ശ്രീകൃഷ്ണ പരമാത്മാവിനെ ശരിയായി ഉള്‍ക്കൊണ്ട ഒരു വ്യക്തിക്ക് അദ്ദേഹത്തിന്റെ പ്രവൃത്തികളെക്കുറിച്ചു യാതൊരു സംശയവും തോന്നുകയില്ല. അവിടുത്തെ ജീവിതം ഇതുവരെയുള്ള കാലങ്ങളില്‍ മാത്രമല്ല, ഇനി വരാന്‍പോകുന്ന കാലങ്ങളിലും ജനങ്ങള്‍ക്കു മാതൃകയായിരിക്കും. സര്‍വതിനും മീതെ കുടപിടിച്ചു നില്‍ക്കുന്നതാണ് അവിടുത്തെ ജീവിതം. ഏതു തുറയിലുള്ള വ്യക്തിക്കും ജീവിതത്തില്‍ ആവേശവും ആനന്ദവും ആര്‍ജ്ജിക്കുവാന്‍ തക്കവണ്ണമുള്ളതാണ് അവിടുത്തെ ചരിത്രം.
ഒരു ഹോട്ടലില്‍ ഒരേതരം ഭക്ഷണം മാത്രമേയുള്ളൂ എങ്കില്‍, അതുമാത്രം ഇഷ്ടപ്പെടുന്നവരെ മാത്രമേ അവിടേക്ക് ആകര്‍ഷിക്കുവാന്‍ കഴിയുകയുള്ളൂ. എന്നാല്‍ പലതരം വിഭവങ്ങള്‍ ഉണ്ടെങ്കില്‍, എല്ലാ തരത്തില്‍പ്പെട്ടവര്‍ക്കും അവിടം ഇഷ്ടമാകും. ഓരോരുത്തര്‍ക്കും വേണ്ടത് അവിടെയുണ്ട്. ഇതുപോലെ ഭഗവാന്‍ എല്ലാ സംസ്‌കാരത്തില്‍പ്പെട്ടവരെയും ഉദ്ധരിക്കുവാന്‍വേണ്ടി വന്ന ആളാണ്.
ഓരോരുത്തര്‍ക്കും വേണ്ട മാര്‍ഗ്ഗമാണ് അവിടുന്നു നല്‍കിയിട്ടുള്ളത്. ഏതെങ്കിലും ഒരു വിഭാഗത്തിനുവേണ്ടി മാത്രം വന്ന ആളല്ല ഭഗവാന്‍. കൊലപാതികള്‍ക്കും വേശ്യകള്‍ക്കും കൊള്ളക്കാര്‍ക്കും എന്നു വേണ്ട, സര്‍വര്‍ക്കും ആത്മതലത്തിലേക്ക് ഉയരുവാന്‍ വേണ്ട മാര്‍ഗ്ഗം അവിടുന്നു കാട്ടിത്തന്നിട്ടുണ്ട്. സ്വന്തം ധര്‍മ്മം അനുഷ്ഠിക്കുവാനുള്ള പ്രേരണയാണ് ഭഗവാനില്‍നിന്നു ലഭിക്കുന്നത്. എന്നാല്‍, ഇതു തെറ്റു ചെയ്യുവാനോ തെറ്റ് ആവര്‍ത്തിക്കുവാനോ ഉള്ള ആഹ്വാനമല്ല.
തന്റെ ശരിയായ ധര്‍മ്മം ഏതെന്നറിഞ്ഞ് അതില്‍ ഉറച്ചുനിന്ന്, ജീവിതത്തില്‍ മുന്നേറി, ലക്ഷ്യത്തിലെത്തുവാനാണ് അവിടുന്നു പറയുന്നത്. തെറ്റു ചെയ്തുപോയിട്ടുണ്ടെങ്കില്‍ അതിനെ ഓര്‍ത്തിരുന്നു വിലപിച്ചു സമയം നഷ്ടമാക്കുക എന്നത് അവിടുത്തെ മാര്‍ഗ്ഗമല്ല. തെറ്റുതിരുത്തി മുന്നേറുകയാണ് വേണ്ടത്.
പശ്ചാത്താപത്തില്‍നിന്നും ഊറിവരുന്ന കണ്ണുനീരിന് കഴുകി കളയുവാനാവാത്ത പാപങ്ങളില്ല. എന്നാല്‍ ശരിയേതെന്നറിഞ്ഞുകഴിഞ്ഞു, തെറ്റാവര്‍ത്തിക്കുവാന്‍ പാടില്ല. ശരിയായ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുവാന്‍ വേണ്ട ശക്തി മനസ്സിനു പകരണം. അതിനുള്ള മാര്‍ഗ്ഗമാണ് അവിടുന്നു ഉപദേശിക്കുന്നത്.
















