ഈരാറ്റുപേട്ട: ഓട്ടത്തിനിടെ കെ.എസ്.ആര്.ടി.സി. ബസിന്റെ റേഡിയേറ്റര്‍ തകര്‍ന്ന് വെള്ളം തെറിച്ചുവീണ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ പി.സി ജോസഫിനാണ് പരുക്കേറ്റത്. ജോസഫിനെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ട് നാലരയോടെ ഈരാറ്റുപേട്ട പാതാമ്പുഴ മുണ്ടക്കയം റൂട്ടില്‍ ചോലത്തടത്തിനു സമീപമെത്തിയപ്പോളാണ് അപകടം. ഈരാറ്റുപേട്ട ഡിപ്പോയിലെ ടിപി 307 നമ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ റേഡിയേറ്ററിന്റെ മുകള്‍വശം തകര്‍ന്ന് തിളച്ച വെള്ളം ദേഹത്ത് പതിക്കുകയായിരുന്നു. സാരമായ പൊള്ളലേറ്റെങ്കിലും വാഹനം സുരക്ഷിതമായി നിര്‍ത്തിയതിനു ശേഷമാണ് ജോസഫ് വാഹനത്തില്‍ നിന്നിറങ്ങിയത്. തുടര്‍ന്ന് തളര്‍ന്നുവീണ ജോസഫിനെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: