കൊച്ചി: സിബിഎസ്ഇയുടെ അധ്യാപക പരിശീലന കേന്ദ്രം തുടങ്ങുന്നതിനായി നഗരസിരാകേന്ദ്രമായ മണപ്പാട്ടിപ്പറമ്പില്‍ രണ്ടര ഏക്കര്‍ ഭൂമി വിട്ടു നല്‍കാനുള്ള ജിസിഡിഎയുടെ നീക്കം പിന്‍വലിക്കണമെന്ന് ഗ്രേറ്റര്‍ കൊച്ചിന് ഡെവലപ്മെന്റ് വാച്ച് ആവശ്യപ്പെട്ടു.
നഗരത്തില്‍ നിന്നും വിട്ടുമാറി ധാരളം ഭൂമി ജിസിഡിഎയുടെ ഉടമസ്ഥതയില്‍ ഉണ്ടായിട്ടും നഗരമധ്യത്തില്‍ പൊതു ആവശ്യങ്ങള്‍ക്കായി ശേഷിക്കുന്ന രണ്ട് സ്ഥലങ്ങളിലൊന്നായ മണപ്പാട്ടിപ്പറമ്പ് വിട്ടു നല്‍കാനുള്ള തീരുമാനം അപലപനീയമാണ്.
വിദ്യാഭ്യാസ പരിശീലന കേന്ദ്രം നഗരമധ്യത്തില്‍ തന്നെ വേണമെന്ന തീരുമാനം ബാലിശമാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പരിശിലന കേന്ദ്രത്തിലേക്കെത്തിച്ചേരാനുള്ളവര്ക്ക് കൂടുതല്‍ സൗകര്യം ആലുവ പോലുള്ള എല്ലാവിധ യാത്രസൗകര്യങ്ങളും ലഭ്യമാകുന്ന പ്രദേശമാണ്. കുറഞ്ഞവിലയ്ക്ക് ഇവിടങ്ങളില്‍ ഭൂമി കിട്ടാനിരിക്കെ മണപ്പാട്ടിപ്പറമ്പ് ഇതിനായി ലക്ഷ്യം വയ്ക്കുന്നത് ദുരൂഹമാണ്. കൊച്ചി നഗരത്തോട് ചേര്‍ന്നുതന്നെ ഭൂമി വേണമെന്ന അനാവശ്യ നിര്‍ബന്ധം സിബിഎസ്ഇ പ്രകടിപ്പിക്കുകയാണെങ്കില്‍ കണ്ടെയ്നര്‍ റോഡിലും മറ്റുമായി ഭൂമി കിട്ടാനുണ്ട്.
ഇത് വേണമെങ്കില്‍ പരിഗണിക്കാവുന്നതാണ്. ഇതെല്ലാം ഒഴിവാക്കി നഗരത്തിലുള്ള ശേഷിക്കുന്ന പൊതുസ്ഥലങ്ങള്‍ പോലും ഇല്ലാതാക്കുവാനുള്ള ശ്രമം ഒഴിവാക്കുവാന്‍ ജിസിഡിഎ തയ്യാറാകണമെന്ന് ഗ്രേറ്റര്‍ കൊച്ചിന് ഡെവലപ്മെന്റ് വാച്ച് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: