മഞ്ചേരി (മലപ്പുറം): നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരി ചിറയ്ക്കല്‍ രാധയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നിലമ്പൂര്‍ ബിജിനയില്‍ ബിജു, ചുള്ളിയോട് കുന്നശ്ശേരി ഷംസുദ്ദീന് എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ബിജു വിവിധ വകുപ്പുകളില്‍ 86,000 രൂപ പിഴയും ഷംസുദ്ദിന് 41,000 രൂപ പിഴയും അടക്കണമെന്ന് മഞ്ചേരി ഒന്നാം അതിവേഗക്കോടതി വ്യക്തമാക്കി.
ഐപിസി 302 വകുപ്പ് പ്രകാരം കൊലപാതക കുറ്റത്തിന് ബിജുവിന് ജീവപര്യന്തവും 50,000 രൂപ പിഴയും ലഭിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷംകൂടി തടവ് അനുഭവിക്കണം. രണ്ടാംപ്രതിക്ക് ജീവപര്യന്തവും 25000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധികം തടവ്. പരിക്കേല്‍പ്പിച്ച് മാനഭംഗപ്പെടുത്തല്‍ കുറ്റത്തിന് ബിജുവിന് 10 വര്‍ഷം കഠിനതടവും 25000 രൂപ പിഴയും ഷംസുദ്ദിന് ഏഴ് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും.
തെളിവ് നശിപ്പിക്കല്‍ കുറ്റത്തിന് ബിജുവിന് മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും ഷംസുദ്ദീന് രണ്ട് വര്‍ഷം തടവും 5000 രൂപ പിഴയും. മൃതദേഹത്തില്‍ നിന്നും മോഷണം നടത്തിയ കുറ്റത്തിന് ഇരുവര്‍ക്കും ഒരു വര്‍ഷം തടവും 1000 രൂപ പിഴയും. അന്യായമായി തടഞ്ഞ് വെക്കല്‍ കുറ്റത്തിന് രണ്ടുപേരും മൂന്ന് മാസം തടവും അനുഭവിക്കണം. തടവ് ശിക്ഷകളെല്ലാം ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായതിനാലും പ്രതികള്‍ സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചവരായതുകൊണ്ടും ഇത്രയും ക്രൂരമായ കൊലപാതകം നടത്തിയതിന്റെ പേരില്‍ പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് വാദിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വ.പി.ജി. മാത്യു, അഡ്വ.പി.വി .ഹരി എന്നിവര്‍ ഹാജരായി. ഒന്നാം പ്രതി ബിജുവിന് വേണ്ടി അഡ്വ.കെ.ആര്. ഷൈനും രണ്ടാംപ്രതി ഷംസുദീന്‍ വേണ്ടി അഡ്വ. കെ.പി.വര്‍ഗ്ഗീസും ഹാജരായി.
പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കാത്തതില്‍ നിരാശയുണ്ടെന്ന് കൊല്ലപ്പെട്ട രാധയുടെ സഹോദരന് ഭാസ്ക്കരന്‍ പറഞ്ഞു.
സമൂഹത്തില്‍ ഉന്നതരും മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗവുമായവര് ചെയ്ത തെറ്റിന് വധശിക്ഷയാണ് നല്കേണ്ടിരുന്നത, ഭാസ്കരന് പറഞ്ഞു.
2014 ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ബിജുവിന്റെ പരസ്ത്രീബന്ധം പുറത്തറിയിക്കുമെന്ന് പറഞ്ഞതിന് രാധയെ കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: