ഹരിപ്പാട്: കെട്ടിട നികുതിയിനത്തില്‍ ചേപ്പാട് ഗ്രാമ പഞ്ചായത്ത് ജനങ്ങളെ കൊള്ളയടിക്കുന്നതായി പരാതി. ആയിരം ചതുരശ്ര അടിയ്ക്ക് താഴെയുള്ള വീടുകള്‍ക്ക് കെട്ടിട നികുതി പിരിക്കാന്‍ പാടില്ലെന്ന 2014ലെ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചു കൊണ്ടാണ് നികുതിയിനത്തില്‍ വന്‍തുക ചെറിയ വീടുകള്‍ക്ക് പോലും ഈടാക്കുന്നത്.
കാല്‍നടയായി ചെല്ലുവാന്‍ പോലും സാധിക്കാത്ത റോഡുകളില്ലാത്ത 50 വര്‍ഷത്തിലധികം പഴക്കമുള്ള തകര്‍ന്ന് വീഴാറായ വീടുകള്‍ക്ക് പോലും യാതൊരു മാനദണ്ഡവും ഇല്ലാതെയാണ് പഞ്ചായത്ത് അധികൃതര്‍ നികുതി കണക്കാക്കുന്നത്. എന്നാല്‍ 25 മുതല്‍ 50 ലക്ഷം രൂപ വരെ മുടക്കി നിര്‍മ്മിക്കുന്ന ആഢംബര വീടുകളുടെ ചിലവ് രണ്ട് ലക്ഷമായി കാണിച്ചു സര്‍ക്കാര്‍ ഖജനാവില്‍ എത്തേണ്ട പണം ചില ഉദ്യോഗസ്ഥരുടെ കൈകളില്‍ എത്തുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
പഞ്ചായത്ത് നിയമാവലിയില്‍ വീടുകളുടെ കരം ഈടാക്കുമ്പോള്‍ അതിന്റെ ഏരിയയും സ്വഭാവവും കണക്കിലെടുത്തെ തുക നിശ്ചയിക്കാവൂ എന്ന് നിബന്ധനയുണ്ട് എന്നാല്‍ ഇതൊന്നും ചേപ്പാട് പഞ്ചായത്തില്‍ ബാധകമാകുന്നില്ല. കെട്ടിട നികുതിയുടെ വന്‍ വര്‍ദ്ധന പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: