ചങ്ങനാശേരി: ബിജെപി ടൗണ്‍ 113-ാം നമ്പര്‍ ബൂത്ത് പ്രസിഡന്റ് കൊല്ലംപറമ്പില്‍ രാധാകൃഷ്ണന്റെ വീട് ആക്രമിച്ച പ്രതികള്‍ പോലീസിന്റെ ഒത്താശയോടെ ബിജെപി പ്രവര്‍ത്തകരെ വെല്ലുവിളിച്ച് നഗരത്തില്‍ വിലസുന്നു. വീടാക്രമണം നടന്നിട്ട് ഏകദേശം ഒരു മാസമായിട്ടും നാളിതുവരെ ചങ്ങനാശേരി പോലീസിന് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ജനുവരി 26ന് അര്‍ദ്ധരാത്രി മാരാകായുധങ്ങളുമായി ബിജെപി നേതാവിന്റെ വീട് സി.പിഎം ഗുണ്ടകള്‍ ആക്രമിക്കുകയായിരുന്നു. അടുത്ത ദിവസം രാവിലെ തന്നെ ചങ്ങനാശേരി എസ്ഐയ്ക്ക് പരാതി നല്കി. എന്തിനും ഏതിനും ഉടന്‍ പരിഹാരം കാണുന്ന എസ്ഐ പ്രതികളെ കൃത്യമായി പറഞ്ഞുകൊടുത്തിട്ടും എന്താണ് അറസ്റ്റ് ചെയ്യാത്തതെന്നാണ് ബിജെപി നേതാക്കള്‍ക്ക് സംശയം. ചങ്ങനാശേരി നഗരസഭയിലെ സിപിഎം കൗണ്‍സിലറുടെ ഗുണ്ടാസംഘത്തില്‍ പ്പെട്ടവരാണ് വീട് ആക്രമിച്ചതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. മാസങ്ങള്‍ക്ക് മുമ്പ് ഇതേ സംഘം ജനറല്‍ ആശുപത്രി അടിച്ചു തകര്‍ത്തിരുന്നു. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും കൊടിമരങ്ങളും കൊടികളും തകര്‍ത്ത കേസ് ഇവരുടെ പേരില്‍ ഇപ്പോഴും ഉണ്ട്. പ്രതികള്‍ പല കാര്യങ്ങള്‍ക്കും പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയിട്ടും പോലീസിന് ഇവരെ തൊടാന്‍ ധൈര്യമില്ല. രാഷ്ട്രീയ എതിരാളികളെ മെയ്ക്കരുത്തുകൊണ്ട് നേരിടുന്ന പഴയകാല കമ്മ്യൂണിസ്റ്റ് തന്ത്രം ഇനി ഇവിടെ നടക്കില്ല എന്നും ഇതിനെതിരെ ശക്തമായ തിരിച്ചടി നല്‍കുമെന്നും ടൗണ്‍ ബി.ജെ.പി പ്രസിഡന്റ് അഡ്വ. സോണി ജേക്കബ് പറഞ്ഞു.
എസ്.ഐയായും സിഐയായും ചങ്ങനാശേരിയില്‍ ജോലി ചെയ്ത് തഴക്കവും പഴക്കവുമുള്ള ഇപ്പോഴത്തെ ഡിവൈഎസ്പി കേസെടുക്കുവാന്‍ ഭയപ്പെടുന്നത് ആരെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്ഐ ആയി ജോലി ചെയ്യുമ്പോള്‍ സിപിഎമ്മിന്റെ ചങ്ങനാശേരി ഓഫീസില്‍ സധൈര്യം കടന്ന് പ്രതികളെ അറസ്റ്റ് ചെയ്ത ചരിത്രമുള്ള ഡിവൈഎസ്പി സിപിഎമ്മിന്റെ ചട്ടുകമായി മാറിയിരിക്കുകയാണന്ന് ബിജെപി നിയോജകമണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി. പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്തില്ലായെങ്കില്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ ഉടന്‍ നടത്തുമെന്ന് ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് എം.പി. കൃഷ്ണകുമാര്‍ പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യാത്ത ചങ്ങനാശേരി പോലീസിനെതിരെ നിയോജകമണ്ഡലം കമ്മറ്റി എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. ബിജെപി നിയോജകമണ്ഡലം ജന: സെക്രട്ടറി പി. സുരേന്ദ്രനാഥ്, പി.പി. ധീരസിംഹന്‍, സി.ആര്. രാധാകൃഷ്ണന്, ഗോപകുമാര്‍ നക്കച്ചാടത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: