കൊച്ചി: നെല്‍വയല്‍ നികത്തല്‍ പ്രശ്നത്തില്‍ കോട്ടയം നീണ്ടൂരിലെ ജെ യെസ് ഫാംസിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. അമേരിക്കയിലെ പ്രവാസി ഭാരതീയനായ ജോയ് ചെമ്മാച്ചലിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം വ്യാപകമായി നെല്‍വയല്‍ നികത്തി റിസോര്‍ട്ടും ഉദ്യാനങ്ങളും റസ്റ്റോറന്റും ജ്യൂസ് പാര്‍ലറുകളും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളും നിര്‍മിച്ചെന്ന പരാതിയിലാണ് ജസ്റ്റിസ് പി. ആര്. രാമചന്ദ്രമേനോന്റെ ഉത്തരവ്. എറണാകുളം നിവാസിയും നീണ്ടൂരില്‍ കര്‍ഷകനുമായ എസ്. കെ. സജീവാണ് ഹര്ജിക്കാരന്. ഒരു മാസത്തിനകം അന്വേഷണം നടത്തി നടപടിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോട്ടയം ജില്ലാ കളക്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
നീണ്ടൂര്‍ പഞ്ചായത്ത് ഓണംതുരുത്ത് വില്ലേജില്‍ നിലവില്‍ നെല്‍കൃഷി നടക്കുന്ന മണ്ണാര്‍മൂല പാടശേഖരത്തിലാണ് നിലം നികത്തലും അതുമായി ബന്ധപ്പെട്ട അഴിമതിയും നടക്കുന്നതെന്ന് ഹര്ജിക്കാരന് ആരോപിച്ചു. പുഞ്ച സ്പെഷ്യല്‍ ആക്ടിന്റെ പരിധിയില്‍ വരുന്നതാണ് ഈ പാടശേഖരം.
പഞ്ചായത്ത് പ്രസിഡന്റ് ജോസ് കുടിലില്‍, പഞ്ചായത്ത് മുന്‍ പ്രസിഡന്റും ജെ യെസ് ഫാംസ് ഉദ്യോഗസ്ഥനുമായ തോമസ് കോട്ടൂര്‍, പഞ്ചായത്തംഗം മുരളി എന്നിവരാണ് നിലംനികത്തലിനുള്ള ഒത്താശ ചെയ്തുകൊടുക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്ക് ഭീഷണി നേരിടേണ്ടിവരുന്നു. നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രസിഡന്റ് കേരള കോണ്‍ഗ്രസ്(എം) നേതാവുമാണ്. ഭരണസ്വാധീനമുപയോഗിച്ച് നീണ്ടൂരില്‍ നിന്ന് തന്നെ നിഷ്കാസനം ചെയ്യുമെന്ന ഭീഷണിയും തനിക്കു നിരന്തരം ലഭിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ തനിക്കു പോലീസ് സംരക്ഷണം അനുവദിക്കണമെന്നും സജീവ് കോടതിയില്‍ അറിയിച്ചു. ജെ യെസ് ഫാംസ് പൊതുഫണ്ട് ദുരുപയോഗം ചെയ്യുന്നതിനെതിരെ വിജിലന്‍സ് കോടതിയേയും സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: