കൊച്ചി: 105 മണിക്കൂറിലധികം തുടര്‍ച്ചയായി പാട്ടുകള്‍പാടി ലോകറെക്കോഡ് സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി ഗിന്നസ് സുധീര്‍ നാളെ അബുദാബിക്ക് പുറപ്പെടുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശി രാജേഷിന്റെ പേരില്‍ ഗിന്നസ് ബുക്കിലുള്ള റെക്കോഡ് തന്റെ പേരിലാക്കുമെന്ന ദൃഢനിശ്ചയത്തിലാണ് സുധീര്‍. ഈമാസം 16നാണ് പ്രകടനം ആരംഭിക്കുക.
പറവൂര്‍ മാച്ചാംതുരുത്ത് നാസര്‍-ഹമീല ദമ്പതികളുടെ മകനായ സുധീറിന് സംഗീതത്തില്‍ കുടുംബപാരമ്പര്യമൊന്നുമില്ല. സംഗീതലോകത്ത് തന്റേതായൊരു മുദ്ര എന്നലക്ഷ്യത്തില്‍ തുടര്‍ച്ചയായി 12ഉം 24ഉം മണിക്കൂറുകള്‍ പാടിയതിന്റെ ആത്മവിശ്വാസമുണ്ട്.
2011ല്‍ തൃശ്ശൂര്‍ ജില്ലയിലെ മാള മഹോത്സവത്തില്‍ തുടര്‍ച്ചയായി 12 മണിക്കൂറുകള്‍ പാടി. 2012 ജനുവരി 1ന് ഒന്നാം മുസിരിസ് ഫെസ്റ്റിനോടനുബന്ധിച്ച് തുടര്‍ച്ചയായി 24 മണിക്കൂറുകള്‍ പാടി അംഗീകാരംനേടി.
മാളയില്‍ 185 പാട്ടുകള്‍ പാടിയപ്പോള്‍ പറവൂരിലത് 385 ആയി. എല്ലാ ഗാനങ്ങളും യേശുദാസ് ആലപിച്ചവയായിരുന്നു. മാളയില്‍ മമ്മൂട്ടിയും പറവൂരില്‍ യേശുദാസും സുധീറിന് ഉപഹാരങ്ങള്നല്കി ആദരിച്ചു. ലോകറെക്കോഡ് യജ്ഞത്തിന് പാടാന്‍ 1500 പാട്ടുകളാണ് തയ്യാറാക്കിയിട്ടുള്ളത്.
ലോകറെക്കോഡ് സൃഷ്ടിക്കാനുള്ള പ്രകടനത്തിനായി വേദിതേടുന്നതായ പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട പറവൂര്‍ തത്തപ്പിള്ളി സ്വദേശിയും അബുദാബി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എവര്‍സേഫ് ഗ്രൂപ്പിന്റെ എംഡിയുമായ എം. കെ. സജീവാണ് സുധീറിനെ അബുദാബിയിലേക്ക് ക്ഷണിച്ചത്.
അബുദാബിയിലെ പ്രവാസി ഇന്ത്യാക്കാരുടെ പ്രമുഖ സംഘടനയായ അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെ സഹകരണത്തോടെയാണ് വേദിയൊരുക്കുന്നത്. തന്റെ വഴി ഇതാണെന്ന് തിരിച്ചറിഞ്ഞ സുധീര്‍ സുഹൃത്തുക്കളേയുംകൂട്ടി ഗാനമേള ട്രൂപ്പുണ്ടാക്കി.
ചെറിയ പരിപാടികളുമായി മുന്നോട്ടുപോയി. സ്വന്തം പരിപാടി ഇല്ലാത്തപ്പോള്‍ മറ്റ് ട്രൂപ്പുകള്‍ക്കുവേണ്ടി പാട്ടുപാടുകയും ചെയ്തു.
പറവൂരില്‍ 24 മണിക്കൂര്‍ തുടര്‍ച്ചയായി പാടിയത് ഗിന്നസ് അധികൃതര്‍ക്കായി വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഈ പ്രകടനം ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തിയില്ല എങ്കിലും പ്രകടനം അംഗീകരിച്ച് ഗിന്നസ് അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്കി.
ഇതോടെ പറവൂര്‍ സുധീര്‍ എന്നപേര് ഗിന്നസ് സുധീര്‍ എന്നും പറവൂര്‍ ബീറ്റ്സ് ട്രൂപ്പിന്റെ പേര് ഗിന്നസ് ബീറ്റ്സ് എന്നുമാക്കി. ഗിന്നസ് ബുക്കില്‍ ഇടംനേടാനുള്ള അബുദാബി യാത്രയില്‍ സഹായികളായി സുജേഷ്, സുരേഷ്, ധനേഷ്, ഡാനി മുസിരിസ്, കെ. കെ. അബ്ദുള്ള (കോ-ഓര്‍ഡിനേറ്റര്‍) എന്നിവരും ഒപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: