കൊല്ലം: പ്രസ്ഥാനത്രയങ്ങളായ ഉപനിഷദ്, ഭഗവദ്ഗീത, ബ്രഹ്മസൂത്രങ്ങള്‍ എന്നിവ മാനവജീവിതത്തിലെ സമസ്ത പ്രശ്നങ്ങള്‍ക്കും സംശയങ്ങള്‍ക്കും സമാധാനം നല്‍കുമെന്ന് കോഴിക്കോട് കുളത്തൂര്‍ അദ്വൈതാശ്രമം മുഖ്യാചാര്യന്‍ സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഇവ നമുക്ക് ജീവിതലക്ഷ്യവും ഉചിതമായ മാര്‍ഗങ്ങളും പ്രദാനം ചെയ്യുമെന്ന് സ്വാമി പറഞ്ഞു. മാആനന്ദമയിദേവി മുഖ്യാചാര്യയായ ചന്ദനത്തോപ്പ് ശ്രീശക്തി പാദാദ്വൈതാശ്രമത്തില് നടന്നുവരുന്ന വേദാന്തപഠനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി.
സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാനശാസ്ത്രം വേദമാണ്. വേദത്തിന്റെ താല്പര്യനിര്ണയം ചെയ്യപ്പെട്ടിട്ടുള്ളത് വേദാന്തമെന്നറിയപ്പെടുന്ന ഉപനിഷത്തുകളാണ്. ധര്‍മ്മത്തിന്റെ താത്വികമായ അടിത്തറയാണ് ഉപനിഷത്. ഉപനിഷത്തുക്കളുടെ സാരസര്വമാണ് ഭഗവദ്ഗീത. ഉപനിഷത് വാക്യവിചാരമാണ് ബ്രഹ്മസൂത്രങ്ങള്‍. ഇവ മൂന്നുമാണ് വൈദികചിന്തയുടെ നിഗമനസ്ഥാനീയങ്ങളായ പരമോപദേശങ്ങളെന്ന് സ്വാമിജി പറഞ്ഞു.
ഈ മാസത്തെ പഠനം ഇന്ന് സമാപിക്കും. ദ്വിദിന പഠനത്തിന്റെ ചടങ്ങില്‍ ആശ്രമം വൈസ്പ്രസിഡന്റ് കല്ലട ഷണ്മുഖന് സ്വാഗതം പറഞ്ഞു. സെക്രട്ടറി പ്രൊഫ.പി.ഡി.പങ്കജാക്ഷന്‍നായര്‍, ട്രഷറര്‍ ജനാര്‍ദ്ദനന്‍നായര്‍, വിമല്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: