പാലാ: വന്‍തോതില്‍ ഭക്ഷണം തയ്യാറാക്കുന്ന പചകശാലയില്നിന്നും പുറന്തള്ളുന്ന മാലിന്യം സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആക്ഷേപം. മീനച്ചില്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ വിളക്കുംമരുത് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന പാചകപ്പുരയില്‍നിന്നും പുറംതള്ളുന്ന മാലിന്യം സമീപവാസികളുടെ ശുദ്ധജല കിണര്‍ മലിനമാക്കുകയും ദുര്‍ഗ്ഗന്ധവും ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കുന്നു എന്നാണ് ആക്ഷേപം. മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍നിന്ന് കാറ്ററിംഗ് സ്ഥാപനത്തിനെതിരായ റിപ്പോര്‍ട്ടുണ്ടായിട്ടും സ്ഥാപനത്തിന് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുകയാണെന്നും ഇതില്‍ പ്രതിഷേധിച്ച് സമീപവാസികള്‍ അടുത്തദിവസം പഞ്ചായത്ത് ഓഫീസിനു മുന്നില്‍ സത്യാഗ്രഹമനുഷ്ഠിക്കുമെന്നും സ്ഥലവാസികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇവിടെനിന്നുള്ള മലിനജലം സമീപത്തെ തോട്ടിലേക്ക് ഒഴുക്കുകയാണെന്നും ഇത്ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി, ആരോഗ്യവകുപ്പ്, പാലാ ആര്‍ഡിഒ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
എന്നാല്‍ പരാതിക്കിടയാക്കിയ സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതി താത്ക്കാലികമായി നിരോധിച്ചിട്ടുള്ളതായും ബന്ധപ്പെട്ട വകുപ്പുകളില്‍നിന്നുള്ള അനുകൂല സമ്മതമുണ്ടെങ്കില്‍ മാത്രമെ പ്രവര്‍ത്തനാനുമതി പുതുക്കിനല്കുകയുള്ളുവെന്നും മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസാദ് കൊണ്ടുപ്പറമ്പില്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ആന്റണി ജോസഫ് നെല്ലാലപൈകയില്, പി.ജെ. ജോണ്‍, ജോസുകുട്ടി പുത്തന്‍പുരയില്‍, ജോണ്‍ മത്തായി പൂവത്താനിയില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: