മരട്: കൊച്ചി-മധുര ദേശീയപാതയിലെ കുണ്ടന്നൂര്‍ ജംഗ്ഷനില്‍ പാതയിടിഞ്ഞ് വാഹനയാത്രികര്‍ക്കും ബസ് കാത്തുനില്‍ക്കുന്നവര്‍ക്കും അപകടഭീഷണിയായി. കുണ്ടന്നൂര്‍ ജംഗ്ഷന് വടക്കുകിഴക്ക് ഭാഗത്തായി പണിയുന്ന കെട്ടിടത്തിന്റെ വാട്ടര്ടാങ്കിനുേവണ്ടി ദേശീയപാതയോട് ചേര്‍ന്ന് 6 മീറ്ററില്‍ കൂടുതല്‍ ആഴത്തില്‍ കുഴിയെടുത്തതാണ് പാതയിടിയാന് കാരണമായത്.
മൂന്ന് ഭാഗങ്ങളിലായി 5 മീറ്ററോളം നീളത്തില്‍ പാത വിണ്ടുകീറിയനിലയിലാണ്. കൂടാതെ മരടിലേയ്ക്ക് പോകുന്ന ബസ് സ്റ്റോപ്പിന് പുറകുവശം ആഴത്തിലുള്ള കുഴിയിലേക്ക് ബസ് സ്റ്റോപ്പ് ഇടിഞ്ഞുവീഴാനുള്ള സാധ്യതയും നാട്ടുകാരെ ഭീതിയിലാക്കുന്നു.
കുണ്ടന്നൂര്‍ ജംഗ്ഷന്റെ വടക്കുകിഴക്ക് ഭാഗത്തായി പണിയുന്ന ഈ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിലെ അപാകതകള്‍ക്കെതിരെ കുണ്ടന്നൂര്‍ ജംഗ്ഷനിലെ ഓട്ടോ തൊഴിലാളികള്‍ ജില്ലാകളക്ടര്‍ക്കും മരട് നഗരസഭ അധികാരികള്‍ക്കും പരാതി നല്കിയിട്ടുള്ളതാണ്. പരാതി നല്കി ഒരുവര്‍ഷം കഴിഞ്ഞിട്ടും യാതൊരു നടപടികളും ഭരണാധികാരികള്‍ സ്വീകരിച്ചിട്ടില്ല.
മൈനിങ് & ജിയോജളി വകുപ്പിന്റെ അനുമതിയില്ലാതെ എടുത്തിരിക്കുന്ന കുഴിയെക്കുറിച്ചും ബസ് സ്റ്റോപ്പില്‍ ഇരിക്കുന്ന യാത്രികര്‍ക്ക് ഉണ്ടാകാവുന്ന അപകടത്തെക്കുറിച്ചും വീണ്ടും നഗരസഭയ്ക്ക് പരാതി നല്കിയപ്പോള് അടിയന്തരമായി റീടെയ്നിംഗ് വാള് നിര്‍മ്മിക്കാന്‍ നഗരസഭ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഉത്തരവിറങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും റീടെയ്നിംഗ് വാള് നിര്‍മ്മിക്കാതെ കെട്ടിടത്തിന്റെ പണി തുടരുകയായിരുന്നു. മൂന്നിടങ്ങളിലായി 5 മീറ്ററോളം നീളത്തില്‍ പാതയിടിഞ്ഞത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ബഹളം ഉണ്ടാക്കുകയും വിവരം നഗരസഭ അധികാരികളെ അറിയിക്കുകയുമായിരുന്നു.
നഗരസഭ ഭരണാധികാരികളുടെ ഒത്താശയോടെ നടക്കുന്ന അനധികൃത നിര്‍മ്മാണത്തിനെതിരെ ജനരോഷം ഉയര്‍ന്നപ്പോള്‍ ചെയര്‍മാന്റെ അധ്യക്ഷതയില്‍ വൈകിട്ട് 6.30ന് നഗരസഭാ കാര്യാലയത്തില്‍വെച്ച് അടിയന്തരയോഗം വിളിക്കുകയായിരുന്നു.
നഗരസഭ സെക്രട്ടറിയും കൗണ്‍സിലര്‍മാരും സൂപ്രണ്ടും പ്രതിപക്ഷനേതാവും കെട്ടിട ഉടമയും നാട്ടുകാരും പങ്കെടുത്ത യോഗത്തിനുശേഷം സ്റ്റോപ്പ് മെമ്മോ നല്കാന് ഉത്തരവിടുകയായിരുന്നു. കൂടാതെ അടിയന്തരമായി പൂഴിയടിച്ച് അപകടകരമായി എടുത്തിരിക്കുന്ന കുഴി മൂടുവാനും ഉത്തരവിറക്കി. കെട്ടിടനിര്‍മ്മാണത്തിനായി നല്‍കിയിരിക്കുന്ന രേഖകള്‍ മുഴുവന്‍ അടിയന്തരമായി നഗരസഭാ സെക്രട്ടറിക്ക് മുമ്പില്‍ എത്തിക്കാനും ഉത്തരവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: