലം തുടര്‍ന്ന് കൊച്ചി തുറമുഖ ട്രസ്റ്റ് പൊതുമരാമത്ത് വകുപ്പിന് കൈമാറുകയും നിരന്തര അവഗണനയെത്തുടര്‍ന്ന് നാശോന്മുഖമായിത്തുടങ്ങുകയും ചെയ്തു.
പഴയ ഹാര്‍ബര്‍പാലം പൈതൃകസ്മാരകമാക്കിക്കൊണ്ട് ഒട്ടേറെ പദ്ധതികളുയര്ന്നുവന്നെങ്കിലും രാഷ്ട്രീയവും സാങ്കേതികവും ഉദ്യോഗസ്ഥ മേലാളിത്തവും സാമ്പത്തിക പരാധീനതയും ഇവയെല്ലാം കടലാസ് പദ്ധതികളായി മാറി. പാലത്തിന് മധ്യേയുള്ള ഗര്‍ഡര്‍ തകര്‍ന്നുതുടങ്ങിയതോടെ പാലം സംരക്ഷണ പ്രക്ഷോഭമുയര്ന്നുതുടങ്ങി. ഒടുവില്‍ 74 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ പാലം അറ്റകുറ്റപ്പണിക്കൊരുങ്ങി.
വര്‍ഷങ്ങള്‍ നീണ്ട അവഗണനക്കൊടുവില്‍ 2014 ഡിസംബറില്‍ പാലം അറ്റകുറ്റപ്പണി തുടങ്ങുകയും നവീകരണം നടത്തി ബലക്ഷയം ഒഴിവാക്കി ഹാര്ബാര്പാലം ഗതാഗതസജ്ജമാക്കുകയും ചെയ്തു. ഇന്നുമുതല്‍ ഹാര്ബര്പാലത്തിലൂടെ വാഹനങ്ങളോടിത്തുടങ്ങുമ്പോള് പശ്ചിമകൊച്ചിക്കാരുടെ ശക്തമായ സമ്മര്‍ദ്ദ പ്രക്ഷോഭങ്ങളുടെ വിജയംകൂടിയായിമാറുകയാണ് ഒപ്പം ഏറെനാളായി അനുഭവിക്കുന്ന ഗതാഗതക്കുരുക്കില്‍നിന്നുള്ള മോചനവും.
ചടങ്ങില്‍ ഡോമനിക് പ്രസന്റേഷന് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ജിസിഡിഎ ചെയര്മാന് എന്‍. വേണുഗോപാല്‍, മേയര്‍ ടോണിചമ്മണി, കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയില്‍, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്മാരായ ആര്. ത്യാഗരാജന്, ജെ. ജെ. സോഹന്‍, ടി. കെ അഷ്റഫ് എന്നിവര്‍ സംബന്ധിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: